Asianet News MalayalamAsianet News Malayalam

'ഈ രാത്രി നിനക്ക് ഉറക്കം ഇല്ലേ, ആരോടാ ഈ സംസാരം'; രാത്രികളിലെ സദാചാര മെസേജുകളെ കുറിച്ച് ഡോക്ടറുടെ കുറിപ്പ്

മെഡിക്കൽ കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റല്‍ സമരവുമായി ബന്ധപ്പെട്ട് അവരെ മോശം കമന്‍റിട്ട ആളുകൾ ഭാര്യയെ പ്രസവത്തിന് കൊണ്ട് പോകുമ്പോൾ  ലേഡി ഡോക്ടർ തന്നെ വേണം എന്ന് വാശി പിടിക്കുന്നവരുമാണ്.

dr arsha m dev fb post on medical college strike
Author
First Published Nov 24, 2022, 5:25 PM IST

രാത്രികളില്‍ പെണ്‍കുട്ടികള്‍ സമൂഹ മാധ്യമങ്ങളില്‍ ഓണ്‍ലൈനില്‍ കണ്ടാല്‍, രാത്രിയില്‍ ഇവര്‍ പുറത്തിറങ്ങിയാല്‍ എന്തോ വലിയ കാര്യം സംഭവിച്ചെന്ന മട്ടില്‍ ചിന്തിക്കുന്നവര്‍ പലരും നമ്മുക്ക് ചുറ്റുമുണ്ട്. ഇത്തരത്തിലുള്ള ആളുകളെ കുറിച്ച് ഒരു കുറിപ്പ് ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയാണ് ഡോ. ആര്‍ഷ എം ദേവ്. മെഡിക്കൽ കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റല്‍ സമരവുമായി ബന്ധപ്പെട്ട് അവരെ മോശം കമന്‍റിട്ട ആളുകൾ ഭാര്യയെ പ്രസവത്തിന് കൊണ്ട് പോകുമ്പോൾ  ലേഡി ഡോക്ടർ തന്നെ വേണം എന്ന് വാശി പിടിക്കുന്നവരാണെന്ന് പറയുകയാണ് ഡോ. ആര്‍ഷ. ഇതേ മാന്യ വ്യക്തികൾക്ക് മെഡിക്കൽ കോളേജിലെ ലേബർ റൂമിൽ പാതി രാത്രിക്ക് ആൺ ഹൗസ് സർജനെ കണ്ടാൽ കുരു പൊട്ടും എന്നതിൽ തർക്കമില്ലെന്നും കുറിപ്പില്‍ പറയുന്നു. 

കുറിപ്പ് വായിക്കാം...

കുറച്ചു നാളുകൾക്ക് മുമ്പാണ്. ഞാൻ ഹൗസ് സർജൻസി ചെയ്യുന്ന സമയം. പ്രസ്തുത കാലത്തിന്‍റെ ജോലി ഭാരത്തെ പറ്റി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ! എന്തായാലും ഒരു ഓർത്തോ അഡ്മിഷൻ ഡേയുടെ അന്ന് ഞാൻ എക്സ് റേ റൂമിൽ നിന്നും വേണ്ടപ്പെട്ട ചില എക്സ് റേകൾ ഫോണിൽ കോപ്പി ചെയ്ത് ട്രയേജിലേക്ക് നടക്കുകയായിരുന്നു. (ഓരോ യൂണിറ്റിനും ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാകും. കിട്ടുന്ന എക്സ് റേ കൾ ഹൗസ് സർജൻ റെഡിയോളജി റൂമിൽ പോയി ഫോണിൽ കോപ്പി ചെയ്ത് വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയാണ് പതിവ്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് യൂണിറ്റ് ചീഫിനും അസിസ്റ്റന്‍റ് പ്രഫസർമാർക്കുമൊക്കെ ഒരേ സമയത്ത് തന്നെ എക്സ് റേ കിട്ടുകയും ചെയ്യും. 

റേഞ്ച് പ്രശ്നം ആയതുകൊണ്ട് ഞാൻ വെളിയിൽ ഇറങ്ങി കിട്ടിയ എക്സ് റേ കളൊക്കെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു തുടങ്ങി.അപ്പൊൾ സമയം ഏകദേശം പുലർച്ചെ രണ്ട് രണ്ടര മണി. ഉറക്കം വന്നു കണ്ണ് കറങ്ങുന്നുണ്ടായിരുന്നുവെങ്കിലും ചെയ്യേണ്ട ജോലി വലുതായിരുന്നു. കാരണം പത്തമ്പത് എക്സ് റേ ഉണ്ട് പോസ്റ്റ് ചെയ്യാൻ. ട്രയേജ് വാർഡാണെങ്കിൽ കേസുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു!  നിനച്ചിരിക്കാതെ പൊടുന്നനെ ഒരു പരിചയമുള്ള വ്യക്തിയുടെ മെസ്സേജ് നോട്ടിഫിക്കേഷൻ : "കുറെ നേരമായി നീ ഓൺലൈൻ ഉണ്ടല്ലോ? എന്താ ഈ നേരത്ത് വാട്സ് ആപ്പിൽ ? " 

ഞാൻ മൈൻഡ് ചെയ്യാതെ വീണ്ടും എന്‍റെ ജോലി തുടർന്നു, ഒരു സാദാ റെഡ്മി ഫോണിൻ്റെ സകല ഹാങ്ങും സഹിച്ചു കൊണ്ട്. ഇടയ്ക്കിടെ മെമ്മറി കാർഡ് ഫുൾ എന്ന് മെസ്സേജ് വന്നു കൊണ്ടേയിരുന്നു. ഇതിന്‍റെ ഇടക്ക് വീണ്ടും അതേ മാന്യദേഹം ചോദിക്കുന്നു : " ഈ രാത്രി നിനക്ക് ഉറക്കം ഇല്ലേ? ആരോടാ ഈ സംസാരം ? " അയാളുടെ ധാരണകൾ ഏത് ദിശയിലേക്കാണ് തിരിയുന്നത് എന്ന് എനിക്ക് മനസ്സിലായി.

