ദില്ലി: അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ കുടിശ്ശിക അടിക്കണം എന്ന ഒക്ടോബര്‍ 24ലെ സുപ്രീംകോടതി വിധിക്കെതിരെ എയര്‍ടെല്‍,വോഡഫോണ്‍ ഐഡിയ, ടാറ്റ ടെലിസര്‍വീസ് എന്നിവര്‍ നല്‍കിയ  പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. ഈ കമ്പനികള്‍ എല്ലാം ചേര്‍ന്ന് 1.02 ലക്ഷം കോടി രൂപയാണ് കുടിശ്ശിക നല്‍കാനുള്ളത്. ഇതില്‍ എയര്‍ടെല്‍, ഐഡിയ വോഡഫോണ്‍ എന്നിവരുടെ കുടിശ്ശിക മാത്രം 92,000 കോടിയോളം വരും. 

വിധിക്കെതിരെ കഴിഞ്ഞ നവംബറിലാണ് ടെലികോം കമ്പനികള്‍ പുന:പരിശോധന ഹര്‍ജി നല്‍കിയത്. ഇത് പ്രകാരം സുപ്രീംകോടതി വിധി പൂര്‍ണ്ണമായും പുന:പരിശോധിക്കാതെ തുക അടക്കാനുള്ള തീയതി നീട്ടി നല്‍കുന്നതടക്കമുള്ള ചില കാര്യങ്ങള്‍ ഉന്നിയിക്കുന്നതായിരുന്നു  ടെലികോം കമ്പനികളുടെ ഹര്‍ജികള്‍. തുറന്ന കോടതിയില്‍ ഹര്‍ജി കേള്‍ക്കണം എന്നും ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം നേരത്തെ കോടതി തള്ളി. ഒടുവില്‍ ജഡ്ജിമാരുടെ ചേംബറില്‍ ഹര്‍ജി പരിഗണിച്ച അരുണ്‍ മിശ്ര, എസ്എ അബ്ദുള്‍ നാസീര്‍, എംആര്‍ ഷാ എന്നീ ജസ്റ്റിസുമാര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളി. 

Read More: ഡാറ്റ, കോള്‍ നിരക്കുകള്‍ വീണ്ടും ഉയര്‍ന്നേക്കും: നിര്‍ണ്ണായക സൂചനയുമായി ട്രായി

മൂന്ന് ടെലികോം കമ്പനികളും പ്രത്യേകം ഹര്‍ജികളാണ് സമര്‍പ്പിച്ചിരുന്നത്. ഇതില്‍ കുടിശ്ശിക അടയ്ക്കാനുള്ള തീയതി നീട്ടി നല്‍കുന്നതിനും, ഇപ്പോള്‍ ഏര്‍പ്പെടുത്തിയ കുടിശ്ശിക പുന:പരിശോധിക്കണം എന്നുമാണ് ഇവര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍.  എജിആറില്‍ ഉള്‍പ്പെട്ട പലഘടകങ്ങളെയും കമ്പനികള്‍ ഹര്‍ജിയില്‍ ചോദ്യം ചെയ്തു. എന്നാല്‍ വീണ്ടും വിശദമായ വാദം അനുവദിക്കാതെ സുപ്രീംകോടതി ബെഞ്ച് വിധി തള്ളിക്കളഞ്ഞു.

വോഡഫോണ്‍ ഐഡിയ എയര്‍ടെല്‍ കമ്പനിക്കാണ് പുതിയ എജിആര്‍ കുടിശ്ശിക അടയ്ക്കാനുള്ള വിധി ഏറ്റവും കൂടുതല്‍ ബാധിക്കുക എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ തങ്ങളുടെ മൊബൈല്‍ സേവനം എയര്‍ടെല്ലിന് കൈമാറിയ ടാറ്റ ടെലികോം 13,826 കോടി സര്‍ക്കാറിലേക്ക് അടയ്ക്കണം. അതേ സമയം ഈ തുക അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 23ആണ്. മൊത്തത്തില്‍ രാജ്യത്തെ 15 ഓളം കമ്പനികള്‍ സര്‍ക്കാറിലേക്ക് ഒരാഴ്ചയ്ക്കുള്ളില്‍ അടയ്ക്കേണ്ടി വരുന്ന തുക 1.47 ലക്ഷം കോടി രൂപയാണ്.

ഇനി സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കുകയാണ് ടെലികോം കമ്പനികള്‍ക്ക് മുന്നില്‍ അവശേഷിക്കുന്ന മാര്‍ഗം എന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഞ്ച് ജഡ്ജുമാരുടെ മുന്നിലാണ് ഈ ഹര്‍ജി പരിഗണിക്കപ്പെടുകയെങ്കിലും മുന്‍ബെഞ്ചിന്‍റെ തീരുമാനത്തില്‍ നിന്നും വലിയ മാറ്റം സംഭവിക്കുന്നത് അപൂര്‍വ്വമായ കാര്യമാണെന്നും നിയമവൃത്തങ്ങള്‍ പറയുന്നു.

Read more : ടെലികോം കമ്പനികള്‍ക്ക് ആശ്വാസം; ഉപയോക്താക്കള്‍ക്ക് ആശ്വസിക്കാനാവില്ല.!

അതേ സമയം കോടതി വിധിക്ക് പിന്നാലെ ഡിസംബര്‍ ആദ്യം ടെലികോം കമ്പനികള്‍ തങ്ങളുടെ താരീഫ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. സുപ്രീംകോടതി തീരുമാനപ്രകാരം ഭീമമായ തുക ടെലികോം കമ്പനികള്‍ അടയ്ക്കേണ്ടി വന്നാല്‍ രാജ്യത്തെ ഉപയോക്താക്കളുടെ നട്ടെല്ല് തകര്‍ക്കുന്ന ചാര്‍ജ് വര്‍ദ്ധനവ് പിന്നാലെ ഉണ്ടാകും എന്നാണ് ടെലികോം മേഖലയില്‍ നിന്നും ലഭിക്കുന്ന സൂചന.