തൃശ്ശൂര്‍: ലോക്ക് ഡൗണാണായിട്ട് എല്ലാവരും പുറത്തിറങ്ങാതെ വീട്ടില്‍ തന്നെയിരിക്കുകയാണ്. എന്നാല്‍ 22കാരി ഡെലിഷ്യ അപ്പോഴും തിരക്കിലാണ്. ടാങ്കര്‍ ലോറി ഡ്രൈവറാണ് ഡെലീഷ്യ. ലോക്ക് ഡൗണ്‍ തുടങ്ങിയതോടെ കൊച്ചിയില്‍ നിന്ന് തിരൂരിലേക്ക് ഇന്ധനം കൊണ്ടുപോകുന്നത് ഇവളാണ്. രാവിലെ എഴുന്നേറ്റാല്‍ നേരെ വാടാനപ്പള്ളിയില്‍ നിന്ന് കൊച്ചിയിലേക്ക്, അവിടെ നിന്ന് ഇന്ധനം നിറച്ച ടാങ്കറുമായി തിരൂരിലേക്ക്, ഇങ്ങനെ ടാങ്കര്‍ വളയവുമായി കൂട്ടായാണ് ഡെലീഷ്യയുടെ ലോക്ക് ഡൗണ്‍ ദിനങ്ങള്‍ കടന്നുപോകുന്നത്. 

വാടനപ്പള്ളി കണ്ടശ്ശാംകടവ്  സ്വദേശി ഡേവിസിന്റെ മൂന്ന് മക്കളില്‍ രണ്ടാമത്തവളാണ് ഡെലീഷ്യ. നാല്‍പ്പത് വര്‍ഷത്തോളമായി ടാങ്കര്‍ ലോറി ഡ്രൈവറാണ് ഡേവിസ്. പഠിക്കുന്നതിനിടെയാണ് ഡെലീഷ്യ ഡ്രൈവിംഗില്‍ താത്പര്യം കാണിച്ച് തുടങ്ങിയത്. വീട്ടിലെ കാറില്‍ നിന്ന് തുടങ്ങി ഹെവി ലൈസന്‍സ് വാഹനങ്ങളില്‍ എത്തി നില്‍ക്കുന്നു അവളിപ്പോള്‍. മകളുടെ താത്പര്യം കണ്ട് ഡേവിസ് ഒഴിവുകിട്ടുമ്‌പോഴെല്ലാം ടാങ്കര്‍ ലോറിയില്‍ കൂടെക്കൂട്ടി. 18ാം വയസ്സില്‍ ലൈസന്‍സ് നേടിയ ഡെലീഷ്യയ്ക്ക്  ടാങ്കര്‍ ലോറി ഓടിക്കാനുള്ള ഫയര്‍ ആന്റ് സേഫ്റ്റി ലൈസന്‍സുമുണ്ട്. 

20ാം വയസ്സിലാണ് ഹെവി ലൈസന്‍സ് നേടിയത്. പിന്നീട് ഫയര്‍ ആന്റ് സേഫ്റ്റി ലൈസന്‍സും നേടി. ഹെവി വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ് ഉള്ള നിരവധി സ്ത്രീകളുണ്ടെങ്കിലും ഫയര്‍ ആന്റ് സേഫ്റ്റി ലൈസന്‍സ് ഉള്ളത് ഡെലീഷ്യയ്ക്ക് മാത്രം. അങ്ങനെ പിതാവ് ഓടിക്കുന്ന ടാങ്കര്‍ ലോറിയില്‍ തന്നെ ഡ്രൈവറാകണമെന്ന ആഗ്രഹം ഡെലീഷ്യ സാധിച്ചു. ഇപ്പോള്‍ ഡേവിസിന് പകരം മുഴുവന്‍ സമയവും ടാങ്കര്‍ ഓടിക്കുന്നത് ഡെലീഷ്യയാണ്. സഹോദരി ശ്രുതി നേഴ്‌സാണ്, സൗമ്യ വിദ്യാര്‍ത്ഥിനിയും.