നാലാം ഘട്ടം ആയതിനാൽ തന്നെ ഇത്തവണ സർജറി ചെയ്യാൻ സാധിക്കില്ല, ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് കീമോതെറാപ്പിക്ക് വിധേയയാവുകയാണെന്നും നഫീസ അലി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചു.
ബിഗ് ബി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് നഫീസ അലി. ചിത്രത്തിൽ മേരി ടീച്ചർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി പ്രേക്ഷക ശ്രദ്ധ നേടിയത്. ക്യാൻസറിനെതിരെയുള്ള പോരാട്ടത്തെ കുറിച്ച് പലതവണ നഫീസ അലി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ വീണ്ടും തനിക്ക് ക്യാൻസറാണ് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. നാലാം ഘട്ടം ആയതിനാൽ തന്നെ ഇത്തവണ സർജറി ചെയ്യാൻ സാധിക്കില്ല, ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് കീമോതെറാപ്പിക്ക് വിധേയയാവുകയാണെന്നും നഫീസ അലി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചു. സ്കാനിങ്ങിന്റെ ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടായിരുന്നു ഇക്കാര്യം നടി തുറന്ന്പറഞ്ഞത്.
'ജീവിതത്തിന്റെ പുതിയൊരു അധ്യായം ഇന്ന് തുടങ്ങുകയാണ്. ഇന്നലേ പി.ഇ.ടി സ്കാൻ ചെയ്തു. നാലാം ഘട്ടത്തിലാണ് രോഗം. ഇത്തവണ ശസ്ത്രക്രിയ സാധ്യമല്ല. അതിനാൽ തന്നെ കീമോ തെറാപ്പിക്ക് വിധേയയാവുകയാണ്. എന്നെ വിശ്വസിക്കൂ, ഞാൻ ജീവിതത്തെ സ്നേഹിക്കുന്നു'- എന്നായിരുന്നു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ്. 2018 ലാണ് താൻ ക്യാൻസർ ബാധിതയാണെന്ന് നടി തുറന്നുപറഞ്ഞത്. പെരിറ്റോണിയൽ ക്യാൻസറാണ് അന്ന് സ്ഥിരീകരിച്ചത്. പിന്നീട് രോഗം ഭേദമാവുകയും ചെയ്തു. 'രോഗവിവരം അറിഞ്ഞപ്പോഴും തളരാതെ അതിനെതിരെ പോരാടാൻ താൻ തയാറായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്. ഉടനെ ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണെന്നും' നഫീസ അലി പറയുന്നു. വൈകുംതോറും രോഗം ഗുരുതരമാകാൻ കാരണമാകുന്നു.
ബംഗാൾ സ്വദേശിയാണ് നടി നഫീസ അലി. 19–ാം വയസ്സിലാണ് നഫീസ അലി മിസ് ഇന്ത്യ കിരീടം നേടുന്നത്. കൂടാതെ 1972 മുതൽ 1974 വരെ ഇന്ത്യയുടെ ദേശീയ നീന്തൽ താരമായിരുന്നു നടി. 1979ൽ ഇറങ്ങിയ ശ്യാം ബെനഗലിന്റെ 'ജുനൂൻ' എന്ന ചിത്രത്തിലൂടെയാണ് നഫീസ അലി അഭിനയ രംഗത്തെത്തുന്നത്. 2007ലാണ് മമ്മൂട്ടി ചിത്രം ബിഗ് ബിയിൽ നഫീസ അലി അഭിനയിച്ചത്.

