ഒരു സ്ത്രീയുടെ ആകെ ആരോഗ്യത്തെ സംബന്ധിച്ച് ഗര്‍ഭിണിയാവുക, പ്രസവിക്കുക, മുലയൂട്ടുക എന്ന് തുടങ്ങിയ ഘട്ടങ്ങളിലെത്തുന്നത് വലിയ തോതിലുള്ള മാറ്റങ്ങള്‍ക്ക് കൂടി ഇടയാക്കുന്ന സാഹചര്യങ്ങളാണ്. ശാരീരികമായി മാത്രമല്ല മാനസികമായിപ്പോലും സ്ത്രീകളില്‍ ഈ ഘട്ടങ്ങള്‍ കാര്യമായി സ്വാധീനം ചെലുത്തിവരുന്നുണ്ട്. 

അത്തരത്തില്‍ പ്രസവാനന്തരമുള്ള മുലയൂട്ടല്‍ സ്ത്രീയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതിന് മികച്ച ഉദാഹരണം ചൂണ്ടിക്കാട്ടുകയാണ് പുതിയൊരു പഠനം. ഓസ്‌ട്രേലിയയിലെ 'ക്യൂ ഐ എം ആര്‍ ബെര്‍ഗോഫര്‍ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടി'ല്‍ നിന്നുള്ള ഏതാനും ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍.

മുലയൂട്ടലും അണ്ഡാശയ ക്യാന്‍സറും തമ്മിലുള്ള ബന്ധമായിരുന്നു ഇവരുടെ പഠന വിഷയം. മുലയൂട്ടിയ സ്ത്രീകളില്‍ അണ്ഡാശയ ക്യാന്‍സര്‍ പിടിപെടുന്നതിനുള്ള സാധ്യതകള്‍ കുറയുമെന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍. ഏതാണ്ട് 25 ശതമാനം വരെ അപകടസാധ്യത കുറയുമെന്നും പഠനം അടിവരയിട്ട് പറയുന്നു. 

'വളരെ മാരകമായ തരം അണ്ഡാശയ ക്യാന്‍സര്‍ വരെ പ്രതിരോധിക്കാന്‍ മുലയൂട്ടല്‍ സ്ത്രീകളെ സഹായിച്ചേക്കും. മൂന്ന് മാസം വരെയോ അതില്‍ താഴെ കാലയളവ് വരെയോ മുലയൂട്ടല്‍ നടത്തിയവരില്‍ പോലും അണ്ഡാശയ ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറവാണെന്നതാണ് ഏറെ സന്തോഷകരമായ വസ്തുത. അധികകാലത്തേക്ക് മുലയൂട്ടല്‍ നടത്തിയ അമ്മമാരാണെങ്കില്‍ അപകടസാധ്യത വീണ്ടും കുറയും. മുലയൂട്ടല്‍ നിര്‍ത്തി മുപ്പത് വര്‍ഷം കടന്നവര്‍ക്ക് വരെ ഇത് ഗുണകരമാകും എന്നാണ് ഞങ്ങളുടെ കണ്ടെത്തല്‍...'- പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ പെനലപ് വെബ്ബ് പറയുന്നു. 

അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആരോഗ്യ പ്രസിദ്ധീകരണമായ 'ജമാ ഓങ്കോളജി'യിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്. ഇതിന്റെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കിടയില്‍ മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഗൗരവമായ ബോധവത്കരണം നടത്താന്‍ ലോകാരോഗ്യ സംഘടനയോട് അഭ്യര്‍ത്ഥിക്കുകയാണ് ഇപ്പോള്‍ ഗവേഷകര്‍.