2018 ൽ മിസ് ഉക്രെയ്ൻ കിരീടമണിഞ്ഞ വെറോനിക്കയ്ക്ക് അഞ്ച് വയസുള്ള ഒരു മകനുണ്ടെന്ന് സംഘാടക‌ർ കണ്ടെത്തിയതിനെത്തുടർന്ന് മിസ് വേൾഡ് മത്സരത്തിൽ നിന്ന് വെറോനിക്കയെ അയോഗ്യയാക്കിയിരുന്നു.

കിവ്: മിസ് വേൾഡ് സംഘാടകർക്കെതിരെ നിയമനടപടിയുമായി മുൻ മിസ് ഉക്രയിൻ. അമ്മയായതിനെത്തുടർന്ന് മിസ് വേൾഡ് മത്സരത്തിൽ നിന്ന് വിലക്കിയതിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങിയിരിക്കുകയാണ് മുൻ മിസ് ഉക്രയിൻ വെറോനിക്ക ഡിഡുസെങ്കോ. ഇത്തരത്തിലുള്ള ചട്ടങ്ങൾ മത്സരത്തിൽ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ടാണ് വെറോനിക്ക നിയമനടപടികൾക്ക് തുടക്കമിട്ടത്.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ വെറോനിക്ക #righttobeamother ക്യാമ്പയിനിന് തുടക്കം കുറിക്കുകയും ചെയ്തു. മിസ് വേൾഡ് സംഘാടകർക്കെതിരെ ശക്തമായി പോരാടും. ഇത്തരത്തിലുള്ള നിയമങ്ങൾ മാറ്റാനുള്ള സമയമായെന്നും വെറോനിക്ക പറയുന്നു. എല്ലാ സ്ത്രീകളെയും മത്സരത്തിൽ പങ്കെടുക്കാൻ അനുവദിക്കുക. 

“#MissUkraine കിരീടം നേടിയതിന് ശേഷം മിസ് വേൾഡിൽ മത്സരിക്കാൻ എന്നെ അനുവദിക്കാത്തതിന്റെ കാരണം ഞാൻ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയായതുമാണെന്നും വെറോനിക്ക പറയുന്നു. സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് അമ്മമാരെയും വിവാഹിതരായ സ്ത്രീകളെയും വിലക്കുന്നുവെന്ന് വെറോനിക്ക ഇൻസ്റ്റഗ്രാമിൽ കുറിച്ച പോസ്റ്റിൽ പറയുന്നു. 

കിരീടം വേണ്ടെന്നും അവർ കുറിച്ചു. 2018 ൽ മിസ് ഉക്രെയ്ൻ കിരീടമണിഞ്ഞ വെറോനിക്കയ്ക്ക് അഞ്ച് വയസുള്ള ഒരു മകനുണ്ടെന്ന് സംഘാടക‌ർ കണ്ടെത്തിയതിനെത്തുടർന്ന് മിസ് വേൾഡ് മത്സരത്തിൽ നിന്ന് വെറോനിക്കയെ അയോഗ്യയാക്കിയിരുന്നു.