അന്യഗ്രഹ ജീവനെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (എഐ) തെറ്റുപറ്റാമെന്ന് പുതിയ പഠനം. മിഷിഗൺ സ്റ്റേറ്റ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, ജീവനില്ലാത്ത വസ്തുക്കളെപ്പോലും ജീവനുള്ളതായി എഐ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി

ന്യഗ്രഹ ജീവനെ കണ്ടെത്താനുള്ള അന്വേഷണങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) നിർണായക പങ്ക് വഹിക്കുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ എഐയ്ക്ക് ജീവൻ ഇല്ലാത്ത വസ്‍തുക്കളെപ്പോലും ജീവൻ ഉള്ളതായി തെറ്റിദ്ധരിച്ചേക്കുമെന്ന് പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നു.

മിഷിഗൺ സ്റ്റേറ്റ് സർവകലാശാലയിലെ ഗവേഷകരായ ക്രിസ്റ്റോഫ് അഡാമിയും അങ്കിത് ഗുപ്‍തയും നടത്തിയ പഠനത്തിലാണ് എഐയുടെ ഈ പരിമിതി ചൂണ്ടിക്കാട്ടുന്നത്. ഭൂമിയിലെ ജീവജാലങ്ങളിൽ നിന്ന് ഏറെ വ്യത്യസ്‍തമായ രൂപത്തിലുള്ള അന്യഗ്രഹ ജീവനെ കണ്ടെത്തുമ്പോൾ എഐ തെറ്റായ നിഗമനങ്ങളിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

പരിണാമവും ജീവശാസ്ത്രവും പഠിക്കാൻ വിവര സിദ്ധാന്തം ഉപയോഗിക്കുന്ന ഗവേഷകനാണ് കമ്പ്യൂട്ടേഷണൽ ബയോളജിസ്റ്റായ ക്രിസ്റ്റോഫ് അഡാമി. ജീവൻ എന്നത് വിവരങ്ങൾ സൂക്ഷിക്കാനും പകർത്താനും കഴിയുന്ന ഒരു സംവിധാനമാണെന്ന ആശയത്തിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹം 1993ൽ ‘അവിഡ’ എന്ന കമ്പ്യൂട്ടർ പ്രോഗ്രാം വികസിപ്പിച്ചത്. ഈ സംവിധാനത്തിൽ ഡിജിറ്റൽ ജീവികൾ കോഡുകളുടെ രൂപത്തിൽ പ്രവർത്തിക്കുകയും സ്വയം പകർത്തുകയും വിഭവങ്ങൾക്കായി മത്സരിക്കുകയും ചെയ്യുന്നു. യഥാർഥ ജീവികളുടെ പരിണാമവുമായി സാമ്യമുള്ള ഈ ഡിജിറ്റൽ ജീവികളെ ഉപയോഗിച്ചാണ് ഗവേഷകർ എഐയുടെ കഴിവ് പരിശോധിച്ചത്.

ആയിരം സമാന്തര കമ്പ്യൂട്ടറുകളിൽ മൂന്ന് മാസം നടത്തിയ പരിശോധനയിൽ, അവിഡയിലെ ഏതൊക്കെ പ്രോഗ്രാമുകൾക്ക് ജീവന്‍റെ സവിശേഷതകൾ ഉണ്ടെന്നും ഏതൊക്കെ ജീവൻ ഇല്ലാത്തവയാണെന്നും തിരിച്ചറിയാൻ എഐയെ പരിശീലിപ്പിച്ചു. ജീവനുള്ളതും ജീവനില്ലാത്ത കോഡുകളും തമ്മിൽ വലിയ വ്യത്യാസമില്ലാത്തതിനാൽ, ഭൂമിക്ക് പുറത്തുള്ള ജീവനെ കണ്ടെത്തുമ്പോൾ നേരിടാവുന്ന വെല്ലുവിളികൾ മനസിലാക്കാനാണ് ഈ പരീക്ഷണം നടത്തിയത്.

പരിശോധനയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയതിലൂടെ ജീവൻ ഇല്ലാത്ത പ്രോഗ്രാമുകളെ പോലും എഐക്ക് ജീവൻ ഉള്ളവയായി വിശ്വസിപ്പിക്കാൻ ഗവേഷകർക്ക് കഴിഞ്ഞു. ഏകദേശം 15 മാറ്റങ്ങൾ വരുത്തിയപ്പോൾ, യഥാർഥത്തിൽ ജീവൻ ഇല്ലാത്ത ഒരു പ്രോഗ്രാമിനെ 100 ശതമാനം ആത്മവിശ്വാസത്തോടെ ജീവൻ ഉള്ളതായി എഐ തിരിച്ചറിഞ്ഞതായി അഡാമി പറഞ്ഞു.

എഐയുടെ ഈ പ്രശ്‍നത്തിന് കാരണം പരിശീലന വിവരങ്ങളാണ്. ഒരു പ്രത്യേക തരത്തിലുള്ള വിവരങ്ങളിൽ പരിശീലനം ലഭിച്ച എഐയ്ക്ക് അതിൽ നിന്ന് വ്യത്യസ്‍തമായ വിവരങ്ങളെ ശരിയായി വിലയിരുത്താൻ ബുദ്ധിമുട്ടുണ്ടാകും. ഉദാഹരണത്തിന്, ആപ്പിളിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് പരിശീലിപ്പിച്ച എഐയ്ക്ക് വാഴപ്പഴത്തെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകുന്നതുപോലെയാണ് ഇത്. അന്യഗ്രഹ ജീവന്റെ രൂപം ഭൂമിയിലെ ജീവികളിൽ നിന്ന് പൂർണമായും വ്യത്യസ്‍തമായിരിക്കാം. അതിനാൽ എഐക്ക് അതിനെ ശരിയായി തിരിച്ചറിയാൻ ആവശ്യമായ മുൻപരിചയം ഉണ്ടാകണമെന്നില്ലെന്ന് ഗവേഷകർ പറയുന്നു.

ചൊവ്വയിലെ ദൗത്യങ്ങൾ, ശുക്രന്റെ അന്തരീക്ഷ പഠനം, യൂറോപ്പയുടെ സമുദ്രത്തിലെ ജീവൻ കണ്ടെത്തൽ തുടങ്ങിയ ഭാവി പദ്ധതികളിൽ എഐ ഉപയോഗിക്കാനാണ് ശാസ്ത്രലോകത്തിന്റെ ശ്രമം. എന്നാൽ എഐയുടെ കണ്ടെത്തലുകൾ മനുഷ്യരുടെ പരമ്പരാഗത ശാസ്ത്രീയ പരിശോധനകളിലൂടെ സ്ഥിരീകരിക്കേണ്ടത് അനിവാര്യമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

യഥാർഥ ലോകത്തിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് കൂടുതൽ പരീക്ഷണങ്ങൾ നടത്തുകയാണ് അടുത്ത ഘട്ടമെന്ന് അഡാമി വ്യക്തമാക്കി. 2026 ഓഗസ്റ്റിൽ കാനഡയിലെ വാട്ടർലൂവിൽ നടക്കുന്ന കൃത്രിമ ജീവശാസ്ത്ര സമ്മേളനത്തിൽ ഗവേഷകർ തങ്ങളുടെ കണ്ടെത്തലുകൾ അവതരിപ്പിക്കും.