ബെം​ഗളൂരു: 2018-19 ​ഗ്ലോബൽ ഏഷ്യൻ അവാർഡ് പ്രശസ്ത ​ഗൈനക്കോളജിസ്റ്റ് ഡോ. ഹേമ ദിവാകറിന്. സ്ത്രീകളുടെ ആരോ​ഗ്യ സംരക്ഷണത്തിന് നൽകിയ സംഭാവനകൾ പരി​ഗണിച്ചാണ് ഡോ. ഹേമ ദിവാകറിന് അം​ഗീകാരം നൽകിയതെന്ന് പുരസ്‌കാര നിര്‍ണയ സമിതി സംഘാടകരായ 'ഏഷ്യ വൺ മാസിക'യുടെ പ്രസാധകന്‍ പറഞ്ഞു. ബെം​ഗളൂരു ആസ്ഥാനമാക്കി പ്രവൃത്തിക്കുന്ന ഏഷ്യന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌കില്‍ ട്രാന്‍സ്ഫര്‍ (ആര്‍ട്ടിസ്റ്റ്) എന്ന സംഘടനയുടെ സിഇഒയും ചെയർപേഴ്സണുമാണ് ഡോ. ഹേമ ദിവാകർ.    

യുഎയിൽ വച്ച് നടന്ന എഷ്യൻ ബിസിനസ്സ് ആൻഡ് സോഷ്യൽ ഫോറം-2019 എന്ന പരിപാടിയിൽ യുഎഇയുടെ ട്രേഡ് പ്രെമോഷൻ ഡയറക്ടർ മുഹമ്മദ് നസീർ ​ഹംദാൻ അൻ സാബിയുടെ കയ്യിൽനിന്നാണ് ഡോ. ഹേമ ദിവാകർ പുരസ്കാരം ഏറ്റുവാങ്ങിയത്. 'സമൂഹത്തിന്റേയും രാജ്യത്തിന്റേയും സേവനത്തിന്' എന്ന വിഭാ​ഗത്തിലാണ് ഹേമ ദിവാകർ പുരസ്കാരത്തിന് അർഹയായത്.    
 
സ്ത്രീകളുടെ ആരോ​ഗ്യ സംരക്ഷണത്തിനായി വിവിധ പരിപാടികളാണ് ഡോ. ഹേമ ദിവാകരുടെ നേതൃത്തിലുള്ള ആര്‍ട്ടിസ്റ്റ് എന്ന സംഘടന നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന പ്രമേഹം നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ആര്‍ട്ടിസ്റ്റ് പുതിയ പദ്ധതി നടപ്പാക്കിയിരുന്നു. ലോക വനിതാ ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 'സ്വീറ്റ് ഹാര്‍ട്ട്' എന്ന പരിശോധന പദ്ധതി ഏറെ പ്രശംസ നേടിയിരുന്നു.

കുറഞ്ഞ ചെലവിൽ ​ഗുണമേൻമയുള്ള ചികിത്സാ സൗകര്യങ്ങള്‍ പ്രധാനം ചെയ്യുന്ന കര്‍ണാടകയിലെ പ്രമുഖ ആശുപത്രിയായ ദിവാകേര്‍സ് സ്പെഷ്യലിറ്റി ആശുപത്രിയുടെ ചെയര്‍പേഴ്സനാണ് ഡോ. ഹേമ ദിവാകര്‍. ഫെഡറേഷൻ ഓഫ് ഗൈനക്കോളജിക്കൽ സർജൻസ് ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡന്റ്‌ ആയിരുന്നു ഡോ. ഹേമ ദിവാകർ.