രാജ്യത്ത് സ്ത്രീകളില്‍ കാണപ്പെടുന്ന സെര്‍വിക്കല്‍ ക്യാൻസര്‍ ( ഗര്‍ഭാശയത്തെ ബാധിക്കുന്നത്) കൂടിവരികയാണെന്നും ഇതിനെ പ്രതിരോധിക്കാൻ കൂട്ടായ ശ്രമങ്ങള്‍ വരണമെന്നുമാണ് ഗൈനക്കോളജിസ്റ്റുകളുടെ ദേശീയ സംഘടയായ ഫോഗ്സി (FOGSI -ഫെഡറേഷൻ ഓഫ് ഒബ്സ്റ്റെട്രിക് ആന്‍റ് ഗൈനക്കോളജിക്കല്‍ സൊസൈറ്റീസ് ഓഫ് ഇന്ത്യ) ചൂണ്ടിക്കാട്ടുന്നത്.

ലോകത്ത് തന്നെ അസുഖം മൂലം മരണത്തിലേക്കെത്തുന്നവരില്‍ വലിയൊരു വിഭാഗം പേരിലും ക്യാൻസറാണ് വില്ലനായി വരുന്നതെന്ന് നമുക്കറിയാം. സമയത്തിന് രോഗനിര്‍ണയം നടത്താൻ സാധിച്ചാല്‍ മിക്ക ക്യാസറുകളും ഫലപ്രദമായി ഭേദപ്പെടുത്താൻ ഇന്ന് സാധിക്കും. എന്നാല്‍ പലപ്പോഴും സമയബന്ധിതമായി രോഗം കണ്ടെത്താൻ സാധിക്കുന്നില്ലെന്നതാണ് സത്യം. 

ഇടയ്ക്കെങ്കിലും ആരോഗ്യകാര്യങ്ങള്‍ വിലയിരുത്തുന്നതിനോ മനസിലാക്കുന്നതിനോ ഉള്ള പരിശോധനകളോ ചെക്കപ്പുകളോ നടത്തുന്ന ശീലമില്ലെന്നതാണ് അധികവും ക്യാൻസര്‍ മരണങ്ങളിലേക്ക് നയിക്കുന്നത്. അതുപോലെ തന്നെ അനാരോഗ്യകരമായ ജീവിതരീതികളും ക്യാൻസര്‍ കേസുകളും അതുവഴി മരണങ്ങളും വര്‍ധിപ്പിക്കുന്നു. 

ഇപ്പോഴിതാ രാജ്യത്ത് സ്ത്രീകളില്‍ കാണപ്പെടുന്ന സെര്‍വിക്കല്‍ ക്യാൻസര്‍ ( ഗര്‍ഭാശയത്തെ ബാധിക്കുന്നത്) കൂടിവരികയാണെന്നും ഇതിനെ പ്രതിരോധിക്കാൻ കൂട്ടായ ശ്രമങ്ങള്‍ വരണമെന്നുമാണ് ഗൈനക്കോളജിസ്റ്റുകളുടെ ദേശീയ സംഘടയായ ഫോഗ്സി (FOGSI -ഫെഡറേഷൻ ഓഫ് ഒബ്സ്റ്റെട്രിക് ആന്‍റ് ഗൈനക്കോളജിക്കല്‍ സൊസൈറ്റീസ് ഓഫ് ഇന്ത്യ) ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയില്‍ പ്രതിവര്‍ഷം 1,20,000 പേര്‍ക്കെങ്കിലും സെര്‍വിക്കല്‍ ക്യാൻസര്‍ സ്ഥിരീകരിക്കുന്നുണ്ടെന്നും ഇവരില്‍ 70,000ത്തിലധികം പേരെങ്കിലും ഇതുമൂലം മരിക്കുന്നുണ്ട് എന്നുമാണ് ഫോഗ്സി ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ വലിയൊരു ശതമാനം കേസുകളും നേരത്തെ തന്നെ പ്രതിരോധിക്കാവുന്നതാണെന്നും ഇതിന് എച്ച്പിവി വാക്സിൻ വിതരണവും സ്ക്രീനിംഗും ഉണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. 

'ഒരുപാട് കേസുകള്‍ നമുക്ക് ഒഴിവാക്കാൻ സാധിക്കും. അധികവും തീവ്രത കുറഞ്ഞ രീതിയിലാണ് സെര്‍വിക്കല്‍ ക്യാൻസര്‍ തുടങ്ങുക. പത്തും ഇരുപതും വര്‍ഷങ്ങളെടുത്താണ് ഗര്‍ഭാശയ പ്രശ്നങ്ങള്‍ സെര്‍വിക്കല്‍ ക്യാൻസറിലേക്ക് വളര്‍ന്നെത്തുന്നത്. ഈ സമയമെല്ലാം രോഗത്തിനെതിരെ പോരാടാൻ ഉപയോഗിക്കാവുന്ന സമയമാണ്. ഇതിന് കൃത്യമായ സ്ക്രീനിംഗ് ആവശ്യമാണ്. സ്ക്രീനിംഗ് മാത്രം പോര, ഒപ്പം തന്നെ എച്ച്പിവി വാക്സിൻ വ്യാപകമായി വിതരണം ചെയ്യപ്പെടണം. ഇത് വലിയ രീതിയില്‍ സെര്‍വിക്കല്‍ ക്യാൻസര്‍ കുറയ്ക്കാൻ സഹായിക്കും...'- ഫോഗ്സി പ്രസിഡന്‍റ് ഡോ. ശാന്തകുമാരി പറയുന്നു. 

ഇപ്പോഴെ ശ്രമിച്ചുതുടങ്ങുകയാണെങ്കില്‍ 2030ഓടെ ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനും നല്ല ഫലം നേടാനും സാധിക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. പതിനഞ്ച് വയസിന് മുകളില്‍ പ്രായം വരുന്ന പെണ്‍കുട്ടികള്‍ മുതല്‍ അങ്ങോട്ടുള്ളവര്‍ക്ക് വാക്സിൻ എത്തിക്കണെമന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഒപ്പം തന്നെ ക്യാൻസര്‍ നിര്‍ണയം നടത്താനുള്ള സ്ക്രീനിംഗ് പരിപാടികള്‍ സജീവമാക്കണമെന്നും ഇവര്‍ പറയുന്നു.

Also Read:- പ്രസവമുറിയില്‍ നിന്ന് അലറിക്കൊണ്ട് ഭര്‍ത്താവിനെ പുറത്താക്കി; യുവതിയുടെ അനുഭവം