"ഞാനൊരു കുഞ്ഞാവയാണ്" എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് തന്റെ ഇരുപത്തിരണ്ടാം വയസ്സിലും ജീവിതം ആഘോഷമാക്കുകയാണ് അമേരിക്കയിലെ ലൂസിയാന സ്വദേശി ലെക്സി. അവൾ അവകാശപ്പെടുന്നത് താൻ രണ്ടു വയസ്സുമാത്രം പ്രായമുള്ള ഇള്ളക്കുട്ടിയാണ്. ലോകമെമ്പാടും കൊവിഡ് ലോക്ക് ഡൌൺ കാരണം പുറത്തിറങ്ങാനാവാതെ സങ്കടപ്പെട്ടപ്പോൾ ലെക്സി ആഹ്ലാദം കൊണ്ട് തുള്ളിച്ചാടുകയാണ് ഉണ്ടായത്. കാരണം, അവൾ അല്ലെങ്കിൽ തന്നെ തന്റെ ജീവിതം നയിച്ചിരുന്നത് വീടുവിട്ട് പുറത്തിറങ്ങാൻ മടിയുള്ള ഒരു കുഞ്ഞാവയായിട്ടാണ്. ഇരുപത്തിരണ്ടുകാരിയുടെ ശരീരത്തിൽ കുടുങ്ങിക്കിടക്കുന്ന ഒരു രണ്ടുവയസ്സുകാരിയാണ് താനെന്നാണ് ലെക്സി അവകാശപ്പെടുന്നത്.

നൂറോളം പാവക്കുട്ടികളുണ്ട് ലെക്സിക്ക്. കിടക്കയിൽ തന്റെ മിക്കി മൗസിനെയും, ഡോറയെയും, ആനക്കുട്ടിയെയും, സിമ്പയെയും ഒക്കെ കൊണ്ടിട്ട് അതിനിടയിലാണ് അവൾ ഉറങ്ങാറുള്ളത്. വായിൽ കൊച്ചുകുഞ്ഞുങ്ങൾക്ക് വെച്ചുകൊടുക്കുന്ന റബ്ബർ നിപ്പിൾ വെച്ചുകൊടുത്താൽ അതും ചപ്പിച്ചപ്പി അവൾ കിടന്നുറങ്ങും. പകൽ നേരത്ത് ലെക്സി കാർട്ടൂൺ കാണും, ഉറക്കം വരുമ്പോഴൊക്കെ കിടന്നുറങ്ങും. ഉറങ്ങി എണീറ്റ് ഒന്ന് കരഞ്ഞാൽ മതി അപ്പോൾ അവളുടെ വായിൽ  ഫീഡിങ് ബോട്ടിലിൽ പാലെത്തും. അത് കുടിച്ച് വീണ്ടും കിടന്നുറങ്ങുന്നതിനിടെ അറിയാതെങ്ങാനും മൂത്രമൊഴിച്ചാലോ എന്നുകരുതി സാനിറ്ററി നാപ്കിനൊക്കെ കെട്ടിയാണ് ലെക്സി കിടന്നുറങ്ങുന്നത്. 

 

 

