ജീവിതത്തില്‍ പല തരത്തിലുളള പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരുണ്ട്, അതിജീവിച്ചവരുണ്ട്. അത്തരം ആളുകളുടെ അനുഭവങ്ങള്‍ സൈക്കോളജിസ്റ്റായ കല മോഹന്‍ തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കാറുണ്ട്.

അടുത്തിടെ അവര്‍ പങ്കുവെച്ച പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി. അച്ഛന്‍റെയും അമ്മയുടെയും വിവാഹത്തിന് ലഡു വിതരണം ചെയ്ത ഒരു പെണ്‍കുട്ടിയുടെ കഥയാണിത്. 

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

ഏറ്റവും മനോഹരമായ ഒരു കഥ കേട്ട ദിവസം.. അത് ഇന്നാണ്.. 
കഥയല്ലിത് ജീവിതം..

ജീവന്റെ ജീവനായി പ്രണയിക്കുന്ന പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള വീട്ടുകാരുടെ അനുവാദം തേടി, പോകവേ അയാൾ ആക്‌സിഡന്റിൽ മരണപെട്ടു.. 
കരഞ്ഞു തീർക്കാൻ പോലും സമയം കിട്ടുന്നതിന് മുൻപേ, വീട്ടുകാർ ആ പെൺകുട്ടിക്ക് മറ്റൊരു വിവാഹം നടത്തി.. 
ഒട്ടും യോജിക്കാൻ കഴിയാത്ത മാനസികാവസ്ഥ.. 
വിവാഹം കഴിഞ്ഞു, വിദേശത്ത് പോയെങ്കിലും, അവിടെയും അവൾക്കൊരു ഭാര്യ ആകാൻ പറ്റിയില്ല.. 
ഭാര്തതാവായ ആളിനെ അംഗീകരിക്കാൻ പറ്റുന്നില്ല. 
അയാളുടെ ലൈംഗികാക്രമണം അതിഭീകരം ആയിരുന്നു.. 
പ്രകൃതിവിരുദ്ധമായ രതികളോട് മാത്രം താല്പര്യം ഉള്ള ഒരുവൻ.. 
അയാളിലെ പ്രശ്നങ്ങൾ ഏറെ കുറെ അറിയുന്ന അയാളുടെ തന്നെ കൂട്ടുകാരൻ അവളുടെ രക്ഷകനായി.. 
അവർ തമ്മിൽ അടുത്തു.. ഗർഭിണി ആയി.. 
നാട്ടിലെത്തിയ, അവൾ വിവാഹമോചനത്തിന് കേസ് കൊടുത്തു.. സദാചാരത്തിന്റെ വെള്ളപ്പട്ടു ധരിച്ച കുടുംബക്കാരും സ്വന്തക്കാരും 
ഒറ്റപ്പെടുത്തി.. 
അവർ പോലും അവളെ പിഴച്ചവൾ എന്ന് പറഞ്ഞു അട്ടഹസിച്ചപ്പോൾ, അവൾ ആദ്യം തളർന്നു.. 
പക്ഷെ, അവളുടെ കൂട്ടുകാരൻ ആ കൂടെ നിന്നു ഓരോ സങ്കടങ്ങളെയും അരുമയോടെ തഴുകി, മുറിവുകൾ ക്രമേണ ഉണങ്ങി തുടങ്ങി.. 
ഗർഭിണി ആയ അവൾക്കു സ്വന്തക്കാർ പോലും തുണയുണ്ടായില്ല.. 
വിവാഹമോചന കേസ് എട്ടു വർഷത്തോളം നീണ്ടു.. 
ഒന്നും വേണ്ട, ബന്ധത്തിൽ നിന്നൊരു മോചനം മാത്രം മതിയെന്നവൾ അറിയിച്ചിട്ടും, ഇത്രയും വർഷമെടുത്തു കുരുക്കുകൾ ഊരി എടുക്കാൻ.. 
എട്ടു വർഷം കഴിഞ്ഞവൾ, വീണ്ടും വിവാഹിതയായി.. 
അച്ഛന്റെയും അമ്മയുടെയും വിവാഹത്തിന് ലഡു വിതരണം ചെയ്ത ആ കുറുമ്പത്തി പെണ്ണാണ് അവളുടെ അമ്മയുടെ കഥ എന്നോട് പറഞ്ഞത്..
അമ്മയുടെയും അച്ഛന്റെയും പോലെ ഒരു പ്രണയം എനിക്കുണ്ടാകണം... 
എത്ര വർഷമാണ്, എന്റെ അച്ഛൻ കാത്തിരുന്നത്.. 
അമ്മയെ ചതിക്കാൻ ഒരുക്കമല്ലായിരുന്നു..

ആ അച്ഛന്റെ മോളല്ലേ ടീച്ചറെ ഞാൻ.. 
അമ്മയുടെ കഥകൾ മുഷിഞ്ഞു നാറിയതാണെന്നും പറഞ്ഞു എന്നെ പ്രണയിച്ചവൻ ഇന്നലെ breakup പറഞ്ഞു..

എനിക്ക് ഒട്ടും സങ്കടം തോന്നിയില്ല.. 
ഞാൻ രക്ഷപെട്ടെന്നേ തോന്നിയുള്ളൂ.. 
എല്ലാ ആണുങ്ങളും മോശമല്ലല്ലോ ടീച്ചറെ.. 
എന്റെ അച്ഛനെ പോലെ ഒരാൾ എനിക്കും വരും..

അഭിമാനത്തോടെ അവൾ പറഞ്ഞു..

എനിക്ക് ആ ആണിന്റെ പെണ്ണിനോട്.., അതായത് 
അവളുടെ അമ്മയോട് വല്ലാത്ത ബഹുമാനം ഉണ്ടായി.. 
നിങ്ങള്ക്ക് ഇങ്ങനെ ഒരുവന്റെ സ്നേഹം കിട്ടിയല്ലോ.. 
ഇങ്ങനെ ഒരു മോളെ നിങ്ങൾ വാർത്തെടുത്തല്ലോ...
സ്ത്രീയായി ജനിച്ചാൽ പോരാ.. 
സ്ത്രീയായി തീരാനും ഭാഗ്യം വേണം.. 
എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നു..

ഭ്രാന്തിന്റെ, മരണത്തിന്റെ വഴികളിൽ നിന്നും ഒരു സ്ത്രീയെ, 
രക്ഷിച്ചെടുത്ത്, അവളുടെ അഭിമാനത്തെ കാത്തു രക്ഷിച്ച പുരുഷന്, എന്റെ കൂപ്പുകൈ..