ലോകത്താദ്യമായി സ്റ്റാൻഡേർഡ് സ്‍മാർട്ട്‌ഫോണിലൂടെ സാറ്റ്‌ലൈറ്റ് വീഡിയോ കോള്‍; ചരിത്രമെഴുതി വോഡാഫോണ്‍
വിദൂര ലൊക്കേഷനിൽ നിന്നാണ് ഈ വീഡിയോ കോൾ നടത്തിയതെന്നും യൂറോപ്പിലുടനീളം ഈ പ്രത്യേക സാങ്കേതികവിദ്യ ലഭ്യമാകുമെന്നും വോഡാഫോൺ

ലോകത്ത് ആദ്യമായി ഒരു സ്റ്റാൻഡേർഡ് സ്‍മാർട്ട്‌ഫോണിലൂടെ സാറ്റ്‌ലൈറ്റ് വഴി വീഡിയോ കോളിംഗ് നടത്തിയതായി ടെലികോം കമ്പനിയായ വോഡാഫോൺ. വിദൂര ലൊക്കേഷനിൽ നിന്നാണ് ഈ വീഡിയോ കോൾ നടത്തിയതെന്നും യൂറോപ്പിലുടനീളം ഈ പ്രത്യേക സാങ്കേതികവിദ്യ ലഭ്യമാകുമെന്നും വോഡാഫോൺ അവകാശപ്പെടുന്നു. ഈ സാങ്കേതികവിദ്യയുടെ പ്രയോജനം ഈ വർഷം അവസാനമോ അടുത്ത വർഷമോ ലഭിക്കും.
യൂറോപ്യൻ മൊബൈൽ ഓപ്പറേറ്ററായ വോഡഫോണിന്‍റെ സിഇഒ മാർഗരിറ്റ ഡെല്ല വാലെ ഒരു കമ്പനി എഞ്ചിനീയറുമായി തിങ്കളാഴ്ച ഒരു വീഡിയോ കോൾ ചെയ്തു. നെറ്റ്‌വർക്ക് സിഗ്നൽ ഇല്ലാത്ത പ്രദേശത്തെ വെൽസ് മൗണ്ടഡ് റേഞ്ചിലുണ്ടായിരുന്ന കമ്പനി എഞ്ചിനീയർ റോവൻ ചെസ്‌മറാണ് സിഇഒയെ വിളിച്ചത്. പ്രത്യേക സാറ്റലൈറ്റ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ആയിരുന്നു ഈ വീഡിയോ കോൾ നടത്തിയത്.
ബുധനാഴ്ച ഒരു അഭിമുഖത്തിലാണ് വോഡാഫോൺ സിഇഒ ഈ വീഡിയോ കോളിനെക്കുറിച്ച് പറഞ്ഞത്. "ഒരു സാധാരണ ഉപകരണത്തിൽ ഉപയോക്താക്കൾക്ക് പൂർണ്ണമായ മൊബൈൽ അനുഭവം നൽകുന്നതിന് മാത്രമാണ് ഞങ്ങൾ സാറ്റലൈറ്റ് സേവനം ഉപയോഗിക്കുന്നത്. ഉപഗ്രഹ സേവനത്തിലൂടെ ഉപയോക്താക്കൾക്ക് വീഡിയോ ഡാറ്റയിലേക്ക് ടെക്സ്റ്റ് കൈമാറാൻ കഴിയുമെന്ന് കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അതിനാലാണ് ഞങ്ങൾ പൂർണ്ണ വീഡിയോ കോൾ ചെയ്തത്"- വോഡഫോൺ സിഇഒ മാർഗരിറ്റ ഡെല്ല വാലെ പറഞ്ഞു. ഈ സേവനം എത്രയും വേഗം ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് തങ്ങളുടെ ശ്രമമെന്നും മാർഗരിറ്റ ഡെല്ല വാലെ വ്യക്തമാക്കി.
പ്രത്യേക സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നതിനായി, ലോ-എർത്ത് ഓർബിറ്റിൽ നിലവിലുള്ള അഞ്ച് ബ്ലൂബേർഡ് ഉപഗ്രഹങ്ങൾ വോഡഫോൺ ഉപയോഗിക്കുന്നു എന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഈ ഉപഗ്രഹങ്ങളുടെ സഹായത്തോടെ സാധാരണ സ്മാർട്ട്ഫോണുകളിൽ ഉപയോക്താക്കൾക്ക് 120Mbps വരെ വേഗത ലഭിക്കും.
അതേസമയം നെറ്റ്‌വർക്ക് കവറേജിലെ പ്രശ്‌നങ്ങൾ മറികടക്കാൻ വോഡഫോൺ ഉൾപ്പെടെ പല ടെലികോം കമ്പനികളും ഇപ്പോൾ സാറ്റ്‌ലൈറ്റ് സേവനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും പുതിയ മുൻനിര, പ്രീമിയം സ്മാർട്ട്ഫോണുകളിൽ ഉപഗ്രഹ കണക്റ്റിവിറ്റി ഓപ്ഷനും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. സാംസങിന്‍റെ ഏറ്റവും പുതിയ ഗാലക്‌സി എസ് 25 അൾട്രാ, ഐഫോൺ ലൈനപ്പുകൾക്കും ഉപഗ്രഹവുമായി ബന്ധിപ്പിക്കാൻ കഴിയും.
Read more: ഡീപ്‌സീക്കിന് ചൈനയില്‍ നിന്നുതന്നെ എതിരാളി; ആലിബാബ എഐ ചാറ്റ്‌ബോട്ട് പുറത്തിറക്കി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
