പുരുഷന്മാർ മാത്രമല്ല സ്ത്രീകളും ഭയപ്പെടേണ്ട ഒന്നാണ് ഹൃദയാഘാതം. നെഞ്ചുവേദന മാത്രമാകില്ല മിക്കപ്പോഴും ഹൃദയാഘാതത്തിന്റെ ലക്ഷണം. ഹാര്‍ട്ട്‌അറ്റാക്കിന്റെ ലക്ഷണങ്ങളില്‍ ഒന്ന് മാത്രമാണ് നെഞ്ചുവേദന. ഇന്ന് സ്ത്രീകളിലും ഹൃദയാഘാതം മൂലമുള്ള മരണം കൂടി വരിയാണ്. സ്ത്രീകളില്‍ ഹൃദയാഘാതം ഉണ്ടാക്കുന്ന ലക്ഷണങ്ങള്‍ തിരിച്ചറിയണം. 

 നെഞ്ചുവേദനയാണ് ഹാര്‍ട് അറ്റാക്കിന്‍റെ പ്രധാന ലക്ഷണമായി പറയുന്നത്. അതേസമയം, സ്ത്രീകളിലും പുരുഷന്മാരിലും  ഹാര്‍ട്ട് അറ്റാക്ക് ഒരുപോലെയാണെങ്കിലും പുരുഷന്മാരില്‍ പ്രകടമാകുന്ന ലക്ഷണങ്ങളില്‍ നിന്നും വ്യത്യസ്തമാണ് സ്ത്രീകളിലെ ലക്ഷണങ്ങള്‍. ഏതൊക്കെയാണ് ആ ലക്ഷണങ്ങളെന്ന് അറിയേണ്ടേ...?

  ഒന്ന്...

നെഞ്ചിനുള്ളില്‍ പെട്ടെന്ന് തോന്നുന്ന അമിതമായ സമ്മര്‍ദം ചിലപ്പോള്‍ ഹാര്‍ട്ട്‌ അറ്റാക്ക് സാധ്യതയാകാം. നെഞ്ചുഭാഗത്ത് എവിടെ വേണമെങ്കിലും ഈ സമ്മര്‍ദം തോന്നാം. അത് ഇടതു ഭാഗത്ത് മാത്രം ആകണം എന്നുമില്ല. ഇടതുഭാഗത്തേക്ക് കൂടുതല്‍ വ്യാപിച്ചു വരുന്നതായി തോന്നിയാലോ ഏറെ നേരം ഈ പ്രശ്നം ഉണ്ടായാലോ ഉടനടി ഡോക്ടറെ കാണണം.

 രണ്ട്...

ശ്വാസം ലഭിക്കാന്‍ ബുദ്ധിമുട്ടുകള്‍ തോന്നുകയാണ് മറ്റൊരു ലക്ഷണം. പെട്ടെന്ന് ശ്വാസം ലഭിക്കാന്‍ ബുദ്ധിമുട്ട് തോന്നിയാലോ അനങ്ങാന്‍ പോലും പ്രയാസം തോന്നിയാലോ സൂക്ഷിക്കണം.

മൂന്ന്...

പെട്ടെന്ന് യാതൊരു കാരണവും ഇല്ലാതെ വിയര്‍ക്കുന്ന പ്രശ്നം ഉണ്ടോ ? എങ്കില്‍ മറ്റു കുഴപ്പങ്ങള്‍ ഇല്ലെന്നു ഡോക്ടറെ കണ്ട് ഉറപ്പിക്കണം. ഹൃദ്രോഗവുമായി ബന്ധപ്പെട്ട വേദന എല്ലായ്പ്പോഴും നെഞ്ചില്‍ മാത്രം ആയിരിക്കണം എന്നില്ല. ഇടതോ വലതോ കൈത്തണ്ടകളില്‍, വയറ്റില്‍ ഒക്കെ അസ്വാഭാവികമായി ഉണ്ടാകുന്ന വേദനകളെയും സൂക്ഷിക്കണം. 

നാല്....

സ്ത്രീകളിലെ ക്ഷീണം ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളില്‍ ഒന്നുകൂടിയാണ്. ഹാര്‍ട്ട് അറ്റാക്കിന് മുമ്പായി മാസങ്ങള്‍ക്ക് മുമ്പേ സ്ത്രീകളില്‍ ക്ഷീണം പ്രത്യക്ഷപ്പെട്ട് തുടങ്ങുമെന്ന് വിദ​ഗ്ധർ പറയുന്നു.