ചോദിച്ച ആളോടു ഞാൻ പറഞ്ഞു. ഇതൊനും നടക്കുമെന്നു തോന്നുന്നില്ല. നടക്കണേ എന്നാഗ്രഹിക്കാൻ വയ്യ. ചുമ്മാതല്ല ശമ്പളം എണ്ണിത്തന്നിട്ടല്ലേ എന്ന വെല്ലുവിളി ഏറ്റെടുക്കാൻ ആരോഗ്യമില്ല
കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ആരോ ചോദിക്കുകയുണ്ടായി. ഒരു ചർച്ചയ്ക്കു വേണ്ടിയാണ്. അടുക്കള ജോലിക്ക് വേതനം എർപ്പെടുത്തുന്ന കാര്യത്തെപ്പറ്റി.
എനിക്കു ചിരിയാണു വന്നത്.
ഒരിക്കലും നടക്കാത്ത മനോഹരമായ ആ സ്വപ്നത്തെക്കുറിച്ച് വീണ്ടും വീണ്ടും ചോദിക്കുമ്പോൾ ചിരിക്കാതെന്തു ചെയ്യും?
ശരി, ഇനി അതു നടപ്പിൽ വന്നു എന്നു തന്നെ കരുതുക. എങ്ങിനെ, എത്ര മണിക്കൂർ, എത്ര രൂപ, എന്തിനൊക്കെ... ഇതൊക്കെ എങ്ങനെ കണക്കാക്കും.
അപ്പോഴതിൻ്റെ തൊഴിൽ നിയമങ്ങൾ?
അവധി പോലുള്ള കാര്യങ്ങൾ മെഡിക്കൽ ലീവ്... ഓവർ ടൈം..
ചോദിച്ച ആളോടു ഞാൻ പറഞ്ഞു. ഇതൊനും നടക്കുമെന്നു തോന്നുന്നില്ല. നടക്കണേ എന്നാഗ്രഹിക്കാൻ വയ്യ. ചുമ്മാതല്ല ശമ്പളം എണ്ണിത്തന്നിട്ടല്ലേ എന്ന വെല്ലുവിളി ഏറ്റെടുക്കാൻ ആരോഗ്യമില്ല. ഞാൻ ഒരു പഴഞ്ചനാണെന്ന് അവർക്കു തോന്നിയിരിക്കാം.
തെറ്റു പറയാൻ 'പറ്റില്ല. ന്യൂജെൻ കുട്ടിയാണ്.
നടപ്പാവുന്നത് ഒന്നേയുള്ളൂ എന്നു ഞാൻ ഒരു നിമിഷം നിർത്തി പറഞ്ഞു. ഡിവിഷൻ ഓഫ് ലേബർ. തൊഴിൽ വിഭജനം. എന്തെന്നാൽ അടുക്കള അതുൾക്കൊള്ളുന്ന വീട് ചുമരുകൾ ഉള്ള നിലമുള്ള, മേൽക്കൂരയുള്ള , ജനാലകളും വാതിലുകളുമുള്ള ഒരു സ്ഥാവരവസ്തു മാത്രമല്ല. അതിനുള്ളിൽ ജീവിതമുണ്ട്, ജൈവികതയുണ്ട്, ബന്ധമുണ്ട് ( ബന്ധനമുണ്ട്) സ്വാതന്ത്ര്യവും സഹനവുമുണ്ട്. ഇണക്കവും പിണക്കവും കളിചിരിയും പരിഭവവും പരിദേവനവുമുണ്ട്. വേദനയും ആശ്വാസവുമുണ്ട്. സന്തോഷവും ഊർജവുമുണ്ട്. ഒപ്പം അതിൻ്റെ കർത്തവ്യനിർവഹണമെന്നത് എല്ലാ അർത്ഥത്തിലും ഭരണവുമാണ്. Administration തന്നെ. കുട്ടിക്ക് ആശ്വാസമായിക്കാണണം.
