Asianet News MalayalamAsianet News Malayalam

'ഡോക്ടര്‍മാര്‍ ജീവനോടെ കിട്ടില്ല എന്നു പറഞ്ഞ കുഞ്ഞാണിത്'; കണ്ണ് നനയ്ക്കും കുറിപ്പുമായി ഒരമ്മ

ഗര്‍ഭകാലത്ത് തന്നെ ബാധിച്ച ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ഡോക്ടര്‍മാര്‍ ജീവനോടെ കിട്ടില്ല എന്നു പറഞ്ഞ കുഞ്ഞിനെ ആരോഗ്യത്തോടെ തിരിച്ചുകിട്ടിയതിനെ കുറിച്ചും ജൂലി ഫൈസല്‍ എന്ന യുവതി തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. 

fb post of julie faizal about her son viral
Author
Thiruvananthapuram, First Published Aug 3, 2020, 11:01 AM IST

ഗര്‍ഭിണിയായ അന്ന് മുതല്‍ ആശുപത്രികളില്‍ കയറിയിറങ്ങി, ഒടുവില്‍ മാസം തികയാതെ പ്രസവിച്ച ഒരമ്മ പങ്കുവച്ച  കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ കണ്ണ് നനയ്ക്കുന്നത്. ഗര്‍ഭകാലത്ത് തന്നെ ബാധിച്ച ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ഡോക്ടര്‍മാര്‍ ജീവനോടെ കിട്ടില്ല എന്നു പറഞ്ഞ കുഞ്ഞിനെ ആരോഗ്യത്തോടെ തിരിച്ചുകിട്ടിയതിനെ കുറിച്ചും ജൂലി ഫൈസല്‍ എന്ന യുവതി തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. 

ഹൃദയത്തില്‍ തൊടുന്ന ആ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

ആദ്യത്തെ ഫോട്ടോ ജനിച്ചു രണ്ട് മാസം കഴിഞ്ഞു എന്‍റെ കയ്യിൽ തന്നപ്പോ ഉള്ള റയാൻ ആണ്... രണ്ടാമത്തെ ഫോട്ടോ അവനെ മിനഞ്ഞാന്ന് പുറത്തു കൊണ്ട് പോയപ്പോ ഉള്ളതും... രണ്ടും തമ്മിൽ ഒന്നര വർഷത്തെ വ്യത്യാസമുണ്ട്.... നീണ്ട ഒന്നര വർഷം..... 

ഗർഭാവസ്ഥയിൽ കാണിച്ച ഹോസ്പിറ്റലുകളിൽ എല്ലാം ഒരു കാരണവശാലും ജീവനോടെ കിട്ടില്ല എന്നു പറഞ്ഞ കുഞ്ഞാണ്.... ഇന്ന് അവൻ കൈ പിടിച്ചു നടന്ന കണ്ടപ്പോ വല്ലാത്ത സന്തോഷം.... 

അവൻ വയറ്റിലുണ്ട് എന്നറിഞ്ഞ ദിവസം തൊട്ട് ഹോസ്പിറ്റലിൽ.... ഇല്ലാത്ത അസുഖം എല്ലാം പിടിച്ചു... ഇടക്ക് വന്നു പോകുന്ന ബ്ലീഡിങ്, നിർത്താത്ത വോമിറ്റിങ്, ചില ദിവസങ്ങളിൽ പച്ച വെള്ളം പോലും ഇറക്കാൻ പറ്റാത്ത ഗതികേട്.... ഛര്‍ദ്ദിച്ച് ബ്ലഡ് വന്നു ബോധം കെട്ടു വീഴുന്ന അവസ്ഥ, ഗർഭപാത്രത്തിന്റെ ബലക്കുറവ്, ഷോർട്ട് ആയ സെർവിക്‌സ്, ഹൈപ്രഷർ, ഷുഗർ, ഇടക്കിടെ കൂടുന്ന അസറ്റോൺ, ഒന്നും പോരാഞ്ഞ് അഞ്ചാം മാസം പിടിപ്പെട്ട ഫാറ്റി ലിവർ.... 

