'കുട്ടിക്കാലത്ത് കൂട്ടുകാരൊക്കെ പ്രേതം എന്ന് വിളിച്ച് കളിയാക്കിയിരുന്നപ്പോഴും അമ്മ പറയുമായിരുന്നു നാളെ നിനക്ക് വേണ്ടി അവര്‍ കയ്യടിക്കുമെന്ന്'- ഹന്ന എന്ന പതിനഞ്ചുകാരി പറയുന്നു.  ജന്മനാ കാഴ്ച പ്രശ്നങ്ങളുള്ള ഹന്ന ഇന്ന് ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ ആണ്. പെരുമ്പാവൂരുകാരനായ സൈമണിന്‍റെയും തൃശൂര്‍ സ്വദേശി ലിജയുടെ മൂത്ത മകളാണ് ഹന്ന ആലീസ് സൈമണ്‍ എന്ന പതിനഞ്ചുകാരി.  മോട്ടിവേഷണല്‍ സ്പീക്കര്‍ മാത്രമല്ല, സംഗീതരചന, പാട്ടുകാരി സംഗീതസംവിധാനം, കഥയെഴുത്ത്…ഇങ്ങനെ തന്‍റെ ഇഷ്ടങ്ങളെ ചേര്‍ത്തുപിടിച്ച് ജീവിക്കുകയാണ് ഹന്ന.  കാക്കനാട് രാജഗിരി സ്കൂളിലെ പത്താം ക്ലാസുകാരിയാണ് ഹന്ന. പരീക്ഷ കഴിഞ്ഞെത്തിയ ഹന്ന വളരെ സന്തോഷത്തോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിച്ചത്. 

'ജനിച്ച നാള്‍ തൊട്ട് എനിക്ക് കാഴ്ചയില്ല. ഞാന്‍ അമ്മയുടെ വയറിലായിരുന്ന നേരം എന്‍റെ കണ്ണ് മാത്രം വളര്‍ന്നില്ല. മൈക്രോഫ്താല്‍മിയ എന്നാണ് രോഗത്തിന്‍റെ പേര്. കുഞ്ഞായിരുന്നപ്പോള്‍ അമ്മയും അപ്പയും എന്നെ ചികിത്സിക്കാന്‍ കുറേ ഓടിയിട്ടുണ്ട്. പക്ഷേ ഫലം കണ്ടില്ല. പിന്നെന്തിനാ സമയവും പൈസയുമൊക്കെ കളയുന്നത്? അപ്പോള്‍ പിന്നെ ചികിത്സ അവസാനിപ്പിച്ചു'- ഹന്ന പറഞ്ഞു.

 

എന്നെ കാണുമ്പോള്‍ പേടിച്ചുകരയുമായിരുന്നു....

'നാല് വയസ്സുവരെ ഒറ്റപ്പെടല്‍ ഒന്നും തന്നെ അറിഞ്ഞിട്ടില്ല. സ്കൂളില്‍ പോകാന്‍ തുടങ്ങിയ മുതലാണ് എല്ലാവരും ഒറ്റപ്പെടുത്തുന്നതായി തോന്നിയത്. എന്‍റെ കണ്ണുകള്‍ കാണുമ്പോള്‍ തന്നെ വ്യത്യാസം മനസ്സിലാകും. കുട്ടികള്‍ക്ക് എന്നെ കാണുമ്പോള്‍ പേടിയാകുമായിരുന്നു, പ്രേതം എന്ന് വിളിക്കുമായിരുന്നു, കളിയാക്കുമായിരുന്നു. എന്നെ കാണുമ്പോള്‍ തന്നെ കുഞ്ഞുകുട്ടികള്‍ കരയുമായിരുന്നു.  ആരും എന്നെ കളിക്കാന്‍ കൂട്ടാക്കാറില്ലായിരുന്നു. അന്നൊക്കെ കളിക്കാന്‍ വലിയ ആഗ്രഹമായിരുന്നു. ആ സമയത്ത്  എനിക്ക് താങ്ങായി നിന്നത് അപ്പയും അമ്മയും ആയിരുന്നു. അന്ന് അമ്മ പറയുമായിരുന്നു ഇന്ന് നിന്നെ കളിയാക്കുന്നവരൊക്കെ നാളെ നിനക്ക് വേണ്ടി കയ്യടിക്കുമെന്ന്'- ഹന്ന ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

അമ്മയായിരുന്നു എന്‍റെ പ്രചോദനം...