ഇങ്ങനെ ഒക്കെ ജീവിക്കാൻ ലെക്സിയെ ആര് വിടുന്നു? അവളെ മൂന്നുനേരം തീറ്റിപ്പോറ്റുന്നത് ആരാണ് എന്നാവും.... അതൊക്കെ യഥാസമയം ചെയ്തുകൊടുക്കാൻ അവൾക്ക് ഒരു ബോയ്ഫ്രണ്ട് ഉണ്ട്. അവനെ അവൾ വിളിക്കുന്നത് 'ഡാഡി' എന്നാണ്. ഇല്ല, അവർ തമ്മിൽ ലൈംഗികബന്ധം ഒന്നുമില്ല. അവളോട് ബന്ധപ്പെടുന്നില്ല എന്നുമാത്രമല്ല അവൻ ആ വീട്ടിനു പുറത്ത്, അവളെ ഒളിച്ച് മറ്റൊരു പെണ്ണിനോടും ബന്ധപ്പെടാനും പാടില്ലെന്നും ലെക്സിക്ക് നിർബന്ധമുണ്ട്. അതൊക്കെ അവനും സമ്മതം തന്നെ. ദിവസവും സമയാസമയത്ത് അവളെ കുളിപ്പിച്ച്, നാപ്പിയൊക്കെ മാറ്റി പുതിയത് ഇടീച്ച്, അതിനു മുകളിൽ വസ്ത്രങ്ങൾ ധരിപ്പിച്ച്, ഫീഡിങ് ബോട്ടിലിൽ പാല് നിറച്ച് മടിയിൽ കിടത്തി അവൾക്കു കൊടുത്ത്, കിടന്നുറങ്ങാൻ നേരത്ത് ബെഡ് ടൈം സ്റ്റോറീസ് പുസ്തകം നോക്കി വായിച്ചു കൊടുത്ത് അവളെ ഒരച്ഛനെപ്പോലെ തന്നെയാണ് അയാൾ പരിചരിക്കുന്നത്.  അവളുടെ തുണിയൊക്കെ അലക്കിക്കൊടുക്കുന്നതും, അവളുടെ മുടി കെട്ടിക്കൊടുക്കുന്നതും ഒക്കെ അയാൾ തന്നെ. 

ലെക്സിയുടെ ജീവിതം,  മുതിർന്നവരും കുഞ്ഞുങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഈ സമൂഹത്തിന്റെ വാർപ്പുമാതൃകകൾ പൊളിച്ചടുക്കുന്ന ഒന്നാണ്. ലെക്സി തന്റെ ജീവിതത്തെപ്പറ്റി അവകാശപ്പെടുന്നത് ഇങ്ങനെ,"ഞാൻ ചെയ്യുന്നത് നിഷ്കളങ്കതയിലേക്ക് തിരികെ നടക്കുകയാണ്. രണ്ടുവയസ്സ് എന്നൊക്കെ പറയുന്ന പ്രായമുണ്ടല്ലോ, അത് നമ്മുടെ ജീവിതത്തിലേക്ക് ടെൻഷനുകളും, കോംപ്ലക്സുകളും, നെഗറ്റിവിറ്റിയും ഒക്കെ കടന്നു വരുന്നതിനു മുമ്പുള്ള ഒരു സുന്ദരകാലമാണ്. അത് വളരെ പെട്ടെന്ന് തീർന്നുപോവുന്ന ഒന്നാണ്, നമുക്ക് അതിന്റെ ആനന്ദം അറിഞ്ഞ് ആസ്വദിക്കാൻ പ്രായമാവുമ്പോഴേക്കും ആ കാലം നമ്മളെ കടന്നു പോയിട്ടുണ്ടാകും. ഞാൻ ചെയ്തത് അങ്ങനെ ഒരു കാലത്തിലേക്ക് തിരിച്ച് പോവുക എന്നതാണ്."

 

 

താൻ ജീവിക്കുന്നത് നാട്ടിലെ മറ്റേതൊരു രണ്ടുവയസ്സുകാരിയും ജീവിക്കുന്ന അതേ പോലെ തന്നെയാണെന്ന് ലെക്സി അവകാശപ്പെടുന്നു. "ഞാൻ റോൾ പ്ലേയ് ചെയ്യുകയാണ് എന്ന് ആരും തന്നെ തെറ്റിദ്ധരിക്കരുതേ. ഇനിയങ്ങോട്ട് മരിക്കും വരെ ഇതേ രണ്ടുവയസ്സിൽ ഇരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇങ്ങനെ ഒരു വഴി എന്റെ ജീവിതത്തിൽ തുറന്നു കിട്ടിയത് എന്റെ ഭാഗ്യം കൊണ്ടാണ്. ഇതാണ് ജീവിക്കാൻ ഏറ്റവും നല്ല രീതി എന്ന് ഞാൻ തിരിച്ചറിഞ്ഞു. അതുകൊണ്ട് ഞാൻ അങ്ങനെ ജീവിക്കാൻ തീരുമാനിച്ചു. അത്രതന്നെ." അവൾ പറഞ്ഞു. 

