ഏറെ ആരാധകരുളള താരമാണ്  ഏഷ്യാനെറ്റിന്‍റെ ബെഡായി ബംഗ്ലാവ് ഫെയിം ആര്യ. എപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുന്ന ആര്യ ഇപ്പോള്‍ ആദ്യം കണ്ണുനിറച്ചിരിക്കുകയാണ്. തന്‍റെ അച്ഛന്‍റെ ഓര്‍മ്മദിനത്തില്‍ ആര്യ എഴുതിയ ഹൃദയംതൊടുന്ന  കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു വ്യക്തി എന്ന നിലയില്‍ താന്‍ എത്ര കരുത്തയാണെന്ന് മനസ്സിലാക്കിയ ദിനമാണ് നവംബര്‍ 11 എന്നാണ് ആര്യ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്.

'ശക്തയായ വ്യക്തിയാണ് ഞാനെന്ന് തിരിച്ചറിഞ്ഞ ദിവസമാണിന്ന്. എന്റെ ഏറ്റവും വലിയ ഭയത്തെ അതിജീവിച്ച ദിവസം. എന്റെ അച്ഛനെ എനിക്ക് നഷ്ടപ്പെട്ട ദിവസം. കഴിഞ്ഞ വർഷം ഇതേ ദിവസം ആ ഡോർ തുറന്നൊരു നഴ്സ് വന്ന് എന്നോട് പറഞ്ഞു, 'അച്ഛനെ ഒന്ന് പോയി കണ്ടോളൂ' എന്ന്. ഞാന്‍ ചെന്നപ്പോള്‍ കണ്ണുകളടച്ച് , വായ് തുറന്ന്, ഐസ് പോലെ തണുത്ത് അനക്കമില്ലാതെ എന്‍റെ അച്ഛന്‍.. എനിക്കുണ്ടായിരുന്ന എല്ലാ ധൈര്യവും സംഭരിച്ച് ഞാന്‍ അച്ഛനെ വിളിച്ചു, പല തവണ വിളിച്ചു, അച്ഛനെ തിരികെ കൊണ്ടുവരാൻ, ഉണർത്താൻ, കാരണം ഞാന്‍ അച്ഛനെ വിടാൻ തയ്യാറല്ലായിരുന്നു. പക്ഷേ വിധിയെ തടുക്കാനാവില്ലല്ലോ..അച്ഛൻ പോയി, എന്റെ കാലിനടിയിലെ മണ്ണും ഒലിച്ചുപോയി. അച്ഛാ.. ജീവിതത്തില്‍ ഓരോ നിമിഷവും ഞങ്ങള്‍ അച്ഛനെ മിസ് ചെയ്യാറുണ്ട്. 

കഴിഞ്ഞ വര്‍ഷത്തെ ഈ ദിവസത്തില്‍ നിന്ന് വീണ്ടും കാലുകള്‍ നിലത്തുറപ്പിക്കാന്‍ എന്നെ സഹായിച്ചതിന് നന്ദി. എല്ലാത്തിനും ഉപരി ഏറ്റവും മികച്ച അച്ഛനായതിന് നന്ദി...ഞാന്‍ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു. നിങ്ങളാണ് എന്‍റെ ജിവിതം'- ആര്യ കുറിച്ചു.