ശരിയല്ലേ
വകുപ്പുകൾ പലതാണ്.
തുണി നനയ്ക്കാനിടൽ നനയ്ക്കൽ, നനച്ചതുണി വിരിക്കൽ എടുക്കൽ മടക്കൽ ഇസ്തിരിയിടൽ.
പാചകത്തിന് ഇന്നുള്ളത് ഒരുക്കൽ നുറുക്കൽ തേങ്ങ ചിരക്കൽ അരയ്ക്കൽ പാചകം ചെയ്യൽ നാളത്തേക്കുള്ളത് എടുത്തുവയ്ക്കൽ.
വീടൊതുക്കൽ അടിച്ചുവാരൽ മാറാലയടിക്കൽ തുടയ്ക്കൽ. പൂന്തോട്ടവും പച്ചക്കറിത്തോട്ടവുമുണ്ടെങ്കിൽ വളമിടൽ നനയ്ക്കൽ
വിത്തുണ്ടാക്കൽ
കള പറിക്കൽ, വിത്തുണക്കൽ ജൈവവള മൊരുക്കൽ. മുറ്റമുണ്ടെങ്കിൽ അടിച്ചുവാരൽ ( ഞാനടിച്ചു വാരി കത്തിച്ചും ചെടിക്കു തടമിട്ടും ഉണക്കിയും പൊടിച്ചും വളമാക്കിയും കൂട്ടിയിട്ട ചവറ് ഒരു എവറസ്റ്റോളം വരും) ചവറുകത്തിക്കൽ പ്ലാസ്റ്റിക് വേസ്റ്റ് തരംതിരിക്കൽ.
വീട്ടിൽ വളർത്തുമൃഗങ്ങളുണ്ടെങ്കിൽ അവയുടെ പരിചരണം. അവയ്ക്ക് പ്രത്യേക ഭക്ഷണം വീട്ടിൽ മുതിർന്നവർ കിടപ്പുരോഗികൾ, രോഗികൾ ഉണ്ടെങ്കിൽ അവരുടെ പരിചരണം.കുട്ടികളുണ്ടെങ്കിൽ അവരുടെ പഠനകാര്യങ്ങൾ സ്കൂൾ വിശേഷങ്ങൾ.
പച്ചക്കറിയും പാലും പഴവും പലവ്യഞ്ജനങ്ങളും വാങ്ങൽ ചിലതു വറുക്കൽ പൊടിക്കൽ
പ്രാതലിന് ഉച്ചയ്ക്ക് വൈകുന്നേരത്ത് അത്താഴത്തിന്
യാത്രകളോ കല്യാണം പോലുള്ള കൂടിച്ചേരലുകളോ പ്രാർത്ഥനാലയങ്ങളോ സുഹൃദ്സന്ദർശനങ്ങളോ അതിഥിസത്കാരങ്ങളോ ഇതിനു പുറമേ...
തൊഴിൽ ചെയ്യുന്നവരാണെങ്കിൽ അവിടുത്തെ പ്രശ്നങ്ങൾ
ഗൃഹഭരണത്തിൽ അനന്തമായ വകുപ്പുകളും ഉപവകുപ്പുകളുമാണ്. ഇതിന്മേൽ വേണ്ട ധനാഭ്യർത്ഥനകൾ, ചോദ്യോത്തര വേളകൾ. അതിൽ പലതും സ്റ്റാർഡ് ആയിരിക്കുകയും ചെയ്യും. കൃത്യമായ ഉത്തരം നമ്മൾ പറയേണ്ടവ. ചോറ് വെന്തു പോയതു മുതൽ മുൻവശത്തെ ടീപോയിലെ പേപ്പർ അടുക്കി വയ്ക്കാത്തതു സംബന്ധിച്ചുള്ള ചോദ്യം വരെ കാണുമതിൽ. അതിനിടയിൽ ചിലപ്പോൾ സഭാരേഖകളിൽ നിന്നു നീക്കം ചെയ്യേണ്ട അൺപാർലമെൻ്ററി പരാമർശങ്ങൾ ഉണ്ടാകും.