പ്രചോദനം അമ്മ തന്നെയായിരുന്നു.  ചെറുപ്പത്തില്‍ ആരും കളിക്കാന്‍ കൂടെ കൂട്ടുന്നില്ല എന്ന സങ്കടം മാറ്റാനായി പ്രാര്‍ത്ഥിച്ചത് തനിക്കൊരു അനിയനെ കിട്ടണെ എന്നാണ്. അങ്ങനെയാണ് ഹനോക്കിനെയും ഡാനിയേലിനെയും കിട്ടിയതെന്നും ഹന്ന പറയുന്നു. അങ്ങനെ പ്രാര്‍ത്ഥിക്കാന്‍ ഹന്നയോട് പറഞ്ഞതും അമ്മ തന്നെയാണ്.  ലിജ സൈമണ്‍ എന്ന തൃശ്ശൂര്‍കാരി മകള്‍ക്ക് കാഴ്ചശക്തിയില്ലെന്ന അറിഞ്ഞപ്പോല്‍ തളര്‍ന്നുപോവുകയല്ല ചെയ്തത്.  മകള്‍ക്ക് വേണ്ടി ബ്രെയില്‍ ലിപി പഠിച്ചെടുത്ത ഈ അമ്മ 'നീ എന്‍റെ സ്പെഷ്യല്‍ ചൈല്‍ഡ് ഒന്നുമല്ല, ഹാനോക്കിനെയും ഡാനിയേലിനെയും പോലെത്തന്നെയാണ് നീയും' എന്ന് മകളെ എപ്പോഴും ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. മോട്ടിവേഷണല്‍ ക്ലാസുകള്‍ക്ക് മകള്‍ക്ക് കൂട്ടുപോകുന്ന  ലിജ  മോണ്ടിസോറി കോഴ്സ് പഠിച്ച് ഒരു ജോലിക്ക് ശ്രമിക്കുകയാണിപ്പോള്‍.

 

 

'ബ്രെയില്‍ ലിപി പഠിച്ചെടുത്ത ശേഷം ഹന്നയ്ക്ക് പറഞ്ഞു കൊടുക്കുകയായിരുന്നു. അന്ന് അവള്‍ക്ക് ആറോ ഏഴോ വയസ്സ് കാണും. മറ്റാരെക്കാളും നന്നായി സ്വന്തം അമ്മ മോളെ പഠിപ്പിക്കുന്നതല്ലേ നല്ലത്' - ലിജ ഇടയ്ക്ക് പറയുന്നു. വഴക്ക് പറയാതിരിക്കുകയോ. ഒരു പ്രത്യേക പരിഗണന തരുകയോ ചെയ്യാതെ, തല്ലേണ്ട കാര്യങ്ങളില്‍ തല്ലിയും വഴക്കുപറഞ്ഞുമാണ് അമ്മ എന്നെ വളര്‍ത്തിയത് എന്ന് ഹന്നയും കൂട്ടിച്ചേര്‍ത്തു.  അപ്പയുടെ സൈമണ്‍ സ്വകാര്യ സ്ഥാപനത്തില്‍  ലീഗല്‍ അഡ്വൈസര്‍ ആണ്. എറണാകുളത്തെ കലൂര്‍ ആണ് ഇപ്പോള്‍ കുടുംബം താമസിക്കുന്നത്. 

'പണ്ട് എനിക്ക് സ്പോര്‍ട്സ് വളരെയധികം ഇഷ്ടമായിരുന്നു. ഒരു ദിവസം സ്കൂളിലെ ഗ്രൗണ്ടില്‍ അച്ഛന്‍റെയും അമ്മയുടെയും കൈ പിടിച്ച് ഞാന്‍ ഓടി. അപ്പയുമായി ബാറ്റ്മിന്‍റണ്‍ കളിക്കുമായിരുന്നു. അപ്പ ഷട്ടില്‍ കോക്ക് എന്‍റെ അടുത്തേക്ക് ഇട്ടുതന്നതിന് ശേഷം പറയും അപ്പോള്‍ എനിക്ക് അത് അടിക്കാന്‍ പറ്റുമായിരുന്നു. എനിക്ക് എന്ത് ആഗ്രഹം ഉണ്ടെങ്കിലും എന്നെ കൊണ്ട് അത് പറ്റില്ല എന്നുവര്‍ ഇതുവരെ പറഞ്ഞിട്ടില്ല'- ഹന്ന പറയുന്നു.

