ജോലിത്തിരക്കുകള്‍ക്കും വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ക്കും ഇടയില്‍ സ്വന്തം ആരോഗ്യം ശ്രദ്ധിക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ പലപ്പോഴും ശ്രദ്ധ കൊടുക്കാറില്ല. വീട്ടിലെ മറ്റുള്ളവരുടെ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുന്ന സ്ത്രീകള്‍ക്കുണ്ടാകുന്ന പല അസുഖങ്ങളും വളരെ വൈകിയാണ് തിരിച്ചറിയുന്നതും. സ്ത്രീകളിലെ പല ആരോഗ്യപ്രശ്നങ്ങളും രോഗങ്ങളും സ്ഥിരമായി ചെയ്യേണ്ട ചില പരിശോധനകളിലൂടെ ഒരു പരിധി വരെ കണ്ടെത്താനാകും.

സ്ത്രീകള്‍ കൃത്യമായി ചെയ്യേണ്ട അഞ്ചു പരിശോധനകള്‍...

അനീമിയ

സ്ത്രീകളില്‍ വളരെ സാധാരണായായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച. ചുവന്ന രക്താണുക്കള്‍ കുറയുന്ന അവസ്ഥയാണിത്. ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും ഓക്സിജന്‍ എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ കുറവ് വിളര്‍ച്ചയുണ്ടാകാന്‍ കാരണമാകുന്നു. സ്ത്രീകള്‍ വര്‍ഷത്തിലൊരിക്കലെങ്കിലും അനീമിയ പരിശോധിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കാത്സ്യം ഡെഫിഷ്യന്‍സി

ഒടിവോ മറ്റോ സംഭവിക്കുമ്പോള്‍ മാത്രമാണ് കാത്സ്യക്കുറവിനെപ്പറ്റി നമ്മള്‍ ചിന്തിക്കുന്നത് പോലും. കാത്സ്യം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ജീവിതചര്യയുടെ ഭഗമാക്കേണ്ടത് അനിവാര്യമാണ്. വര്‍ഷത്തില്‍ ഒരു തവണ കാത്സ്യം പരിശോധനിക്കേണ്ടതും ആവശ്യമാണ്.

വിറ്റാമിന്‍ ഡി ഡെഫിഷ്യന്‍സി

എല്ലുകളുടെ ബലക്ഷയം മുതല്‍ വിഷാദം വരെയുള്ള രോഗാവസ്ഥകള്‍ക്ക് വിറ്റാമിന്‍ ഡിയുടെ കുറവ് കാരണമാകും. തളര്‍ച്ച, എല്ലുകള്‍ക്ക് വേദന, ബലക്കുറവ് എന്നീ ലക്ഷണങ്ങള്‍ വിറ്റമിന്‍ ഡിയുടെ ഡെഫിഷ്യന്‍സിയെ സൂചിപ്പിക്കുന്നു. വിറ്റമിന്‍ ഡി പരിശോധനകള്‍ സ്ത്രീകള്‍ നിര്‍ബന്ധമായും നടത്തണേണ്ടതാണ്.

പാപ് സ്മിയര്‍, പെല്‍വിക് പരിശോധനകള്‍

21 വയസ്സു മുതല്‍ എല്ലാ വര്‍ഷവും സ്ത്രീകള്‍ നിര്‍ബന്ധമായി നടത്തേണ്ട പരിശോധകളില്‍ ഒന്നാണിത്. ഗര്‍ഭാശയമുഖത്തെ(സെര്‍വിക്സ്) ക്യാന്‍സര്‍ ഉള്‍പ്പെടെ പല രോഗങ്ങളും കണ്ടെത്താന്‍ പാപ് സ്മിയര്‍ പരിശോധന സഹായിക്കും. 

മാമോഗ്രാം

സ്തനാര്‍ബുദമുണ്ടോയെന്ന് കണ്ടെത്താന്‍ ഉപയോഗിക്കുന്ന പരിശോധനയാണ് മാമോഗ്രാം. ബാഹ്യപരിശോധനയില്‍ മനസ്സിലാകാത്ത മാറ്റങ്ങള്‍ മാമോഗ്രാം പരിശോധനയിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. 20വയസ്സിനും 40 വയസ്സിനുമിടയിലുള്ളവര്‍ മാമോഗ്രാം പരിശോധന നടത്തണം. രോഗലക്ഷണമില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയിലും മാമോഗ്രാം പരിശോധന നടത്താം.