നവജാതശിശുക്കളെ പരിചരിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഒരുപാട് കാര്യങ്ങള്‍ ഈ വിഷയത്തില്‍ കരുതേണ്ടതുണ്ട്. നേരിയ അശ്രദ്ധ പോലും കുഞ്ഞിന് അണുബാധയുണ്ടാകാനും രോഗങ്ങള്‍ പിടിപെടാനും കാരണമാകും. സാധാരണഗതിയില്‍ കരുതേണ്ട ചില കാര്യങ്ങള്‍...

കുളിപ്പിക്കുമ്പോള്‍ കരുതേണ്ടത്

ഏറെ കരുതലോടെ വേണം കുഞ്ഞുങ്ങളെ കുളിപ്പിക്കാന്‍. ദിവസവും കുളിപ്പിക്കുന്നതാണ് കുഞ്ഞിന് ഏറ്റവും നല്ലത്. എന്നാല്‍ ഇതിന് ഏറെ സമയം ചെലവഴിക്കുന്നത് ആരോഗ്യകരമല്ല. കൂടുതല്‍ സമയമെടുത്ത് കുളിപ്പിക്കുമ്പോള്‍ തണുപ്പടിച്ച് കുഞ്ഞിന് ജലദോഷം വരാന്‍ സാധ്യതയുണ്ട്. അതുപോലെ തന്നെ കുളിപ്പിക്കാന്‍ ഇളം ചൂടുള്ള വെള്ളമാണ് ഉപയോഗിക്കേണ്ടത്. 

കൈമടക്കുകളിലും കാല്‍മടക്കുകളിലും ചെവിക്ക് പിന്നിലും കഴുത്തിലും സ്വകാര്യഭാഗങ്ങളിലുമെല്ലാം വൃത്തിയായി എന്ന് ഉറപ്പുവരുത്തണം. അതേസമയം കുഞ്ഞുങ്ങളുടെ ചര്‍മ്മം വളരെ നേര്‍ത്തതാണെന്ന് ഓര്‍ക്കണം, അതിനാല്‍ തന്നെ വളരെ സൂക്ഷിച്ച് വേണം ഇവിടങ്ങളിലെല്ലാം വൃത്തിയാക്കാന്‍. 

ചര്‍മ്മ സംരക്ഷണത്തിന്...

നേരത്തേ സൂചിപ്പിച്ചതുപോലെ കുഞ്ഞുങ്ങളുടെ ചര്‍മ്മം വളരെ നേര്‍ത്തതാണ്. അതിനാല്‍ എളുപ്പത്തില്‍ അണുബാധയുണ്ടാകാനും മറ്റും സാധ്യതകള്‍ കൂടുതലാണ്. കുഞ്ഞുങ്ങളുടെ ശരീരം എപ്പോഴും തുടച്ചുണക്കിയിരിക്കണം. നനവ് ഇരിക്കുന്നതാണ് ചര്‍മ്മത്തെ ഏറ്റവുമധികം അപകടത്തിലാക്കാനുള്ള ഒരു പ്രധാന കാരണം. ബേബി പാഡോ തുണിയോ ആകട്ടെ സമയാസമയം ഇവ മാറ്റണം. തുണിയാണെങ്കില്‍ മറ്റുള്ളവരുടെ വസ്ത്രങ്ങളുടെ കൂട്ടത്തില്‍ അലക്കരുത്. പ്രത്യേകം അലക്കി വെയിലില്‍ ഉണക്കിയെടുക്കണം. 

അനാവശ്യമായ പെര്‍ഫ്യൂമുകളോ മറ്റ് സൗന്ദര്യവര്‍ധക വസ്തുക്കളോ കുഞ്ഞുങ്ങളില്‍ പരീക്ഷിക്കരുത്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം മികച്ച ബ്രാന്‍ഡുകളിലുള്ള ക്രീം, മോയ്‌സ്ചറൈസര്‍ തുടങ്ങിയവ കുളിപ്പിച്ച ശേഷം തേക്കാവുന്നതാണ്. ആഴ്ചയിലൊരിക്കലെങ്കിലും നഖം വെട്ടണം. അത് കുളി കഴിഞ്ഞയുടനാണ് ചെയ്യേണ്ടത്. 

ഭക്ഷണകാര്യത്തിലും വേണം ശുചിത്വം

കുഞ്ഞിനെ കുളിപ്പിക്കുന്നതിലും കൊണ്ടുനടക്കുന്നതിലും മാത്രമല്ല, ഭക്ഷണകാര്യത്തിലും വേണം ഇതേ ശുചിത്വം. ഇതിനായി ആദ്യം ചെയ്യേണ്ടത്, അമ്മമാര്‍ സ്വയം വൃത്തിയാവുകയാണ്. മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങളുണ്ടെങ്കില്‍ അമ്മമാര്‍ നിര്‍ബന്ധമായും രണ്ട് നേരം കുളിക്കുക. 

കുപ്പിപ്പാല്‍ കുടിക്കുന്ന കുഞ്ഞാണെങ്കില്‍, കുപ്പി നന്നായി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. കുപ്പിയുടെ എല്ലാ ഭാഗങ്ങളും പ്രത്യേകം ബ്രഷും സോപ്പും ഉപയോഗിച്ച് കഴുകണം. കഴുകിയ ശേഷം കുപ്പി തിളപ്പിച്ച വെള്ളത്തില്‍ മുക്കി അണുവിമുക്തമാക്കിയ ശേഷം വേണം ഉപയോഗിക്കാന്‍. ഇതിന് വേണ്ടി മാറ്റിവയ്ക്കുന്ന ബ്രഷും തിളപ്പിച്ച വെളളത്തില്‍ ദിവസവും മുക്കിയെടുക്കണം. 

ഒരു നേരം കുടിച്ച പാലില്‍ ബാക്കി വന്നത്, പിന്നീട് അടുത്ത നേരം കൊടുക്കാമെന്ന് കരുതരുത്. ഇത് ഒട്ടും ആരോഗ്യകരമല്ല. കുഞ്ഞിന്റെ വായും മുഖവും ഭക്ഷണം നല്‍കിയ ശേഷം വൃത്തിയാക്കാനും മറക്കരുത്. വെറുതെ തുടച്ചാല്‍ പോര, വെള്ളമുപയോഗിച്ച് ഭക്ഷണാവശിഷ്ടങ്ങള്‍ ഒഴിവാക്കണം. അല്ലാത്ത പക്ഷം അണുബാധയ്ക്ക് സാധ്യതയുണ്ടാകാം. 

അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ കുഞ്ഞിനെ പുറത്തേക്ക് കൊണ്ടുപോകാവൂ. പ്രതിരോധശേഷി കുറവായതിനാല്‍ തന്നെ പൊടിയും കാറ്റുമെല്ലാം കുഞ്ഞുങ്ങളില്‍ എളുപ്പം രോഗങ്ങളുണ്ടാക്കാം. കൂടാതെ, ധാരാളം പേര്‍ കുഞ്ഞിനെ പരിചരിക്കുന്നതും അത്ര നല്ലതല്ല. ആദ്യ ആറുമാസങ്ങളില്‍ തീര്‍ച്ചയായും കുഞ്ഞിന്റെ ശുചിത്വവുമായി ബന്ധപ്പെട്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുകയെന്നത് നിര്‍ബന്ധമാണ്.