പൊലീസ് ഉദ്യോഗസ്ഥന്‍റെ വംശവെറിക്കിടെ കൊല്ലപ്പെട്ട ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയ്ഡിന്‍റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം ഇപ്പോഴും കത്തിപ്പടരുകയാണ്. "എനിക്ക് ശ്വാസം മുട്ടുന്നു" എന്ന അദ്ദേഹത്തിന്റെ അവസാനത്തെ വാക്കുകൾ എഴുതിയ പ്ലക്കാർഡും പിടിച്ചാണ് ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയത്. ഓരോ ദിവസം കഴിയുമ്പോഴും പ്രതിഷേധം കൂടുതൽ തീവ്രമാവുകയാണ്.

പൊലീസുകാരന്‍ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊന്ന ജോര്‍ജ് ഫ്‌ളോയിഡിന് നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ആയിരങ്ങളില്‍ കൊച്ചുകുട്ടികള്‍ വരെയുണ്ട്. മുഷ്ടി ചുരുട്ടി 'നോ ജസ്റ്റിസ്, നോ പീസ്' എന്ന് ഏറ്റുപറയുന്ന പത്തുവയസ്സുകാരിയുടെ വീഡിയോ നാം കണ്ടതാണ്. അതിന് പിന്നാലെ ഇതാ മറ്റൊരു കൊച്ചുപെണ്‍കുട്ടി കൂടി വൈറലായിരിക്കുകയാണ്. 

''നിങ്ങൾ എന്നെ വെടിവയ്ക്കുമോ'' എന്ന് പൊലീസുകാരോട് ചോദിച്ചുകൊണ്ട്  കരയുകയാണ് ഈ പെൺകുട്ടി.  പൊലീസിനെ പേടിച്ച തന്റെ മകളുടെ ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത് സെമിയന്‍ എന്ന യുവാവാണ്. 

കുനിഞ്ഞിരുന്ന് അവളെ ചേർത്തുപിടിച്ചുകൊണ്ട് പൊലീസുകാരൻ മറുപടി കൊടുക്കുന്നതും വീഡിയോയില്‍ കാണാം. 'ഞങ്ങൾ നിങ്ങളെ സംരക്ഷിക്കാൻ ഉള്ളവരാണ്. നിങ്ങളെ വേദനിപ്പിക്കുന്നവരല്ല'- എന്നായിരുന്നു പേടിച്ചുവിറച്ചു നിൽക്കുന്ന കുട്ടിയോട് പൊലീസുകാരന്‍റെ മറുപടി. ''നിങ്ങൾക്ക് പ്രതിഷേധിക്കാം, മാർച്ച് ചെയ്യാം, എന്തു വേണമെങ്കിലും ചെയ്യാം, പക്ഷേ ഒന്നും നശിപ്പിക്കരുത്'' എന്നും പൊലീസ് ഉദ്യോഗസ്ഥന്‍ കുട്ടിയോട് പറഞ്ഞു. വീഡിയോ ഇതുവരെ ഏകദേശം ഒരു ലക്ഷത്തോളം പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്. 

 

ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ മിനസോട്ട പൊലീസുകാരനായ ഡെറിക് ചൗ കാല്‍മുട്ടമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി, സര്‍വീസില്‍നിന്നു പുറത്താക്കിയിരുന്നു. നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിലെങ്ങും ശക്തമായ പ്രതിഷേധം തുടരുകയാണ്.

Also Read: 'നോ ജസ്റ്റിസ്, നോ പീസ്'; വംശവെറിക്കെതിരെ മുഷ്ടി ചുരുട്ടി പത്ത് വയസ്സുകാരി; വൈറലായി വീഡിയോ...