ഒമ്പതാം മാസത്തിൽ നിറവയറുമായി വെള്ളത്തിനടയിൽ സമീറ റെഡ്ഡിയുടെ ഫോട്ടോഷൂട്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സമീറ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഇതോടെ ചോദ്യങ്ങളുമായി ആരാധകരും രംഗത്തെത്തി 

നിറവയര്‍ കാണിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ വന്നതിന് പിന്നാലെ, വെള്ളത്തിനടിയില്‍ ഫോട്ടോഷൂട്ട് നടത്തി നടി സമീറ റെഡ്ഡി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സമീറ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഇതോടെ ചോദ്യങ്ങളുമായി ആരാധകരും രംഗത്തെത്തി. 

ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഇത്തരം ഫോട്ടോഷൂട്ടുകളുടെ ആവശ്യമുണ്ടോ, കുഞ്ഞിന് ഇത് എന്തെങ്കിലും അപകടമുണ്ടാക്കില്ലേ എന്ന് തുടങ്ങുന്ന കമന്റുകളുമായി ഒരു വിഭാഗം സമീറയ്‌ക്കെതിരെ വീണ്ടും വിമര്‍ശനങ്ങളുമായി സജീവമായി. 

അതേസമയം, സമീറയുടെ ആത്മവിശ്വാസത്തേയും, സൗന്ദര്യത്തേയും, കാഴ്ചപ്പാടിനേയും പുകഴ്ത്തി മറ്റൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. നേരത്തേയും നിറവയര്‍ പുറത്തുകാണിച്ചുകൊണ്ടുള്ള നിരവധി ചിത്രങ്ങള്‍ സമീറ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു. അപ്പോഴൊക്കെയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

View post on Instagram

എന്നാല്‍ ശരീരമെന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ അവകാശവും ആഘോഷവുമാണെന്നായിരുന്നു സമീറയുടെ മറുപടി. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് വണ്ണം വച്ചപ്പോള്‍ താന്‍ 'ബോഡിഷെയിമിംഗ്' നേരിട്ടിരുന്നതായും സമീറ വ്യക്തമാക്കിയിട്ടുണ്ട്. 

ഗര്‍ഭാവസ്ഥയെ ട്രോളുന്നത് അത്ര ആരോഗ്യകരമായ അവസ്ഥയല്ലെന്നും, ഈ ട്രോളുന്നവരെല്ലാം അവരെ പ്രസവിക്കുമ്പോള്‍ അവരുടെ അമ്മ 'ഹോട്ട്' ആയിരുന്നോ എന്ന് ചിന്തിക്കണമെന്നും സമീറ പ്രതികരിച്ചിരുന്നു. തുടര്‍ന്ന് സിനിമാ പാര്‍ട്ടികളിലും പുറത്തുമെല്ലാം വയര്‍ പുറത്തേക്ക് കാണുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് നിരവധി തവണ സമീറ ക്യാമറയ്ക്ക് പോസ് ചെയ്തു. 

View post on Instagram

വിമര്‍ശിക്കാനായി ഒരു വിഭാഗം സമയം കണ്ടെത്തുമ്പോഴും, ബോളിവുഡിലെ സുഹൃത്തുക്കളും, കുടുംബവും, ഭര്‍ത്താവുമെല്ലാം സമീറയ്ക്ക് മുഴുവന്‍ പിന്തുണയാണ് പ്രഖ്യാപിക്കുന്നത്. ഗര്‍ഭാവസ്ഥയെ മറക്കാനാവാത്ത വിധം ആഘോഷിക്കുക തന്നെയാണ് വേണ്ടതെന്ന് സമീറ കൂടുതല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ട് ആവര്‍ത്തിച്ചു. 

View post on Instagram

തന്റെ രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സമീറയിപ്പോള്‍. ഒമ്പതാമത് മാസത്തിലാണെന്നും, കുഞ്ഞ് ഉടന്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമീറ ഇന്‍സ്റ്റ ചിത്രത്തിന് താഴെ പറഞ്ഞു. മൂത്ത കുഞ്ഞിന് നാല് വയസാണ് പ്രായം. ബിസിനസുകാരനായ അക്ഷയ് വര്‍ദേയാണ് സമീറയുടെ ഭര്‍ത്താവ്.