Asianet News MalayalamAsianet News Malayalam

കുഞ്ഞനുജനെ പുലിയില്‍ നിന്ന് രക്ഷിച്ച് 11കാരി; ഗുരുതര പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍

പുലിയുടെ മുന്നില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതിന് പകരം കുഞ്ഞിനെ സംരക്ഷിച്ചുകൊണ്ട് ചേര്‍ത്ത് പിടിക്കുകയായിരുന്നു പെണ്‍കുട്ടി

brave girl rescued her four year old brother form leopard
Author
Uttarakhand, First Published Oct 9, 2019, 2:40 PM IST

ദില്ലി: സ്വന്തം അനിയനെ പുലിയില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി 11 വയസ്സ് മാത്രം പ്രായമായ പെണ്‍കുട്ടി. ഉത്തരാഖണ്ഡിലെ പൗരിയിലെ ഒരു ഗ്രാമത്തില്‍ ഒക്ടോബര്‍ നാലിനാണ് സംഭവം നടന്നത്. നാല് വയസ്സുകാരനും 11 വയസ്സുള്ള രാഖിയെന്ന പെണ്‍കുട്ടിയും പുലിയുടെ മുന്നില്‍ പെടുകയായിരുന്നു. ഓടി രക്ഷപ്പെടുന്നതിന് പകരം കുഞ്ഞിനെ സംരക്ഷിച്ചുകൊണ്ട് ചേര്‍ത്ത് പിടിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ കുട്ടിക്ക് അപകടമൊന്നും സംഭവിച്ചില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ കഴുത്തിലും മറ്റ് ശരീര ഭാഗങ്ങളിലും പരിക്കേറ്റു. 

ഗ്രാമവാസികള്‍ ഉടന്‍ ഓടിയെത്തുകയും പുലിയെ ഓടിച്ച് ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെ ആദ്യം അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും അവിടെനിന്ന് കൂടുതല്‍ ചികിത്സകള്‍ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ദില്ലിയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലേക്കാണ് പെണ്‍കുട്ടിയെ പിന്നീട് മാറ്റിയത്. ആദ്യം ആശുപത്രിയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് ബന്ധുക്കള്‍ ഉത്തരാഖണ്ഡ് ടൂറിസം മന്ത്രിയുമായും എംഎല്‍എയുമായും ബന്ധപ്പെടുകയും ചെയ്തു. ഇവരുടെ ഇടപെടലിനെ തുടര്‍ന്ന് അധികൃതര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറായി. ഒക്ടോബര്‍ ഏഴിന് പെണ്‍കുട്ടിയെ ദില്ലിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മന്ത്രി ഒരു ലക്ഷം രൂപ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കി. തുടര്‍ന്നുള്ള ചികിത്സകളും വഹിക്കാമെന്നും മന്ത്രി ഉറപ്പുനല്‍കി. പെണ്‍കുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ച മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് എല്ല സഹായവും വാഗ്ദാനം ചെയ്തു. പെണ്‍കുട്ടിയുടെ ബുദ്ധിപൂര്‍വ്വമായ ഇടപെടലില്‍ അവളെ അഭിനന്ദിക്കാനും മുഖ്യമന്ത്രി മറന്നില്ല. പെണ്‍കുട്ടിയുടെ പേര് ധീരതയ്ക്കുള്ള അവാര്‍ഡിനായി നിര്‍ദ്ദേശിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് ഡി എസ് ഗര്‍ബ്യാല്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios