മണിപ്പൂരി സമരനായിക ഇറോം ഷര്‍മ്മിള, മാതൃദിനത്തില്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായ വാര്‍ത്ത തെല്ല് കൗതുകത്തോടെയും സന്തോഷത്തോടെയുമാണ് എല്ലാവരും ഏറ്റെടുത്തത്. സഹനങ്ങളുടെയും തീവ്രമായ അനുഭവങ്ങളുടെയും നീണ്ട പതിനാറ് വര്‍ഷം അവരെ സാധാരണജീവിതത്തില്‍ നിന്ന് ഏറെ അകലത്തിലാക്കിയിരുന്നു. 

വര്‍ഷങ്ങള്‍ നീണ്ട ഉപവാസം, ശാരീരികമായും മാനസികമായും അവരിലുണ്ടാക്കിയ തളര്‍ച്ച. അത് അതിജീവിച്ചുവെന്നത് തന്നെ അത്ഭുതമാണെന്നെരിക്കെ, രണ്ട് കുഞ്ഞുങ്ങള്‍ക്ക് അവര്‍ അമ്മയാവുക കൂടി ചെയ്തിരിക്കുന്നു. ഇപ്പോള്‍ അമ്മയുടെയും കുഞ്ഞുങ്ങളുടെയും ആദ്യചിത്രം പുറത്തുവിട്ടിരിക്കുകയാണ് സിനിമാപ്രവര്‍ത്തകയും അഭിഭാഷകയുമായ ദിവ്യ ഭാരതി. ഇറോമിന്റെ ഭര്‍ത്താവ് ഡെസ്മണ്ട് കുടിഞ്ഞോയുമുണ്ട് ചിത്രത്തില്‍. 

 

ഇറോം ഷര്‍മ്മിളയുമായി അടുത്ത സൗഹൃദം പങ്കിടുന്ന ഒരാള്‍ കൂടിയാണ് ദിവ്യ. 2017ല്‍ കൊടൈക്കാനില്‍ വച്ച് നടന്ന ഇറോം- ഡെസ്മണ്ട് കുടിന്യോ വിവാഹത്തിലും ദിവ്യ പങ്കെടുത്തിരുന്നു. 

മാതൃദിനത്തില്‍ ബെംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് നാല്‍പത്തിയാറുകാരിയായ ഇറേം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.