കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് ലോകരാജ്യങ്ങള്‍. അതിനിടെ ക്വാറന്‍റൈന്‍ ഉള്ളവർക്ക് ആവശ്യത്തിനു സൗകര്യം ഏർപ്പെടുത്തിയില്ല എന്ന വാര്‍ത്തയാണ് ദില്ലിയില്‍ നിന്ന് വരുന്നത്. സ്പെയിനിൽ നിന്നും എത്തിയവർക്ക് ആവശ്യത്തിന് സൗകര്യങ്ങൾ ഒന്നും ഏർപ്പെടുത്തിയില്ലെന്ന് പറഞ്ഞ് നവ്യ ഡുവ എന്ന പെൺകുട്ടി  പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തങ്ങൾ അനുഭവിക്കുന്ന ക്ലേശകരമായ അവസ്ഥയും നവ്യ  തന്‍റെ ട്വിറ്ററിലൂടെ വിവരിച്ചു. 

'ഞങ്ങൾ 40ൽ അധികം ആളുകൾ ഉണ്ട്. അവർക്കെല്ലാമായി മൂന്ന് വാഷ്റൂമുകളാണ് ഉള്ളത്. അഞ്ച് വലിയ ബെഡ്റൂമുകളും ഉണ്ട്. അവർ ഞങ്ങളോട് ശുചിത്വമുള്ളവരാകാൻ ആവശ്യപ്പെടുന്നു. എന്നാൽ ഞങ്ങൾക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ എത്ര മോശമാണ്. ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണെന്നു മറക്കരുത്'- വീഡിയോ പങ്കുവെച്ച് കൊണ്ട് നവ്യ കുറിച്ചു. 

 

 

അതേസമയം ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ പരിശോധിച്ച് എത്രയും പെട്ടന്ന് വേണ്ട നടപടി സ്വീകരിക്കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. 16ന്  പുലർച്ചെയാണ് സ്പെയിനിൽ നിന്നും  എത്തിയതെന്നും 14 ദിവസത്തെ ക്വാറന്റീനായി പൊലീസ് ട്രെയിനിങ്ങ് അക്കാദമിയില്‍ കഴിയുകയാണെന്നും നവ്യ തന്‍റെ ട്വിറ്ററില്‍ കുറുച്ചിരുന്നു.