ഫ്ലോറിഡ: അമേരിക്കയിലെ അലാബാമയിലും മിസ്സൗറിയിലും ഈയടുത്താണ് ഗര്‍ഭച്ഛിദ്ര നിരോധന നിയമം പാസാക്കിയത്. സ്ത്രീകളെ അപമാനിക്കുന്നതും സ്ത്രീ സ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറുന്നതുമായ ബില്ലാണിതെന്ന് പലരും വിമര്‍ശനമുന്നയിച്ചിരുന്നു. മിസിസിപ്പി, കെന്‍റക്കി,ജോര്‍ജ്ജിയ,ഒഹിയോ തുടങ്ങിയ സ്ഥലങ്ങളിലും ഗര്‍ഭച്ഛിദ്ര നിരോധിച്ചിട്ടുണ്ട്.

എന്നാല്‍ വെറും ആറുമാസത്തിനുള്ളില്‍ അമേരിക്കയില്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത് 21,000 സ്ത്രീകളെന്ന് കണക്കുകള്‍ പറയുന്നു. യൂറോപ്യന്‍ ഓര്‍ഗനൈസേഷനായ എയ്ഡ് ആക്സസാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.  ഒക്ടോബര്‍ 2018 നും മാര്‍ച്ച് 2019 നും ഇടയിലാണ് 21000 സ്ത്രീകള്‍ ഗുളികകള്‍ ഓര്‍ഡര്‍ ചെയ്തത്. എയ്ഡ് ആക്സിസിന്‍റെ സ്ഥാപകയായ റെബേക്ക ഗോംപേര്‍ട്ട്സ് 2006 മുതല്‍ ഗര്‍ഭച്ഛിദ്രം നിരോധിച്ച രാജ്യങ്ങളിലുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രം  നടത്താന്‍ ഓണ്‍ലൈനായി കണ്‍സള്‍ട്ടേഷന്‍  നല്‍കുന്നുണ്ട്.

 ഓണ്‍ലൈനായി ഗുളികകള്‍ കൈപ്പറ്റിയവരില്‍ ഭൂരിഭാഗവും ആവശ്യമായ മെഡിക്കല്‍ സഹായങ്ങള്‍ പ്രാദേശികമായി ലഭിക്കാത്തതില്‍ നിരാശയുള്ളവരാണ്. കൂടാതെ ഗര്‍ഭം അവസാനിപ്പിക്കുന്നതിനായി ഏതറ്റം വരെയുള്ള നടപടികളും സ്വീകരിക്കാന്‍ ചില സ്ത്രീകള്‍ തയ്യാറുമായിരുന്നു. ഗര്‍ഭച്ഛിദ്രം നടത്താന്‍ സ്ത്രീകള്‍ക്ക് സാധ്യമായില്ലെങ്കില്‍ ഗര്‍ഭം അലസിപ്പിക്കാനായി അവര്‍ ഏതറ്റം വരെയുംപോകുമെന്ന് റെബേക്ക പറയുന്നു.