ഒരു രണ്ടുവയസ്സുകാരിയുടെ അല്ലലൊന്നുമേ അറിയേണ്ടാത്ത ജീവിതം നയിക്കാൻ താൻ താത്പര്യപ്പെട്ടപ്പോൾ അതിനു കൂട്ടുവരാണ് സന്മനസ്സുകാണിച്ച ബോയ്ഫ്രണ്ടിനോട്, തന്റെ ഡാഡിയോടാണ്, ലെക്സി നന്ദി പറയുന്നത്. അവർ തമ്മിൽ കണ്ടുമുട്ടുന്നത് ഒരു ഡേറ്റിങ് സൈറ്റിൽ വെച്ചാണ്. പരിചയപ്പെട്ട് തമ്മിൽ അടുത്ത ശേഷം ലെക്സി ആദ്യം ചെയ്തത് തന്റെ ജീവിതാഭിലാഷം ബോയ്‌ഫ്രെണ്ടിനെ അറിയിക്കുകയാണ്. തന്നെ ഡേറ്റ് ചെയ്യണമെങ്കിൽ, തന്നെ ഒരു രണ്ടുവയസ്സുകാരിയെ പരിചരിക്കും പോലെ നോക്കേണ്ടി വരുമെന്ന് അവൾ പറഞ്ഞപ്പോൾ അയാൾക്ക് അത് മനസ്സിലാക്കാൻ പ്രയാസമുണ്ടായില്ലത്രേ. ഇപ്പോൾ ഒരു വർഷത്തിൽ ഏറെക്കാലമായി അയാൾ അവളെ ഇങ്ങനെ പരിചരിച്ചു കൊണ്ടിരിക്കുകയാണ്. 

"എനിക്ക് ചിന്തിക്കാൻ കഴിയുന്ന, കാര്യങ്ങളെ കൃത്യമായി മനസിലാക്കാൻ കഴിയുന്ന, പൂർണ്ണവളർച്ചയെത്തിയ ഒരു മസ്തിഷ്കമുണ്ട്. എന്നോട് മുതിർന്നവർക്ക് മനസ്സിലാകുന്ന കാര്യങ്ങൾ പറയണം എന്ന് അവന് തോന്നുമ്പോൾ ഞാൻ അതിനും തയ്യാറാകാറുണ്ട്. പിന്നെ ഒരു കാര്യം, പലരും ചിന്തിക്കുന്നത് അവൻ ഒരു പീഡോഫൈൽ ആണെന്നും, എന്നെ ഒരു കൊച്ചു കുട്ടിയായി കണ്ട് അവന്റെ ആ ത്വര പൂർത്തീകരിക്കാൻ വേണ്ടിയാണ് ഇതിനൊക്കെ കൂട്ടുനിൽക്കുന്നത് എന്നുമൊക്കെയാണ്. എന്നാൽ, അങ്ങനല്ല കാര്യങ്ങൾ. ഞങ്ങൾക്കിടയിൽ ലൈംഗികതയ്ക്ക് സ്ഥാനമില്ല, സ്നേഹത്തിന് ഒരു തരിമ്പും കുറവുമില്ല. ലോകത്തിന് ഇതൊന്നും മനസ്സിലായിക്കൊള്ളണമെന്നില്ല. നാട്ടിലുള്ള എല്ലാവരെയും ഞങ്ങൾ ചെയ്യുന്നതിന്റെ ന്യായം ബോധിപ്പിക്കണം എന്ന് എനിക്ക് ഒരു നിർബന്ധവുമില്ല. " ലെക്സി പറഞ്ഞു നിർത്തുന്നു.