തന്നേക്കാള്‍ മുതിര്‍ന്നവരായ ആരോഗ്യമുള്ള പുരുഷന്മാരില്‍ നിന്നാണ് വിവാഹാലോചന ക്ഷണിച്ചിട്ടുള്ളത്. ബ്രാഹ്മണര്‍ ആയിരിക്കണം അപേക്ഷകരെന്നും പരസ്യം വ്യക്തമാക്കുന്നു.

മൈസുരു: 73ാം വയസില്‍ പങ്കാളിയെ തേടി പരസ്യവുമായി മുന്‍ അധ്യാപിക. സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളിലേക്കാണ് വിവാഹപരസ്യം വഴി തുറന്നിരിക്കുന്നത്. ഈ പ്രായത്തില്‍ ഇത്തരമൊരു പരസ്യം നല്‍കാന്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിച്ച് നിരവധിപ്പേര്‍ മുന്നോട്ട് വരുമ്പോള്‍ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് മറ്റൊരു വിഭാഗം മുന്നോട്ട് വന്നിരിക്കുന്നത്. തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

തന്നേക്കാള്‍ മുതിര്‍ന്നവരായ ആരോഗ്യമുള്ള പുരുഷന്മാരില്‍ നിന്നാണ് വിവാഹാലോചന ക്ഷണിച്ചിട്ടുള്ളത്. ബ്രാഹ്മണര്‍ ആയിരിക്കണം അപേക്ഷകരെന്നും പരസ്യം വ്യക്തമാക്കുന്നു. തനിച്ച് ജീവിച്ച് മതിയായെന്നും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകത്തിന് വേണ്ടിയാണ് വിവാഹാലോചനയെന്നും പരസ്യം വ്യക്തമാക്കുന്നു. സ്വന്തമായി കുടുംബം ഇല്ലെന്നും ആകെ സ്വന്തമായി ഉണ്ടായിരുന്ന രക്ഷിതാക്കളും മരിച്ചു. ആദ്യ വിവാഹം വിവാഹമോചനത്തിലാണ് കലാശിച്ചതെന്നുമാണ് 73കാരി ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്.

തനിയെ താമസിക്കാന്‍ ഭയമുണ്ടെന്നും. വീട്ടില്‍ വീണുപോയാല്‍പോലും സഹായത്തിന് ആരുമില്ലെന്നുമുള്ള ആശങ്ക യുണ്ടെന്നും ബസ് സ്റ്റോപ്പില്‍ നിന്നുപോലും തനിയെ നടന്ന് പോകാന്‍ ഭയം തോന്നുന്നുവെന്നുമാണ് ഈ മുന്‍ അധ്യാപിക വിശദമാക്കുന്നത്. ആദ്യ വിവാഹവും വിവാഹമോചനവും വളരെയധികം മുറിപ്പെടുത്തിയെന്നും അതിനാലാണ് ഇത്രകാലം പുനര്‍വിവാഹത്തേക്കുറിച്ച് ചിന്തിക്കാതിരുന്നത്. ഇനിയുള്ള ജീവിതത്തിന് ഒരു പങ്കാളിയെ മാത്രമാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

വിവാഹപ്പരസ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. സമൂഹത്തിന്‍റെ യാഥാസ്ഥിതക മനോഭാവങ്ങളെ വെല്ലുവിളിച്ചുള്ളതാണ് പരസ്യമെന്നാണ് വ്യാപകമായ പ്രതികരണം. സമൂഹത്തില്‍ അവഗണിക്കപ്പെട്ടുപോയവരെ പരിഗണിക്കാനായി കണ്ണ് തുറപ്പിക്കുന്നതാണ് ഈ പരസ്യമെന്നാണ് വ്യാപകമായ മറ്റൊരു പ്രതികരണം. അണുകുടുംബങ്ങള്‍ ആവുന്നതിന്‍റെ പ്രശ്നമാണ് ഇതെന്നാണ് മറ്റൊരു പ്രതികരണം.