കൂനിന്മേൽ കുരു പോലെ മരുന്നുകൾ മുഴുവൻ അലർജി ആയി തുടങ്ങി.... വിറ്റാമിൻ ഗുളിക പോലും ശരീരത്തിൽ വല്ലാത്ത പ്രശ്നമുണ്ടാക്കി.... ശരീരം മുഴുവൻ ചൊറിഞ്ഞു തടുത്തു പൊട്ടാൻ തുടങ്ങി...അവസാനം ഒക്കെ ഇട്ടിരുന്ന ഡ്രസ്സ് മുഴുവൻ രക്തക്കറ ആയി തുടങ്ങി... 5 മാസം കിടന്ന കിടപ്പിൽ കിടന്നു.... നാട്ടിൽ വന്നിട്ടും മെച്ചം ഒന്നും ഉണ്ടായില്ല.... സ്ഥിരമായി ഹോസ്പിറ്റലിൽ തന്നെ.... ഒരിക്കലും ക്രിസ്തുമസും ന്യൂ ഇയറും ആഘോഷം മുടക്കാത്ത എന്റെ വീട് ആദ്യമായി മരണ വീട് പോലെ ശൂന്യമായി കിടന്നു.... ഇക്കയും അമ്മയും പപ്പയും അനിയനും ഒക്കെ മാറി മാറി പരിചരിച്ചു.... 

സ്‌കാനിംങില്‍ കുഞ്ഞിന് വളർച്ച കുറവാണ്, ഏതോ വെയ്ൻ ഒക്കെ ബ്ലോക്ക് ആയി കുഞ്ഞിന് ഫുഡ് കറക്ടായി കിട്ടുന്നില്ല എനായി...ഇനി റിസ്ക് ആണ് ഹോസ്പിറ്റലിൽ തന്നെ അഡ്മിറ്റ് ആക്കാം എന്ന അവസ്ഥ വന്നപ്പോ അഡ്മിറ്റ് ആയി....ആറാം മാസം തുടങ്ങിയ സമയം, വാപ്പയോട് (അമ്മായിയപ്പൻ) ഡോക്ടർ ഇച്ചിരി ക്രിട്ടിക്കൽ ആണ് അറിയിക്കേണ്ടവരെ ഒക്കെ അറിയിച്ചോ എന്നു പറഞ്ഞ പ്രകാരം  ഇക്ക നാട്ടിൽ വന്നു.... അന്ന് തന്നെ സ്ഥിതി വല്ലാതെ വഷളായി... നേരെ ഐസിയു... അപ്പോ തന്നെ അമ്മയുടെ ജീവൻ രക്ഷിക്കാം കുഞ്ഞിനെ കിട്ടില്ല എന്ന ഡോക്ടറുടെ നിർദ്ദേശ പ്രകാരം ബിപി കുറയാൻ ഉള്ള കാര്യങ്ങൾ ഒക്കെ ചെയ്തു. ഓപ്പറേഷൻ തീയേറ്ററിൽ കയററ്റാൻ ഉള്ള നടപടി തുടങ്ങി.... പച്ച ഉടുപ്പൊക്കെ ഇട്ട് കണ്ണടച്ചു കിടന്നപ്പോ മനസ്സിൽ എന്റെ ജീവൻ പോയാലും വേണ്ടില്ല എന്റെ കുഞ്ഞിന് കുഴപ്പം ഒന്നും ഉണ്ടാകല്ലേ എന്നു മാത്രമേ ഉണ്ടായിരുന്നുള്ളു.... ദുബായിലെ സ്കാനിംഗിൽ ആൺകുഞ്ഞാണ് എന്നറിയാവുന്നോണ്ട് അവനെ കിട്ടിയില്ലേൽ എന്നെ കൂടെ അങ്ങു വിളിച്ചെക്കണം എന്നു മാത്രമേ ദൈവത്തോട് പറഞ്ഞുള്ളു...