ഓരോ തവണ അയാളുടെ മെസ്സേജ് വരുമ്പോഴും ഫോൺ ഹാങ്ങിൽ പോകുന്നു! നെറ്റും കിട്ടുന്നില്ല. വല്ലാത്ത ഒരവസ്ഥ. ദേഷ്യം വന്നെങ്കിലും അയാളോട് എന്താ പറയേണ്ടത് എന്നോർത്ത് പകച്ചു പോയി. എന്‍റെ ഈ സമയത്തെ ജോലിയെ പറ്റി അയാൾക്ക് വിശദീകരിക്കാൻ എനിക്ക് സമയം ഉണ്ടായിരുന്നില്ല (അല്ലെങ്കിൽ തന്നെ അതിന്‍റെ ആവശ്യവും ഇല്ല!). പിന്നെ കണ്ണും പൂട്ടി പരിചയവും ബന്ധവും ഒക്കെ മറന്നു ഒരൊറ്റ ബ്ലോക്ക് അങ്ങ് ചെയ്തു. അതോടെ ആശ്വാസം!

ഇന്നലെ കോഴിക്കോട്ടെ മെഡിക്കൽ കോളജ് ലേഡീസ് ഹോസ്റ്റലിൽ കുട്ടികളുടെ സമര വാർത്തയ്ക്ക് താഴെ കുറേപ്പേർ വന്നു പത്ത് മാസം ഗർഭം, വഴി പിഴക്കൽ എന്നൊക്കെ കമന്‍റ് ഇട്ട് തകർക്കുന്നത് കണ്ടപ്പോൾ ഞാൻ എംബിബിഎസ് കാലത്ത് നേരിട്ട " എന്തേ രാത്രി ഓൺലൈൻ" ചോദ്യത്തെ ഓർത്ത് പോയി. മെഡിക്കൽ കോളേജിലെ പെൺകുട്ടികളെ തെറി കമന്‍റ്  ഇട്ട ആളുകൾ ഭാര്യയെ പ്രസവത്തിന് കൊണ്ട് പോകുമ്പോൾ  " ലേഡി ഡോക്ടർ തന്നെ വേണം.." എന്ന് വാശി പിടിക്കുന്നത് കാണാം എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ഈ "ലേഡി" ഡോക്ടർ എങ്ങനെയാണ് ഉണ്ടാകുന്നത് ? മെഡിക്കൽ കോളേജിലെ വാർഡുകളിൽ നിന്നും വാർഡുകളിലെക്ക്  ഉറക്കവും ക്ഷീണവും മറന്നു ഓടി നടക്കുന്ന ഇതേ എംബിബിഎസ് പെൺകുട്ടികൾ ആണ് ഹേ നാളത്തെ "ലേഡി" ഡോക്ടർമാർ ആയി മാറുന്നത്! 

മേൽപറഞ്ഞ എംബിബിഎസ് പെൺകുട്ടികൾ പത്ത് മണിക്ക് ശേഷം നടക്കുന്ന പ്രസവവും, അടിയന്തിര ശസ്ത്രക്രിയകളും മറ്റും " ഞങ്ങൾ സ്ത്രീകളാണ്.നേരം വെളുക്കട്ടെ, നാളെ നോക്കാം" എന്ന് പറഞ്ഞ്  കൈയൊഴിയണം എന്നാണോ ഈ തെറി കമന്‍റ് ഇടുന്ന മഹാന്മാരുടെയും മഹതികളുടെയും ഒക്കെ വാദം? ഇതേ മാന്യ വ്യക്തികൾക്ക് മെഡിക്കൽ കോളേജിലെ ലേബർ റൂമിൽ പാതി രാത്രിക്ക് ആൺ ഹൗസ് സർജനെ കണ്ടാൽ കുരു പൊട്ടും എന്നതിൽ തർക്കമില്ല. കാരണം ഇവരെ ഒക്കെ സംബന്ധിച്ച് സ്ത്രീക്കും പുരുഷനും ഇടയിൽ ഒരൊറ്റ ബന്ധമെ ഉള്ളു. 

ഉറക്കവും ഭക്ഷണവും ക്ഷീണവും എന്ന് വേണ്ട കുടുംബത്തിൽ നടക്കുന്ന സർവ്വ ആഘോഷങ്ങളും അവധികളും വരെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മാറ്റി വെച്ച് സ്വന്തം ആൺ സഹപ്രവർത്തകരെ പോലെ തന്നെ നല്ല ഭംഗിയായി മെഡിക്കൽ കോളേജിൽ പണി എടുത്തിട്ട് തന്നെയാണ് ഓരോ "ലേഡി"യും ഡോക്ടർ ആകുന്നത്. ചെയ്യുന്ന ജോലിയെ ആദരിച്ചില്ലെങ്കിലും അവരെ അധിക്ഷേപിക്കാതെ ഇരിക്കാനുള്ള മര്യാദ കാണിക്കുക!

-ഡോ. ആർഷ.

 

Also Read: 'ഞാന്‍ എന്താണോ അത് ഞാന്‍ ഇഷ്ടപ്പെടുന്നു'; ജിമ്മില്‍ നിന്നുള്ള അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങല്‍ വൈറല്‍

Follow Us:
Download App:
  • android
  • ios