മോഡലും നടിയുമായ അമി ജാക്‌സണ്‍ എന്ന് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് മുഖം ഓര്‍മ്മയില്‍ വന്നില്ലെങ്കിലും കുഴപ്പമില്ല. സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം 'മദിരാസപ്പട്ടണ'ത്തിലെ നായികയെന്ന് കൂടി ചേര്‍ത്തുപറഞ്ഞാല്‍ ആ പ്രശ്‌നം പരിഹരിക്കപ്പെടും. 

ആര്യ നായകനായി, 2010ല്‍ പുറത്തിറങ്ങിയ 'മദിരാസപ്പട്ടണം' വ്യത്യസ്തമായ ദൃശ്യാവതരണത്തിലൂടെയും കഥയിലെ ഒതുക്കത്തിലൂടെയും ദക്ഷിണേന്ത്യയിലാകെ തരംഗമായി മാറിയ ചിത്രമായിരുന്നു. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളിലൊന്നായ വിദേശവനിതയുടെ വേഷമായിരുന്നു അമി ജാക്‌സണ്‍ ആയിരുന്നു. 

പിന്നീട് ബോളിവുഡിലേക്ക് ചേക്കേറിയെങ്കിലും 'മദിരാസപ്പട്ടണം' നല്‍കിയ പ്രശസ്തിയാണ് അമിയെ ദക്ഷിണേന്ത്യക്കാര്‍ക്ക് സുപരിചിതയാക്കിയത്. ഇപ്പോള്‍ പങ്കാളിയായ ജോര്‍ജ്ജിനൊപ്പം യുകെയിലാണ് അമിയുടെ താമസം. 

താന്‍ ഗര്‍ഭിണിയാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് അമിയിപ്പോള്‍. യുകെയില്‍ ഇന്ന് മാതൃദിനമാണ്. ഈ ദിനത്തില്‍ അല്ലാതെ മറ്റെപ്പോഴാണ് ഇക്കാര്യം തുറന്നുപറയേണ്ടതെന്ന അടിക്കുറിപ്പോടെ പങ്കാളിക്കൊപ്പമുള്ള മനോഹരമായ ചിത്രവും ചേര്‍ത്തുവച്ചാണ് അമി സന്തോഷവാര്‍ത്ത അറിയിച്ചിരിക്കുന്നത്. 

'ഈ വിവരമൊന്ന് ഉറക്കെ വിളിച്ചുപറയാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍. മാതൃദിനമായ ഇന്നല്ലാതെ വേറേത് സമയമാണ് ഇതിന് അനുയോജ്യം! ലോകത്തില്‍ മറ്റെന്തിനെ സ്‌നേഹിക്കുന്നതിനെക്കാളുമപരി നിന്നെ ഞാന്‍ സ്‌നേഹിച്ചുതുടങ്ങിയിരിക്കുന്നു. ഏറ്റവും സത്യസന്ധമായ സ്‌നേഹത്തിന്റെ അടയാളം. നിന്നെ കാണാന്‍ ഇനിയും ഞങ്ങള്‍ക്ക് കാത്തിരിക്കാന്‍ വയ്യെന്നായിരിക്കുന്നു..'- അമി ഇന്‍സ്റ്റ പോസ്റ്റില്‍ കുറിച്ചു. 

മനോഹരമായ സൂര്യാസ്തമനത്തില്‍ പങ്കാളിയുടെ ചുംബനം നെറ്റിയില്‍ ഏറ്റുവാങ്ങുന്ന ഒരു ചിത്രവും കുറിപ്പിനൊപ്പം അമി പോസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്തംബര്‍ പകുതിയോടെയോ ഒക്ടോബറോടെയോ കുഞ്ഞ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമി അറിയിച്ചു.