തീയേറ്ററിനികത്തു കയറ്റാൻ നേരം സമ്മത പത്രവും ഒപ്പിട്ടു കഴിഞ്ഞപ്പോ ഡോക്ടർക്ക് വെളിപാട് വന്നു... നേരെ എസ്എടിക്ക് വിട്ടോ ചിലപ്പോ രക്ഷപ്പെടും എന്നായി....വിവരമറിഞ്ഞു സകല ബന്ധുക്കളും എത്തി... ആംബുലൻസിൽ പോകും വഴി ബ്ലീഡിങ് കൂടി, നിർത്താതെ ചര്‍ദ്ദില്‍ ആയി... ബോധം പോയി... 3 ദിവസം എല്ലാം സഹിച്ചു അവിടെ കിടന്നു... 2 പകലും 2 രാത്രിയും  പ്രസവറൂമിൽ തന്നെ ചിലവഴിച്ചു... എന്റെ മുന്നിൽ ഓരോരുത്തർ വരുന്നു പ്രസവിക്കുന്നു പോകുന്നു....ലേബർ റൂമിൽ ആരെയും പുറത്തു നിന്നു കയറ്റില്ല എന്നിരിക്കെ ഞാൻ മരിച്ചു പോകുമെന്ന് കരുതി അവർ അമ്മക്ക് ഇടക്ക് അകത്തു വന്നു കാണാൻ സൗകര്യം കൊടുത്തു...ടെസ്റ്റുകൾക്ക് കൊണ്ട് പോകുമ്പോ ഇക്ക അടുത്തു വന്നു കണ്ടു ധൈര്യം തന്നു...  അടുത്ത ബെഡിൽ ഉണ്ടായിരുന്ന കൊച്ചും മാസം തികയാതെ പ്രസവിച്ചു കുഞ്ഞിന് കുഴപ്പമില്ല എന്നു കണ്ടപ്പോ എനിക്കും ധൈര്യമായി തുടങ്ങി....ആ കൊച്ചിന്റെ വെള്ളം പൊട്ടിച്ചപ്പോ എന്റെ ദേഹത്തു വീണ അവശിഷ്ടങ്ങൾ പോലും എന്നെ ബാധിക്കുന്ന കാര്യമേ അല്ല എന്ന അവസ്ഥ എത്തിയിരുന്നു....  

ഒടുവിൽ ഇനി താമസിച്ചാൽ മരിച്ചു പോകുമെന്ന് ഉറപ്പായപ്പോ ഓപ്പറേഷൻ തീയേറ്ററിലേക്ക്.... അനസ്‌തേഷ്യക്ക് കുത്തിയത് പോലും എനിക്ക് വലിയ വേദന ആയി തോന്നിയില്ല എന്നതാണ് സത്യം.. മരവിപ്പിന്റെ സമയത്തും എന്റെ വിചാരം ഞാൻ മരിച്ചു പോകും, കുഞ്ഞിനെ കിട്ടും, കുഞ്ഞിന്റെ മുഖം ഒന്നു കണ്ടാ മതി എന്നു തന്നെയായിരുന്നു....കുഞ്ഞിനെ എടുത്ത പാടെ ഡോക്ടർ നിനക്ക് ഒരു ആണ്‍ കുഞ്ഞാണ്.. കണ്ടോ എന്നു പറഞ്ഞു പൊക്കിയെടുത്തു നേരെ എങ്ങോട്ടോ കൊണ്ട് പോയി... അപ്പോഴൊക്കെ അയ്യോ ഞാൻ എന്റെ കൊച്ചിനെ കണ്ടില്ല ഞാൻ മരിച്ചു പോകും എന്നൊക്കെ പുലമ്പുകയും ചെയ്തു എന്നാണ് അന്നവിടെ ഉണ്ടായിരുന്ന സിസ്റ്റർ പറഞ്ഞത്.... ഓപ്പറേഷൻ കഴിഞ്ഞു വീണ്ടും ഐസിയു... അങ്ങനെ അപകട നില തരണം ചെയ്തു.

