ആര്‍ത്തവവും സാനിറ്ററി പാഡുമൊക്കെ ഇന്ന് പൊതുഇടങ്ങളില്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നു. പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. എങ്കിലും ആര്‍ത്തവദിനങ്ങള്‍ ഇപ്പോഴും സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്.

ആർത്തവദിനങ്ങളിലെ ശാരീരിക അസ്വസ്ഥകൾക്ക് പുറമേ ജോലിക്കാരായ സ്ത്രീകൾ, യാത്ര ചെയ്യുന്നവർ എന്നിവരെയെല്ലാം ഏറെ വിഷമിപ്പിക്കുന്ന പ്രധാനപ്രശ്നം പാഡുകൾ മാറുന്നതിലെ സൗകര്യക്കുറവ് തന്നെയാണ്. ഇവിടെയാണ് ആർത്തവരക്തം യോനിക്കുള്ളിൽ തന്നെ ശേഖരിച്ച് വയ്ക്കുന്ന മെൻസ്ട്രുവൽ കപ്പിന്റെ പ്രസക്തി.

പലരും  മെൻസ്ട്രുവൽ  കപ്പ് ഉപയോഗിക്കാൻ ഭയക്കുന്നു. സാനിറ്ററി നാപ്കിനെക്കാളും എത്രയോ സുരക്ഷിതമാണ് മെൻസ്ട്രുവൽ കപ്പ് എന്ന കാര്യം പലർക്കും അറിയില്ല.മാത്രവുമല്ല, പലവിധത്തിലുള്ള തെറ്റിദ്ധാരണകളും മെൻസ്ട്രുവൽ കപ്പിന്‍റെ പേരില്‍ പലയിടത്തും പ്രചരിക്കുന്നുമുണ്ട്. എന്താണ് ഇതിലെ വസ്തുതകള്‍...

മെൻസ്ട്രുവൽ കപ്പും കോപ്പർ ടിയും...

ഒരു മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കുമ്പോൾ, ആദ്യത്തെ മാസം നമുക്ക് നമ്മുടെ ശരീരത്തിനെ അറിയാനുള്ള സമയം കൊടുക്കണം. അതിനു സഹായകരമായ അറിവ് നേടണം. ഗർഭനിരോധനം നടത്താൻ ദാമ്പത്യ അവസ്ഥ ഒരു മാനദണ്ഡമാവരുത്. ഗർഭ നിരോധനം ഗർഭപാത്രം ഉള്ളവരുടെ ചുമതലയാണ് എന്ന് വിശ്വാസത്തെ അനുകൂലിക്കുന്ന ഉപകരണമാണ് കോപ്പർ ടി. 

കോപ്പർ ടി ഉപയോഗിക്കുന്ന ധാരാളം പേര്‍ മെൻസ്ട്രുവൽ കപ്പുകൾ ഉപയോഗിക്കുന്നുണ്ട്. യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ. അങ്ങനെയുള്ളവരിലും ചിലപ്പോൾ കപ്പ് വെളിയിലെടുക്കുമ്പോൾ കോപ്പർ ടിയുടെ നൂൽ സ്ഥാനം മാറാനും, അതുകൊണ്ട് പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. സ്ഥിരം കപ്പ് ഉപയോഗിക്കുന്നവർക്ക് ഇതിനുള്ള സാധ്യത കുറവാണ്. കാരണം, അവർ കപ്പ് വെളിയിലെടുക്കാൻ പഠിച്ചു. 

ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ഒന്ന് മാത്രം- കോപ്പർ ടിയുടെ നൂൽ കപ്പിന്റെ ഉള്ളിൽ ആയി വേണം കിടക്കാൻ, അല്ലാതെ യോനി ചുവരിനും, കപ്പിനും ഇടയിൽ അല്ല. ഇത് മാത്രമല്ല, കോപ്പർ ടി ധരിച്ചതിന് കുറച്ചു ദിവസങ്ങൾ ശേഷം, യോനിയിലൂടെ വിരൽ അകത്തേക്ക് തള്ളി, കോപ്പർ ടിയുടെ നൂലിന്റെ സ്ഥാനവും, നീളവും എല്ലാം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇനി പുതിയതായി കോപ്പർ ടി ധരിക്കാൻ താല്പര്യമുള്ളവർ, ഡോക്ടറോട് പറഞ്ഞു ആദ്യം തന്നെ നൂലിന്റെ നീളം കുറയ്ക്കാവുന്നതുമാണ്. 

ശരിക്കു പറഞ്ഞാൽ ഒരു ഗൈനക്കോളജിസ്റ്റ് ആണ് കോപ്പർ ടി ഘടിപ്പിക്കാൻ വരുന്ന പേഷ്യന്‍റിനോട്, ഭാവിയിൽ കപ്പ് ഉപയോഗിക്കണമെങ്കിൽ, അതിനു സഹായമായി, കോപ്പർ ടിയുടെ നൂലിന്റെ നീളം കുറച്ചു തരാം എന്ന് നിർദേശിക്കേണ്ടത്. അതുപോലെതന്നെ, കോപ്പർ ടി ധരിക്കുന്നവർ കപ്പ് ഉപയോഗിക്കണമെങ്കിൽ ഉടനെ തന്നെ ഡോക്ടറിനെ കാണണം എന്ന് നിർബന്ധമില്ല, മറിച്ച്, കപ്പിന്റെ ഉപയോഗം നന്നായി അറിയണം. 

എപ്പോഴേങ്കിലും കപ്പ് കോപ്പർ ടിയിൽ കുടുങ്ങിയാൽ, ഡോക്ടറിന്റെ സഹായം തേടണം എന്ന അറിവുണ്ടാവണം, അത്രയേയുള്ളൂ, അല്ലാതെ കപ്പ് വേണ്ടെന്നു വയ്ക്കേണ്ടതില്ല. അതുപോലെ തന്നെ, കപ്പ് നമ്മുടെ യോനിക്കുള്ളിൽ ഇരിക്കുമ്പോൾ സാധാരണമായി ലിംഗം യോനിക്കുള്ളിൽ പോവുന്ന വിധത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാന്‍ ബുദ്ധിമുട്ടാണ്.

കാരണം, കപ്പിനും, ലിംഗത്തിനും, ഒരുമിച്ചു യോനിക്കുള്ളിൽ ഇരിക്കാൻ ഇടമുണ്ടാവില്ല. ആർത്തവസമയത്താണെങ്കിൽ, കപ്പ് വെളിയിൽ മാറ്റി വച്ച് തന്നെ ലിംഗം യോനിക്കുള്ളിൽ പോവുന്ന വിധം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കുകയുള്ളൂ. 

എഴുതിയത്: 
കാവ്യ
ഇക്കോഫെമിനിസ്റ്റ്, 
മെന്‍സ്ട്രുവല്‍ എജ്യുക്കേറ്റർ.