പതിനഞ്ചാം വയസ്സില്‍ പീഡനത്തിന് ഇരയായെന്ന് തുറന്ന് പറഞ്ഞ് ഹോളിവുഡ് നടി ഡെമി മൂര്‍. ഇതുവരെ ആരോടും പറഞ്ഞിട്ടില്ലാത്ത ഡെമിയുടെ ജീവിതം വെളിപ്പെടുത്തുന്ന 'ഇന്‍സൈഡ് ഔട്ട്' എന്ന ആത്മകഥ സെപ്റ്റംബര്‍ 24ന് പുറത്തിറങ്ങും. ആത്മകഥ പുറത്തിറങ്ങുന്നതിന് മുന്നോടിയായി ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പുസ്തകത്തിലെ ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ താരം വെളിപ്പെടുത്തിയത്. 

 പ്രായത്തില്‍ ഏറെ ചെറുപ്പമായ ആഷ്ടന്‍ കച്ചറുമായുള്ള തന്‍റെ ബന്ധത്തെപ്പറ്റിയും നടി ഇതില്‍ തുറന്നുപറയുന്നു. പതിനഞ്ചാം വയസ്സില്‍ ലൈംഗിക പീഡനത്തിന് ഇരയായയെന്നും പ്രായത്തില്‍ ഏറെ ചെറുപ്പമായ ആഷ്ടന്‍ കുച്ചെറുമായുളള ബന്ധവും ഗര്‍ഭച്ഛിദ്രവുമെല്ലാം ഡെമി തന്‍റെ പുസ്തകത്തില്‍ പറയുന്നുണ്ട്. 

അന്‍പതിയാറുകാരിയാണ് ഡെമി. ഭര്‍ത്താവ് ബ്രൂസ് വില്ലിസുമായി വേര്‍പിരിഞ്ഞ ഡെമി 2000ല്‍  ആഷ്ടനുമായി പ്രണയത്തിലാവുകയായിരുന്നു. ഡെമിയെക്കാള്‍ 15 വയസ്സ് ചെറുപ്പമായിരുന്നു ആഷ്ടന്‍. ആ ബന്ധത്തില്‍ ഡെമി ഗര്‍ഭിണിയാവുകയും ആറ് മാസം വളര്‍ച്ചയുണ്ടായിരുന്ന കുഞ്ഞിനെ ഗര്‍ഭത്തില്‍ തന്നെ നഷ്ടപ്പെട്ടുവെന്നും ഡെമി പറയുന്നു. തുടര്‍ന്ന് അതിലുളള വിഷമം മൂലം മദ്യപാനം, ലഹരിമരുന്ന് എന്നിവ ഉപയോഗിച്ചു തുടങ്ങിയെന്നും ഇവര്‍ പറയുന്നു. 

2008ല്‍ ആഷ്ടിനെ വിവാഹം ചെയ്തെങ്കിലും 2013ല്‍ ഇവര്‍ വേര്‍പിരിയുകയായിരുന്നു. സ്ട്രിപ്ടസ്, റഫ് നൈറ്റ്, ബോബി, മിസ്റ്റര്‍ ബ്രൂക്‌സ്, ഗോസ്റ്റ് തുടങ്ങിയവയായിരുന്നു ഡെമിയുടെ പ്രധാനസിനിമകൾ.