ഗൃഹഭരണമാണ്.
നമ്മൾ എത്ര ശ്രദ്ധക്ഷണിക്കൽ പ്രമേയങ്ങൾ അവതരിപ്പിച്ചാലും ഒരു ശ്രദ്ധയും ആരും തരാറില്ല.
ഇതിനിടയിൽ വീട്ടിലിരുന്നാൽ സ്വൈരം കിട്ടില്ലെന്ന് നടുത്തളത്തിൽ വന്ന് മേശയിൽ അടിച്ച് വെറുപ്പ് രേഖപ്പെടുത്തി വാക്കൗട്ടും നടത്തിക്കളയും. നമ്മളീ ഭരണം നടത്തുന്ന ഗൃഹനായിക ഭരണപക്ഷമാണെങ്കിലും വീട്ടിൽ പ്രതിപക്ഷത്തിനാണ് ശക്തി. ഭരണകക്ഷി ദുർബലയായ ഏകാംഗക്കമ്മീഷനാണ്. പ്രതിപക്ഷം കൂട്ടുകക്ഷിയും.
പൊതുവായ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ അനുവദിക്കുന്ന ആ സമയമുണ്ടല്ലോ അപ്പോഴാണ് ചോദ്യോത്തരവേളയ്ക്കും വീട്ടിലെ സാധാരണ നടപടിക്രമങ്ങൾക്കും ഇടയിൽ എന്തെങ്കിലും പൊതുപ്രശ്നങ്ങൾ ഉന്നയിക്കുന്നത്. അപ്പോഴേക്കും സഭ പിരിയാൻ നേരമാവും.
നമ്മൾ മാത്രമായ ശൂന്യവേളയാകും.
ഫെമിനിസത്തിൻ്റെ നാലാമത്തെയോ അഞ്ചാമത്തെയോ wave-ൽ ഞങ്ങളുടെ കപ്പലിപ്പോഴും ആടിക്കൊണ്ടിരിക്കുകയാണ്. ഞങ്ങൾക്ക് നങ്കൂരം ഉറപ്പിക്കാനായിട്ടില്ല. കാറ്റിൻ്റെ ഗതിക്കൊപ്പം പായ നിവർത്താൻ കഴിഞ്ഞിട്ടില്ല. എന്നിട്ടും ഞങ്ങൾ ഫെമിനിസ്റ്റുകളെന്ന ലേബലിൽ തുടരുന്നു. വാഗ്വാദം നടത്തുന്നു. പ്രസംഗിക്കുന്നു. മേനി നടിക്കുന്നു. വീട്ടിൽ ഗൃഹനായികയായി തുടരുന്നു. റേഷൻ കാർഡിൽ ഫോട്ടോ പതിച്ച് വിപ്ലവം നടത്തുന്നു.
ഞങ്ങളുടെ മക്കൾ പക്ഷേ ഒന്നിനെപ്പറ്റിയും വ്യാകുലപ്പെടാതെ ഞങ്ങളുടെ ഫെമിനിസത്തിൻ്റെ ഭാരങ്ങളില്ലാതെ പരസ്പരം ജോലികൾ പങ്കുവച്ച് ഡിവിഷൻ ഓഫ് ലേബർ എന്ന മഹത്തായ ആശയത്തിൽ വിശ്വസിച്ച് രാവിലേ കിടപ്പറയിലെ കിടക്കയിലിരുന്ന് ഉറക്കച്ചടവോടെ ഭർത്താവുണ്ടാക്കിക്കൊടുത്ത കട്ടൻചായ ഊതിയാറ്റിക്കുടിക്കുന്നു.
ഞങ്ങളാണത്രേ ഫെമിനിസ്റ്റുകൾ !
വനിതാ ദിന പ്രത്യേക ആർട്ടിക്കിളുകൾ ഇവിടെ വായിക്കാം
