രാജ്യത്ത് കുട്ടികള്‍ക്കെതിരായ ലൈംഗീക ആക്രമണങ്ങള്‍ വര്‍ധിക്കുമ്പോള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് സംസ്ഥാനത്തെ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സിലര്‍മാര്‍ക്ക് പറയാനുള്ളത്. 2014ല്‍ 89423 കേസുകളാണ് കുട്ടികള്‍ക്കെതിരായ ആക്രമണത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത് ഓരോ വര്‍ഷവും വര്‍ധിക്കുന്നതായും ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ വിശദമാക്കുന്നു. 2017ല്‍ ഇത് 129032 കേസുകളാണ് കുട്ടികള്‍ക്കെതിരായ അക്രമത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത് ഞെട്ടിക്കുന്നതാണെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ബാലാവകാശ പ്രവര്‍ത്തകരും പറയുന്നു. ബിബിസിയിലാണ് സംസ്ഥാനത്തെ ചില കൗണ്‍സിലര്‍മാര്‍ തങ്ങളുടെ അനുഭവങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. 

കുട്ടികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ മിക്കതും തിരിച്ചറിയുന്നത് കൗണ്‍സിലര്‍മാരാണ്. തങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമം എന്താണെന്ന് പോലും തിരിച്ചറിയാത്ത കുട്ടികളും പലപ്പോഴും കൗണ്‍സിലര്‍മാര്‍ക്ക് മുന്നില്‍ എത്താറുണ്ട്. അത്തരത്തില്‍ ദക്ഷിണേന്ത്യയിലെ ഒരു സ്കൂളില്‍ പന്ത്രണ്ട് വയസുകാരിക്ക് നേരെ നടക്കുന്ന അതിക്രമം തിരിച്ചറിഞ്ഞത് സ്കൂളിലെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ്. ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു കുട്ടി കൗണ്‍സിലറോട് പങ്ക് വച്ചത്. കുട്ടിയുടേയും വീട്ടുകാരുടേയും പെരുമാറ്റത്തില്‍ അസാധരണത്വം ഉണ്ടെന്ന നിരീക്ഷണത്തിലാണ് പെണ്‍കുട്ടിയേയും അമ്മയേയും കൗണ്‍സിലിംഗിന് വിധേയമാക്കിയത്. 

പണത്തിന് വേണ്ടി പിതാവ് മകളെ കൂട്ടുകാര്‍ക്ക് കാഴ്ച വച്ചതായിരുന്നു സംഭവം. പലപ്പോഴും കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ എടുപ്പിച്ച ശേഷം ആവശ്യക്കാര്‍ക്ക് അയച്ച് നല്‍കും. ശേഷം പിതാവിനൊപ്പം ഇവര്‍ വീട്ടിലെത്തും. മദ്യപിച്ച ശേഷം ഭാര്യയേയും കുഞ്ഞിനേയും ദുരുപയോഗിക്കാന്‍ പിതാവ് അവസരം നല്‍കുകയായിരുന്നു. പിതാവിന്‍റെ സുഹൃത്തുക്കള്‍ അമ്മയുടെ മുറിയിലേക്ക് പോകുന്നത് കണ്ടെന്ന് പറഞ്ഞ പെണ്‍കുട്ടി, തന്‍റെ മുറിയിലേക്ക് ഒരാളെ കടത്തി വിട്ട ശേഷം പിതാവ് വാതില്‍ പുറത്ത് നിന്ന് അടച്ചതോടെ ഭയന്നുപോയിയെന്നാണ് കൗണ്‍സിലറോട് പറഞ്ഞത്. ഒരിക്കല്‍ ഇത്തരത്തില്‍ എത്തിയവര്‍ അമ്മയെ ആക്രമിച്ചു. 

താന്‍ ഗര്‍ഭിണിയാവാതിരിക്കാന്‍ പിതാവ് കോണ്ടം ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ഒരിക്കല്‍ പിരിയഡ്സ് വരാന്‍ വൈകിയതോടെ തന്നെ ആശപത്രിയില്‍ കൊണ്ടുപോയിയെന്നും അവിടെ നിന്ന് ചില മരുന്നുകള്‍ നല്‍കിയെന്നും കുട്ടി കൗണ്‍സിലറോട് പറഞ്ഞു. അമ്മയുടെ മുറിയിലേക്ക് മറ്റുള്ളവര്‍ പോകുന്നത് കണ്ടപ്പോള്‍ അത് സാധാരണമാണെന്നാണ് കരുതിയതെന്നാണ് കുട്ടി പറഞ്ഞത്. കുട്ടിക്ക് നേരെ നടക്കുന്ന തുടര്‍ച്ചയായ പീഡനമാണെന്ന് തിരിച്ചറിഞ്ഞ കൗണ്‍സിലര്‍ ചൈല്‍ഡ് ലൈനുമായി ബന്ധപ്പെടുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ പിതാവിനേയും അഞ്ച് സുഹൃത്തുക്കളേയും മാതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. 

സ്കൂള്‍ കാലത്തില് ഗര്‍ഭിണിയായ മറ്റൊരു കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കുന്നതിനിടയില്‍ തനിക്ക് നേരിട്ട അനുഭവമാണ് മറ്റൊരു കൗണ്‍സിലര്‍ പറയുന്നത്. കുഞ്ഞിനെ താന്‍ വളര്‍ത്തുമെന്നും അത് തന്‍റെ പിതാവിന്‍റെ കുഞ്ഞാണെന്നുമാണ് കുട്ടിയുടെ പ്രതികരണം. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ രാജ്യത്ത് വലിയ രീതിയിലാണ് നടക്കുന്നത്. മിക്ക കേസുകളിലും പ്രതിസ്ഥാനത്തുള്ളത് കുട്ടിയുടെ അടുത്ത ബന്ധുക്കളും മാതാ പിതാക്കളുടെ സുഹൃത്തുക്കളുമായിരിക്കുമെന്നാണ് ബാലാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.