ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കൊണ്ടുവന്നത് അഹിന്ദുവായ ആളായതിനാല്‍ ഭക്ഷണം ക്യാന്‍സല്‍ ചെയ്തയാളുടെ ട്വീറ്റ് ഏറെ ചര്‍ച്ചകള്‍ക്കാണ് ഇന്ന് വേദിയൊരുക്കിയത്. സോഷ്യല്‍ മീഡിയയിലാകെ ഇത് ചേരിതിരിഞ്ഞുള്ള വാക്‌പോരുകള്‍ക്ക് വഴിവച്ചു. തുടര്‍ന്ന് വിശദീകരണവുമായി 'സൊമാറ്റോ' തന്നെ രംഗത്തെത്തി. 

ഉപഭോക്താവിന്റെ ഈ ആവശ്യം അംഗീകരിക്കാവുന്നതല്ലെന്നും, അത്തരത്തില്‍ നഷ്ടപ്പെടുന്ന കച്ചവടത്തെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയില്ലെന്നുമായിരുന്നു 'സൊമാറ്റോ' സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ പ്രതികരിച്ചത്. അതോടൊപ്പം തന്നെ ഭക്ഷണത്തിന് മതമില്ലെന്നും, ഭക്ഷണം തന്നെ ഒരു മതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

 

ഇതോടെ ചര്‍ച്ചകള്‍ കൂടുതല്‍ കൊഴുത്തു. മതത്തിന്റെ പേരില്‍ ഭക്ഷണം വേണ്ടെന്ന് വച്ച അമിത് ശുക്ലയെ സോഷ്യല്‍ മീഡിയ വലിയരീതിയിലാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നത്. കൂടാതെ, ഇദ്ദേഹം മുമ്പ് ഇടപെട്ടിരുന്ന രാഷ്ട്രീയ- സാമൂഹിക വിഷയങ്ങളും ചര്‍ച്ചകളില്‍ നിറയുകയാണ്. 

ഇതിനിടെയാണ് ഒരു വിഭാഗം പേര്‍ ചേര്‍ന്ന് അമിത് ശുക്ലയുടെ ഒരു സ്ത്രീവിരുദ്ധ കമന്റ് ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത്. പ്രമുഖ എഴുത്തുകാരിയായ തസ്ലീമ നസ്രീന്‍, ട്വിറ്ററില്‍ മുമ്പ് പങ്കുവച്ച ചിത്രത്തിന് താഴെയാണ് അമിത് മോശം കമന്റ് ഇട്ടിരിക്കുന്നത്. താന്‍, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച് സ്‌കോളറായിരുന്നപ്പോള്‍ എടുത്ത ചിത്രമാണ് തസ്ലീമ ട്വീറ്റ് ചെയ്തിരുന്നത്. ഗൃഹാതുരത തോന്നുന്ന ചിത്രമെന്ന അടിക്കുറിപ്പോടെയിട്ട ഫോട്ടോയ്ക്ക് താഴെ എഴുത്തുകാരിയുടെ ശരീരത്തെക്കുറിച്ച് അമിത് മോശം രീതിയില്‍ ഇട്ട കമന്റ് ആണ് വിവാദമാകുന്നത്. 

ഒരു സ്ത്രീയോട് പരസ്യമായി ഇത്തരത്തില്‍ പെരുമാറുന്ന ഒരാള്‍, മതത്തിന്റെ പേരില്‍ ഭക്ഷണം വേണ്ടെന്ന് വയ്ക്കുന്നതെല്ലാം വലിയ പ്രഹസനമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍. കപടമായ വ്യക്തിത്വത്തിന് ഉടമയാണ് അമിത് ശുക്ലയെന്നും, ഒരുനേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ ആയിരക്കണക്കിന് പേര്‍ ജീവിക്കുന്ന രാജ്യത്ത് മതത്തിന്റെ പേരില്‍ ഭക്ഷണം വേണ്ടെന്ന് വയ്ക്കുന്നത് കുറ്റകരമായ സംഗതിയാണെന്നും ആരോപണങ്ങളുയരുന്നുണ്ട്.