ഇംഫാല്‍: മക്കള്‍ ഉയര്‍ന്ന പദവിയിലെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് രക്ഷിതാക്കള്‍. അത്തരത്തില്‍ മക്കള്‍ ഉയര്‍ന്ന പദവിയിലെത്തുമ്പോള്‍ ആഹ്ളാദിക്കുന്ന ഒരു പിതാവിന്‍റെ ചിത്രം വൈറലാവുന്നു. വനിതാ പൊലീസ് ഉദ്യോഗസ്ഥയായ മകളുടെ യൂണിഫോമിലെ നക്ഷത്രങ്ങള്‍ നോക്കുന്ന പിതാവിന്‍റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

പ്രമുഖ ഡിജിറ്റൽ മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടായ അമിത് പഞ്ചലാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. മണിപ്പൂരിലെ ഇംഫാലിലെ ഡെപ്യൂട്ടി എസ്പിയായ റാട്ടാന നാസെപ്പത്തിന്‍റെയും പിതാവിന്‍റെയും ചിത്രമാണ് വൈറലായിരിക്കുന്നത്. നിരവധിയാളുകളാണ് ചിത്രത്തിന് പ്രതികരണവുമായി എത്തിയിട്ടുള്ളത്. വ്യാഴാഴ്ച പങ്കുവച്ച ചിത്രത്തിന് നിരവധിയാളുകളാണ് പ്രതികരണവുമായി എത്തിയിട്ടുള്ളത്. പിതാവ് അഭിമാനത്തോടെ യൂണിഫോമിലെ നക്ഷത്രങ്ങള്‍ എണ്ണുമ്പോള്‍ പിതാവിന്‍റെ കണ്ണുകളിലെ നക്ഷത്രങ്ങള്‍ കാണുന്ന മകള്‍ എന്ന കുറിപ്പോടെയാണ് ചിത്രം ട്വീറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. 

നിരവധിയാളുകള്‍ക്ക് ചിത്രം പ്രചോദനമാകുമെന്നാണ് നിരവധിയാളുകള്‍ പ്രതികരിക്കുന്നത്. കഴിഞ്ഞമാസം ദില്ലി പൊലീസ് ഉദ്യോഗസ്ഥനായ പിതാവിനും സഹപ്രവര്‍ത്തകര്‍ക്കുമായി എട്ട് വയസുകാരി എഴുതിയ കത്ത് വൈറലായിരുന്നു. കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന് ഇടയില്‍ പിതാവും സഹപ്രവര്‍ത്തകരും ചെയ്യുന്ന സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞായിരുന്നു കത്ത്.