മാസങ്ങൾക്ക് ശേഷം അന്ന് ഞാൻ സുഖമായി ഉറങ്ങി.... എണീറ്റപ്പോ വല്ലാത്ത ദാഹം... കഞ്ഞി കൊണ്ട് വന്നു ആരോ കാലിനടുത്തു വച്ചു.... സഹായത്തിനു വിളിച്ചിട്ട് ആരെയും കണ്ടില്ല... ദാഹത്തിന്റെ കൂടുതൽ കൊണ്ടാവണം ഓപ്പറേഷൻ കഴിഞ്ഞു മണിക്കൂറുകൾ മാത്രം പിന്നിട്ട ഞാൻ കട്ടിലിൽ നിന്നു എണീറ്റു തിരിഞ്ഞു പരസഹായമില്ലാതെ വലിഞ്ഞു പോയി അതെടുത്തു കുടിച്ചത്...ഓരോ അനക്കത്തിലും തലക്ക് ഒരു കൂടം വച്ചു അടിച്ചാൽ എന്ന പോലെ വേദന.... എന്നിട്ടും ആ പുളിച്ച വെള്ളത്തിനു ശെരിക്കും അന്ന് പായസത്തിന്റെ രുചി ആയിരുന്നു.... 

അതും കഴിഞ്ഞു 16 ദിവസത്തിനു ശേഷമാണ് ഞാൻ എന്റെ കുഞ്ഞിനെ കാണുന്നത്...അതും കരഞ്ഞു നിലവിളിച്ചു പ്രശ്നം ഉണ്ടാക്കിയ ശേഷം...അത് വരെ അവനെ കണ്ട മമ്മിയും ഇക്കയും തന്ന വിവരണം മാത്രം.... അന്ന് വരെ സൂചി കുത്തി നീരായ കൈയും കാലും ഒക്കെ നോക്കി പരാതിപ്പെട്ടിരുന്ന ഞാൻ അന്ന് ആദ്യമായി അവനെ കണ്ട് എന്റെ വേദന ഒന്നും അല്ലല്ലോ എന്നു ആലോചിച്ചു പോയി... വായിലും മൂക്കിലും ഓരോ ട്യൂബിട്ട്, രണ്ടു കയ്യിലും കാലിലും സൂചി ഓക്കെ കുത്തി ഒരു അണ്ണാൻ കുഞ്ഞിനെ പോലെ കിടന്ന കുഞ്ഞിനെ കണ്ട് നെഞ്ചു പൊട്ടി കരഞ്ഞ പോലെ ഞാൻ പിന്നൊരിക്കലും കരഞ്ഞിട്ടില്ല...

പിന്നിങ്ങോട്ട് രണ്ട് മാസം... ഒടുവിൽ കയ്യിൽ തന്നപ്പോ ഉള്ള പടമാണ് അത്..പിന്നെ കുറച്ചു നാൾ കഴിഞ്ഞു അവനു രണ്ട് കിലോ ആയപ്പോ ഞങ്ങൾ ആശുപത്രി വിട്ടു... 6 മാസം വീടിനകത്ത്... പിന്നെ പതുക്കെ പുറത്തു പോയി തുടങ്ങി... പിന്നിങ്ങോട് ഓരോ ഘട്ടവും ഞങ്ങൾക്ക് പറഞ്ഞു അറിയിക്കാൻ കഴിയാത്ത സന്തോഷമാണ്....ഇപ്പോഴും അവനു മതിയായ വെയ്റ്റ് ഇല്ല... എങ്കിൽ പോലും ഞങ്ങൾ സന്തുഷ്ടരാണ്... സംതൃപ്തരാണ്... കാരണം ഒരു കടുകുമണിയിൽ നിന്നാണ് അവൻ ജീവനു വേണ്ടി പൊരുതി വന്നത്.... എന്റെ സന്തോഷം മുഴുവൻ ഇപ്പോ അവനെ ചുറ്റിപ്പറ്റി മാത്രമാണ്...

ഇന്നവൻ അവന്റെ വാപ്പീടെ കൈ പിടിച്ചു നടക്കുന്ന കണ്ടപ്പോ അന്ന് സഹിച്ചത് ഒന്നുമല്ല എന്നു ഒരു തോന്നൽ.... വീണ്ടും വീണ്ടും ആ പടം കാണുമ്പോ കണ്ണു നിറയുന്നത് എന്തായിരിക്കും????
 

 

Also Read: 'അമ്മയ്ക്ക് ഡ്യൂട്ടി അല്ലേ പ്രധാനം...നമ്മള്‍ അല്ലല്ലോ'; കൊവിഡ് വാര്‍ഡിലെ നഴ്സിന് മകന്‍ അയച്ച വീഡിയോ...

Follow Us:
Download App:
  • android
  • ios