സിനിമാ–സീരിയൽ നടി ശരണ്യ ശശിയുടെ ദയനീയമായ ജീവിതാവസ്ഥയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ നാം അറിഞ്ഞത്. ആറുവർഷം മുമ്പ് ബ്രെയിൻ ട്യൂമർ ബാധിച്ച നടിയുടെ  ഏഴാമത്തെ ശസ്ത്രക്രിയയാണ് ഇന്നലെ കഴിഞ്ഞത്. വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് നടികടന്നുപോകുന്നതെന്നും സന്മനസ്സുള്ളവർ നടിയെ സാമ്പത്തികമായി സഹായിക്കണമെന്നും നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 2012ലാണ് ശരണ്യയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്.

'കൊല്ലാനവനും ചാവാതിരിക്കാൻ ഞാനും ' എന്ന് എം ടി എഴുതിയ ടാഗ് ലൈനാണ് ശരണ്യയുടെ ജീവിതത്തിന്‍റെ തലക്കെട്ടെന്ന് എഴുത്തുകാരനായ ലിജീഷ് കുമാര്‍ കുറിച്ചു. 'ശരണ്യാ, മുപ്പതിലും മുപ്പത്തഞ്ചിലുമൊക്കെയാണ് മികച്ച വേഷങ്ങൾ ചെയ്യാനാവുക. അവിടെത്തന്നെ ഇരുന്നാൽ പോര, ഓടിയിങ്ങ് വരൂ. നമുക്കൊരു യമണ്ടൻ കഥ പറയാനുണ്ട്'- ലിജീഷ് കുറിച്ചു. 

ലിജീഷിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...

ശ്രീചിത്രയിൽ ശരണ്യയുടെ ഏഴാമത്തെ ഓപ്പറേഷൻ തുടങ്ങി കേട്ടോ. ഏഴ് മാസം മുമ്പായിരുന്നു കഴിഞ്ഞ ഓപ്പറേഷൻ. 20 വയസ്സിനും 27 വയസ്സിനുമിടെ ആറുവർഷം കൊണ്ട് ഏഴ് ഓപ്പറേഷൻ !! അവളെ കണ്ടിട്ടുണ്ടോ ? ''വില്ലത്തി വേഷമാണ്, ചിരിക്കരുത് - നീ ചിരിച്ചാൽ നായികയായിപ്പോകും'' എന്ന കമന്റ് കേട്ട് സെറ്റിൽ നിന്ന് അവളെത്ര വട്ടം ചിരിച്ചിട്ടുണ്ടാകും. ആ ചിരിയൊക്കെ ഇന്നവളുടെ ഓർമ്മകളിലേ ഉള്ളൂ. താഴ്വാരത്തിന് എം.ടി. എഴുതിയ ടാഗ് ലൈനാണ് ശരണ്യയുടെ ജീവിതത്തിന്റെ തലക്കെട്ട്, 'കൊല്ലാനവനും ചാവാതിരിക്കാൻ ഞാനും !!'

അവരുടെ മലയാളം - തമിഴ് - തെലുങ്ക് സീരിയലുകളൊന്നും ഞാൻ കണ്ടിട്ടില്ല, കറുത്ത മുത്ത് പോലും കണ്ടിട്ടില്ല. പക്ഷേ ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാർച്ച് 12, ചാക്കോ രണ്ടാമൻ തുടങ്ങി മിഥുൻ മാനുവലിന്റെ ആൻമരിയ കലിപ്പിലാണ് എന്ന സിനിമയിലെ ടീച്ചറെ വരെ കണ്ടിട്ടുണ്ട്. ആ ശരണ്യയൊന്നുമല്ല ഇപ്പൊ. വീണ്ടും വീണ്ടും ബ്രെയിൻ ട്യൂമർ വാശിയോടെ പിന്തുടർന്ന് അവളെ തളർത്തിക്കളഞ്ഞിരിക്കുന്നു. കൈ കാലുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന തലച്ചോറിലെ ഞരമ്പിനെയാണ് ട്യൂമറിപ്പോൾ ബാധിച്ചിട്ടുള്ളത്. ഒന്നെഴുന്നേൽക്കാൻ പോലും രണ്ടോ മൂന്നോ പേർ പിടിക്കണം.

സിനിമയിലഭിനയിച്ച പൈസയൊന്നും അവളുടെ കൈയ്യിൽ ബാക്കിയില്ല, ഉള്ളതെല്ലാം എപ്പഴോ തീർന്നു. കഴിഞ്ഞ ആറ് വർഷങ്ങൾ അവളുടെ കടങ്ങൾ ഒരുപാട്കൂട്ടി - ബന്ധങ്ങളൊരുപാട് കുറച്ചു ! തിരുവനന്തപുരം ശ്രീകാര്യത്തെ വാടക വീട്ടിൽ താമസിക്കാൻ കൂടെ അമ്മയുണ്ട്, ചേർത്ത് പിടിക്കാൻ വിരലിലെണ്ണാവുന്ന അവളുടെ മനുഷ്യരും - ഇന്നത്രമാത്രമേയുള്ളൂ. SHARANYA K S, A/C- 20052131013, IFSC - SBIN0007898, State bank of India Nanthancode Branch. ഇതവളുടെ അക്കൗണ്ട് നമ്പറാണ്, പറ്റുന്നത് ചെയ്യൂ.