 


 

മറക്കാത്ത മുഖങ്ങള്‍...

ഒറ്റപ്പെടുത്തലുകളുടെയും കളിയാക്കലുകളുടെയും ഇടയില്‍ ഞാന്‍ ഇന്നും ഓര്‍ത്തുവെയ്ക്കുന്ന ചില മുഖങ്ങള്‍ ഉണ്ട്.  ഒന്നാം ക്ലാസ്സിലെ ഫാത്തിമയെ ഞാന്‍ ഒരിക്കലും മറക്കില്ല. പി ടി പീരിഡില്‍ എല്ലാവരും കളിക്കാന്‍ പോകാന്‍ ഇറങ്ങിയപ്പോള്‍ എന്നെ മാത്രം ടീച്ചര്‍ മാറ്റി നിര്‍ത്തി. എന്നെ പോകാന്‍ അനുവദിച്ചില്ലായിരുന്നു. അന്ന് ഞാന്‍ വളരെയധികം വിഷമിച്ചിരുന്നു. അന്ന്  ഫാത്തിമ എന്നോട് പറഞ്ഞു, 'ഹന്നാ..സാരമില്ല . ഞാന്‍ കണ്ടു.. ഹന്ന മാത്രം ഒറ്റയ്ക്ക് ഇരുന്നത്... ബാക്കി എല്ലാവരും കളിക്കുന്നതും'. ആ ടീച്ചറിന് തോന്നാത്ത വികാരം ആയിരുന്നു അന്ന് ഞാന്‍ ആ ആറുവയസ്സുകാരിയില്‍ ഞാന്‍ കണ്ടത്. 

മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂളിലെ ഒരു ഓണാഘോഷത്തിന് ഗൗരി എന്‍റെ കൈ പിടിച്ച് നടന്നത് ഇന്നും ഓര്‍ക്കുന്നു. സാധാരണ സ്കൂളിലെ ആഘോഷ ദിവസങ്ങളില്‍ എല്ലാവരും എന്‍റെ കൈയൊക്കെ വിട്ട്  ഓടി പോകുന്നതായിരുന്നു പതിവ്. ഞാന്‍ ഒരിടത്ത് ഒറ്റയ്ക്ക് നില്‍ക്കും.  എന്നാല്‍ ഗൗരി എന്‍റെ കൈ പിടിച്ച് നടന്നു.  അന്ന് അവള്‍ കണ്ട കാഴ്ചകള്‍ ഓരോന്നും  എനിക്ക് വിവരിച്ചുതന്നു. ആ ചെറുപ്രായത്തില്‍ അത്രയും കരുതല്‍ കാണിച്ചത് എന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. 

ഇപ്പോള്‍ ഈ പ്രായത്തില്‍ അത്തരം കളയാക്കലുകള്‍ കുറവാണ്. ഒരുപാട് സുഹൃത്തുക്കളുണ്ട് ഇപ്പോള്‍. പുരുഷ സുഹൃത്തുക്കളുമുണ്ട്. മറ്റ് പെണ്‍കുട്ടികളെ കളിയാക്കുന്ന പോലെ അവര്‍ എന്നെയും കളിയാക്കും. അത് എനിക്ക് ഇഷ്ടമാണ്. എന്നെ അങ്ങനെ അവര്‍ മാറ്റി നിര്‍ത്തിയിട്ടില്ല എന്നതാണ് എന്‍റെ സന്തോഷം. 

 

പാട്ടുകളായിരുന്നു തുടക്കം...

മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പബ്ലിക് സ്പീക്കിങ്ങിന്‍റെ  ഒരു ക്ലാസ്സുണ്ടായിരുന്നു. അതുപോലെ പാട്ടുകള്‍ എഴുതി തുടങ്ങിയതാണ് എല്ലാത്തിനും തുടക്കം. പാട്ടിനോട് എനിക്ക് ചെറുപ്പം മുതലേ ഒരു പ്രത്യേക ഇഷ്ടമായിരുന്നു. അതുകൊണ്ടാകും കു‍ട്ടിക്കാലം തൊട്ട് എന്നെ പാട്ടു ക്ലാസിലൊക്കെ അയച്ചത്. അപ്പയാണ് പാട്ടെഴുതാനുള്ള കാരണം. കുഞ്ഞായിരിക്കുമ്പോള്‍ അപ്പ എനിക്ക് കുറേ കഥകള്‍ പറഞ്ഞുതരുമായിരുന്നു. പിന്നെ ഞാന്‍ കുറച്ച് വലുതായതില്‍ പിന്നെയാണ് പുസ്തകങ്ങള്‍ വാങ്ങിക്കൊണ്ടു തന്നിരുന്നത്. എന്നിട്ട് എന്തൊക്കെ അപ്പ വായിച്ചുതരുമായിരുന്നു. സ്വയം വായിക്കാന്‍ പഠിച്ചതോടെ പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു തരാന്‍ തുടങ്ങി. അപ്പ ഇംഗ്ലിഷ് പുസ്തകങ്ങള്‍ വായിച്ചു തന്നത് കേട്ടാണ് എന്‍റെ ഇംഗ്ലിഷ് നന്നായത്. അങ്ങനെയാണ് ഇംഗ്ലിഷില്‍ പാട്ടെഴുതാനും സാധിച്ചത്.

ഞാന്‍ എഴുതിയ ഒരു പാട്ട് ഞങ്ങളുടെ പള്ളികളിലുള്ള വെക്കേഷന്‍ ബൈബിള്‍ സ്കൂളില്‍ പഠിപ്പിക്കാന്‍ എന്നെ വിളിച്ചു. ആ പാട്ട് പഠിപ്പിക്കുന്നതിനൊപ്പം എന്‍റെ ജീവിതത്തെക്കുറിച്ചുമൊക്കെ ഞാന്‍ അവരോട് സംസാരിക്കുമായിരുന്നു. അങ്ങനെയാണ് ഞാനൊരു സദസ്സില്‍ നിന്നു സംസാരിക്കാന്‍ പോലും തുടങ്ങുന്നത്. അങ്ങനെയാണ് മോട്ടിവേഷണല്‍ സ്പീക്കിങ് തുടങ്ങിയതും പല പരിപാടികള്‍ക്കും ക്ഷണം ലഭിച്ചു തുടങ്ങിയതും.

 

കരുത്തോടെ നില്‍ക്കണം...

കരുത്തോടെ  നില്‍ക്കണം , 'യു ആര്‍ എ ഫൈറ്റര്‍' - ഇതൊക്കെയാണ് ഞാന്‍ എല്ലാവരോടും പറയാറുള്ളത്. എല്ലാവരുടെയും ജീവിതത്തില്‍  പ്രതിസന്ധികള്‍ ഉണ്ടാകും. ജീവിതത്തില്‍ വിജയിച്ച ഏതൊരാള്‍ക്കും ഇതൊക്കെ അതിജീവിക്കേണ്ടിയും വരാം. ഇത്തരം സാഹചര്യങ്ങളില്‍ പ്രശ്നങ്ങളെ ഭയന്ന് ഓടിയൊളിക്കാം, അല്ലെങ്കില്‍ അതിനോട് പോരാടി വിജയിക്കാം. പോരാടാനുള്ള ധൈര്യം കാണിച്ചാല്‍ മാത്രമേ വിജയങ്ങളിലെത്താനാകൂവെന്നുമൊക്കെ മോട്ടിവേഷണല്‍ സ്പീച്ചില്‍ പറയാറുണ്ട് എന്നും ഹന്ന പറയുന്നു. 

സ്വപ്നം...

പഠിച്ച് സൈക്കോളജിസ്റ്റാകണം, അമേരിക്കയില്‍ പഠിക്കാന്‍ പോകണം…സ്വപ്നങ്ങളെ കുറിച്ചും ഹന്ന പറഞ്ഞു. 'ഇന്നത്തെ കാലത്തെ പെണ്‍കുട്ടികള്‍ക്ക് ജീവിതത്തില്‍ എന്താകണം എന്നൊരു  ലക്ഷ്യമുണ്ട്'- ഹന്ന പറഞ്ഞവസാനിപ്പിച്ചു.