യുഎസിലെ സ്ത്രീകളില്‍ 30 ലക്ഷത്തില്‍ അധികം പേരുടേയും ആദ്യ ലൈംഗികബന്ധം ബലാത്സം​ഗത്തിലൂടെയെന്ന് റിപ്പോർട്ട്. 16 സ്ത്രീകളില്‍ ഒരാള്‍ എന്ന കണക്കില്‍ ബലാത്സംഗത്തിന് ഇരയാകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 18നും 44നും ഇടയില്‍ പ്രായമായ 13,310 സ്ത്രീകളിൽ സർവേ നടത്തുകയായിരുന്നു. 

ആദ്യത്തെ ലെെം​ഗിക ബന്ധം നിങ്ങളുടെ താൽപര്യ പ്രകാരമായിരുന്നോ എന്ന ചോദ്യത്തിന് 56 ശതമാനം പേരും വാക്കാലുള്ള സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നുവെന്നാണ് മറുപടി നൽകിയത്. 25 ശതമാനം പേരാണ് ശാരീരിക ആക്രമണത്തിന് ഇരയായതെന്ന് പറയുന്നു. സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നടത്തിയ വാര്‍ഷിക സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. 

സര്‍വേയില്‍ പങ്കെടുത്തവരില്‍ 6.5 ശതമാനം പേരാണ് തങ്ങളുടെ ആദ്യലൈംഗികാനുഭവം ബലാത്സംഗത്തിലൂടെയായിരുന്നു എന്ന് തുറന്നു പറഞ്ഞത്. 15 വയസിന് താഴേയുള്ള പെൺകുട്ടികൾ പ്രായം കൂടിയ ആളുകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടേണ്ടി വന്നിട്ടുണ്ടെന്നാണ് സർവേയിൽ പറയുന്നത്. 

  ആദ്യത്തെ ലൈംഗികബന്ധം ഇത്തരത്തില്‍ ബലാത്സംഗമാകുന്നതുവഴി കടുത്ത മാനസിക സമ്മര്‍ദ്ദം മാത്രമല്ല നിരവധി ശാരീരികഅസ്വസ്ഥതകള്‍ക്കും ഇടയാക്കും. ഒപ്പം അനാവശ്യ ഗര്‍ഭധാരണം, ഗര്‍ഭഛിദ്രം തുടങ്ങിയവയ്ക്കും കാരണമയേക്കാമെന്നും അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച സർവേയിൽ പറയുന്നു.