ശരണ്യാ,
മുപ്പതിലും മുപ്പത്തഞ്ചിലുമൊക്കെയാണ് മികച്ച വേഷങ്ങൾ ചെയ്യാനാവുക. അവിടെത്തന്നെ ഇരുന്നാൽ പോര, ഓടിയിങ്ങ് വരൂ. നമുക്കൊരു യമണ്ടൻ കഥ പറയാനുണ്ട്.


വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് നടി കടന്നുപോകുന്നതെന്നും കനിവുള്ളവര്‍ സാമ്പത്തിക സഹായം നല്‍കണമെന്നും ശരണ്യയെ നേരിട്ട് സന്ദര്‍ശിച്ച ശേഷം സാമൂഹ്യ പ്രവര്‍ത്തകന്‍ സൂരജ് പാലാക്കാരനും  അഭ്യര്‍ത്ഥിച്ചു. 

 

സൂരജ് പാലക്കാരന്റെ ഫേസ്ബുക്ക് വീഡിയോയില്‍ നിന്ന്

പല കലാകാരന്മാർക്കും അവരുടെ താരപ്രഭയിൽ കൂടെ നിൽക്കാൻ ഒരുപാട് പേര്‍ ഉണ്ടാകും. എന്നാൽ ഒരപകടം വന്നാലോ അസുഖം വന്നാലോ തിരിഞ്ഞുനോക്കാൻ പോലും പിന്നീട് ആരും വന്നെന്ന് വരില്ല. ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ ഞാൻ വിഡിയോയിൽ കാണിക്കാത്തതിന്റെ കാരണം പറയാം. ഒരു കലാകാരൻ അല്ലെങ്കിൽ കലാകാരി തളർന്നുകിടക്കുന്ന അവസ്ഥ തീര്‍ത്തും പരിതാപകരമാണ്. ശരണ്യയുടെ അടുത്തുനിന്നും വിഡിയോ പോസ്റ്റ് ചെയ്യണമെന്നാണ് ഞാൻ ഉദേശിച്ചിരുന്നത്. എന്നാൽ അവർ ഒരു നടിയാണ്. ഈ കെടന്നകിടപ്പ് മറ്റുള്ളവരെ കാണിച്ച് സഹതാപംപറ്റാൻ ആ കുട്ടിക്ക് വിഷമമുണ്ട്. അതുകൊണ്ട് ശര്യണയുടെ അമ്മയുടെ നമ്പറും മറ്റുവിവരങ്ങളും ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സീമ ജി നായരുടെ വാക്കുകള്‍

ശരണ്യക്ക് ആറ് വര്‍ഷം മുമ്പ് ട്യൂമര്‍ വന്നിരുന്നു. അന്നൊക്കെ കലാകാരൻമാര്‍ സഹായിക്കുകയും ചെയ്‍തു. എന്നാല്‍ ഇപ്പോള്‍ ഓരോ വര്‍ഷവും ബ്രെയിൻ ട്യൂമര്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ വരുകയും, ഓരോ തവണയും ആശുപത്രിയിൽ എത്തി ഓപ്പറേഷൻ ചെയ്യുകയുമാണ്.ഏഴ് മാസം മുമ്പാണ് അവസാനമായി ഓപ്പറേഷൻ നടത്തിയത്. അത് ആറാമത്തെ സർജറി ആയിരുന്നു. ഇപ്പോൾ ഏഴ് മാസത്തിനു ശേഷം ഏഴാമത്തെ സർജറിക്കായി ശരണ്യ പോകുകയാണ്. ഇത് കുറച്ച് ക്രിട്ടിക്കൽ ആണ്. ഒരുവശം ഏകദേശം തളർന്നുപോകുന്ന അവസ്ഥയിലേയ്ക്ക് എത്തിയിരിക്കുന്നു. എന്നെപ്പോലെ കലാരംഗത്തുള്ള മറ്റുള്ളവർ ഓരോ ഓപ്പറേഷനും അവളെ സഹായിച്ചിട്ടുണ്ട്. എന്നാൽ ഓരോ വർഷവും വരുന്ന ഈ അസുഖത്തിൽ എല്ലാവർക്കും സഹായിക്കാൻ പരിമിതികളുണ്ടാകും. അവളായിരുന്നു ആ കുടുംബത്തിന്റെ അത്താണി. അവളിലൂടെയാണ് ആ കുടുംബം കഴിഞ്ഞുപോയിരുന്നത്.

ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് ടെലിവിഷന്‍ സീരയലുകളിലൂടെ ശ്രദ്ധനേടി. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12, ആന്‍മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു.