ശുചിമുറിയില്‍ വച്ച് പ്രസവിക്കുന്നതിന് പത്തുനിമിഷം മുമ്പ് മാത്രമാണ് എറിന്‍ ലാങ്മെയ്ഡ് എന്ന 23കാരിയായ മോഡല്‍ താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. 37 ആഴ്ചയായിരിക്കെ എറിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളിലൊന്നും അവള്‍ക്ക് യാതൊരുവിധ മാറ്റങ്ങളും കണ്ടിരുന്നില്ല. നിറവയറുണ്ടായിരുന്നില്ല, ആരോഗ്യപ്രശ്നങ്ങള്‍ കണ്ടിരുന്നില്ല, അവള്‍ ഓസ്ട്രേലിയയിലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകിരിച്ചിരുന്നുവെന്നും തന്‍റെ എല്ലാ വസ്ത്രങ്ങളും പാകമായിരുന്നുവെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. എറിനും പങ്കാളിയും കുഞ്ഞിനൊപ്പം നില്‍ക്കുന്ന ഫോട്ടോ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഇസ്ല എന്നാണ് മകള്‍ക്ക് ഇവര്‍ പേരിട്ടിരിക്കുന്നത്. 

'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ ആഴ്ച' എന്നാണ് എറിന്‍ കുറിച്ചത്. 2500 ല്‍ ഒരാള്‍ക്ക് സമാനമായ രീതിയില്‍ സംഭവിക്കാറുണ്ടെന്നും ഗര്‍ഭിണിയാണെന്ന് തിരിച്ചറിയാതിരിക്കാറുണ്ടെന്നുമാണ് പഠനങ്ങള്‍ പറയുന്നത്. പൂര്‍ണ്ണ ആരോഗ്യമുള്ള കുഞ്ഞിനാണ് എറിന്‍ ജന്മം നല്‍കിയത്. പ്രസവസമയത്ത് 8 പൗണ്ട് ആണ് കുഞ്ഞിന്‍റെ ഭാരം. 

സഹായത്തിനായി വിളിച്ചുവരുത്തിയ ആള്‍ എറിന്‍ എത്രമാസം ഗര്‍ഭിണിയാണെന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു പങ്കാളി കാര്‍ട്ടി പറഞ്ഞ മറുപടി. ''ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു അവള്‍ ഗര്‍ഭിണിയാണെന്ന്'' കാര്‍ട്ടി പറഞ്ഞു. 2015 ല്‍ കാതറിന്‍ ക്രോപ്പസ് എന്ന 23 കാരിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 10 പൗണ്ട് ഭാരമുള്ള കു‌ഞ്ഞിനാണ് അന്ന് ആ യുവതി ജന്മം നല്‍കിയത്.