ഗൈനക്കോളജിക്കല്‍ രോഗങ്ങളില്‍ അല്‍പം സങ്കീര്‍ണമായൊരു അവസ്ഥയാണ് 'എന്‍ഡോമെട്രിയോസിസ്'. രക്തം ഗര്‍ഭപാത്രത്തിനകത്തോ, പിന്നിലായോ, വയറിന് താഴ്ഭാഗത്തായോ എല്ലാം കെട്ടിക്കിടക്കുന്ന സാഹചര്യമാണ് 'എന്‍ഡോമെട്രിയോസിസ്'ലേക്ക് നീളുന്നത്

ആര്‍ത്തവവുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകളുണ്ട്. അമിതമായ രക്തസ്രാവം, വേദന, അസ്വസ്ഥത, ആര്‍ത്തവചക്രത്തിലെ ക്രമക്കേട് എന്നിങ്ങനെ ആര്‍ത്തവവവുമായി ബന്ധപ്പെട്ട് ചെറുതോ വലുതോ ആയ പ്രശ്‌നങ്ങള്‍ നേരിടാത്ത സ്ത്രീകള്‍ വിരളമായിരിക്കും. 

എന്നാല്‍ പലപ്പോഴും ഈ വിഷയങ്ങളില്‍ വേണ്ടത്ര അവബോധമില്ലാത്തത് മൂലവും അറിവ് നേടാന്‍ ശ്രമിക്കാതിരിക്കുന്നത് മൂലവും കൂടുതല്‍ സങ്കീര്‍ണതകളിലേക്കാണ് ആര്‍ത്തവപ്രശ്‌നങ്ങള്‍ നേരിടുന്ന മിക്ക സ്ത്രീകളും പോകാറ്. നാട്ടറിവുകളെക്കാള്‍ ആശുപത്രിയിലെത്തി ചികിത്സയെടുക്കേണ്ടും വിധത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ പോലും പലപ്പോഴും അവയെ അവഗണിക്കാറാണ് പതിവ്. 

ഇത്തരത്തില്‍ നിരന്തരം ആര്‍ത്തവ സങ്കീര്‍ണതകള്‍ അവഗണിക്കുന്നത് ഭാവിയില്‍ മറ്റ് അസുഖങ്ങളിലേക്കോ അപകടകരമായ ആരോഗ്യവസ്ഥയിലേക്കോ നയിച്ചേക്കാം. അതിനാല്‍ തന്നെ ആര്‍ത്തവപ്രശ്‌നങ്ങളെ അവയുടെ ഗൗരവം അനുസരിച്ച് തുടക്കകാലത്തില്‍ തന്നെ കൈകാര്യം ചെയ്യുക. ഇനി ആര്‍ത്തവവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പേര്‍ക്കുള്ള ചില സംശയങ്ങളും അതിനുള്ള ഉത്തരങ്ങളുമാണ് പങ്കുവയ്ക്കുന്നത്. 

അമിത രക്തസ്രാവം ഉണ്ടോയെന്ന് എങ്ങനെ അറിയാം? 

സാധാരണഗതിയില്‍ അഞ്ച് ദിവസം വരെയാണ് രക്തസ്രാവം ഉണ്ടാകുന്നത്. ചിലരില്‍ ഇത് ഏഴ് വരെ, അതായത് ഒരാഴ്ചയോളം വരെ പോകാറുണ്ട്. അഞ്ച് ദിവസത്തിനുള്ളില്‍ ഏതാണ്ട് 80 എം.എല്‍ രക്തം നഷ്ടപ്പെടാം. ഇതില്‍ നിന്ന് ഒരുപാട് കൂടുന്നുവെങ്കില്‍ അത് അമിത രക്തസ്രാവമായി കണക്കാക്കാം. 

രക്തം കട്ട പിടിച്ചുപോകുന്നത് 'നോര്‍മല്‍' ആണോ? 

ആര്‍ത്തവസമയത്തെ രക്തസ്രാവത്തിനിടെ രക്തം കട്ട പിടിച്ചുപോകുന്നുണ്ടെങ്കില്‍ അത് അത്ര 'നോര്‍മല്‍' ആയ അവസ്ഥയായി കണക്കാക്കാന്‍ സാധിക്കുകയില്ലെന്നാണ് പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. രഞ്ജന ധനു പറയുന്നത്. ചില അസുഖങ്ങളുടെ ഭാഗമായി ഇത്തരത്തില്‍ രക്തം കട്ട പിടിച്ചുപോകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ തന്നെ ഇക്കാര്യം പരിശോധനയിലൂടെ ഉറപ്പിക്കേണ്ടതുണ്ടെന്നും ഡോക്ടര്‍ നിര്‍ദേശിക്കുന്നു. 

എന്താണ് 'എന്‍ഡോമെട്രിയോസിസ്'?

ഗൈനക്കോളജിക്കല്‍ രോഗങ്ങളില്‍ അല്‍പം സങ്കീര്‍ണമായൊരു അവസ്ഥയാണ് 'എന്‍ഡോമെട്രിയോസിസ്'. രക്തം ഗര്‍ഭപാത്രത്തിനകത്തോ, പിന്നിലായോ, വയറിന് താഴ്ഭാഗത്തായോ എല്ലാം കെട്ടിക്കിടക്കുന്ന സാഹചര്യമാണ് 'എന്‍ഡോമെട്രിയോസിസ്'ലേക്ക് നീളുന്നത്. തുടക്കസമയത്താണ് ഇത് കണ്ടെത്തുന്നതെങ്കില്‍ ചികിത്സയിലൂടെ ഭേദപ്പെടുത്താനാകും. അല്ലാത്തപക്ഷം ശസത്രക്രിയ ആവശ്യമായി വരാം. 

സ്വകാര്യഭാഗങ്ങളിലെ രോഗങ്ങള്‍...

ആര്‍ത്തവത്തോടനുബന്ധിച്ചോ അല്ലാതെയോ സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളില്‍ അണുബാധയോ മറ്റെന്തെങ്കിലും അസുഖങ്ങളോ കണ്ടേക്കാം. ഒട്ടും വൈകിക്കാതെ തന്നെ ഇതിന് ചികിത്സ തേടേണ്ടതാണ്. 

ആര്‍ത്തവസമയത്ത് വ്യായാമം ചെയ്യാമോ? 

ആര്‍ത്തവസമയത്ത് തീര്‍ച്ചയായും സ്ത്രീകള്‍ക്ക് വ്യായാമം ചെയ്യാവുന്നതാണ്. എന്നാല്‍ അമിത രക്തസ്രാവമോ വോദനയോ തളര്‍ച്ചയോ ഉള്ള പക്ഷം വ്യായാമം ചെയ്യാതിരിക്കുക.

Also Read:- അമിതമായ ബ്ലീഡിംഗ്, അസ്വസ്ഥത; ആര്‍ത്തവപ്രശ്‌നങ്ങള്‍ക്ക് ആശ്വാസമേകുന്ന ഡയറ്റ് ടിപ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona