ഗര്‍ഭധാരണത്തിനായി ഒരുങ്ങുന്ന സ്ത്രീകള്‍ ശാരീരികമായും മാനസികമായും ചില തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. പ്രത്യേകിച്ച് പുതിയകാലത്തെ ജീവിതരീതികളില്‍ ഇത്തരം തയ്യാറെടുപ്പുകള്‍ കൂടിയേ തീരൂ എന്ന അവസ്ഥയാണ്. കാരണം, തിരക്ക് പിടിച്ച ജീവിതത്തിനിടെ പലപ്പോഴും ശരീരത്തിനേയും മനസിനേയും ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയാറില്ല. 

ഇത് വലിയൊരു പരിധി വരെ ഗര്‍ഭധാരണം വൈകാനും ഇടയാക്കാറുണ്ട്. ഗര്‍ഭധാരണം വൈകുന്നതില്‍ സമാനമായ അളവില്‍ തന്നെ പുരുഷനും പങ്കുണ്ട്. അതേസമയം, ഗര്‍ഭധാരണത്തിനായി ഒരുങ്ങുമ്പോള്‍ സ്ത്രീകള്‍ക്ക് ചില കാര്യങ്ങള്‍ കരുതലോടെ ചെയ്ത് തുടങ്ങാം. 

ഒരു കുഞ്ഞ് വേണമെന്ന ചിന്ത തുടങ്ങുന്നതോടെ തന്നെ ശരീരരത്തെക്കുറിച്ച് ബോധവതിയാവുകയാണ് ഇതിലെ ആദ്യപടി. മിക്കവാറും വിവാഹത്തിന് ശേഷം ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂടുകയും വണ്ണം വയ്ക്കുകയും ചെയ്യുന്നവരാണ് അധികം സ്ത്രീകളും. ഇത്തരക്കാരാണ് തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടത്. 

 


നിങ്ങള്‍ തീര്‍ച്ചയായും ചില വ്യായാമങ്ങളിലേര്‍പ്പെടേണ്ടതുണ്ട്. മികച്ച ഒരു ഡയറ്റും ഇതിനൊപ്പം തെരഞ്ഞെടുക്കണം. തുടര്‍ന്ന് നിങ്ങള്‍ക്ക് പരിശീലിക്കാവുന്ന നാല് വ്യായാമമുറകളെക്കുറിച്ചാണ് ഇനി പറയുന്നത്. ഗര്‍ഭധാരണം വൈകുന്ന സ്ത്രീകളാണെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും ഇക്കാര്യം ശ്രദ്ധിക്കുക.

ഒന്ന്...

യോഗയാണ് ഗര്‍ഭധാരണത്തിന് മുമ്പ് സ്ത്രീകള്‍ക്ക് ചെയ്യാവുന്ന ഏറ്റവും ഉത്തമമായ ഒരു വ്യായാമം. യോഗ, നമുക്കറിയാം വ്യായാമം എന്നതില്‍ക്കവിഞ്ഞ് മാനസികാരോഗ്യത്തേയും വളരെ നല്ലരീതിയില്‍ സ്വാധീനിക്കുന്ന ഒരു ശീലമാണ്. ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുകയാണ് എന്ന മുഖവുരയോടെ തന്നെ പരിശീലകനേയോ പരിശീലകയേയോ സമീപിക്കാവുന്നതാണ്. 

ഗര്‍ഭധാരണം വൈകുന്ന സ്ത്രീകളില്‍ പലപ്പോഴും 'സ്‌ട്രെസ്' വില്ലനായി വരാറുണ്ട്. ഇതിനും ഏറ്റവും മികച്ച പരിഹാരമാണ് യോഗ. 

 

 

ഗര്‍ഭധാരണത്തിന് മുമ്പ് മാത്രമല്ല, ഗര്‍ഭകാലത്തും പ്രസവശേഷവുമെല്ലാം യോഗ തുടരാവുന്നതുമാണ്. 

രണ്ട്...

'പൈലേറ്റ്‌സ്' എന്ന ഇനത്തില്‍പ്പെട്ട വ്യായാമമുറകളാണ് രണ്ടാമതായി ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്ന സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കാവുന്നത്. വണ്ണം കുറയ്ക്കാനുള്ള ഒരു വ്യായാമമായിട്ടല്ല പൊതുവേ 'പൈലേറ്റ്‌സ്' കരുതപ്പെടുന്നത്. എന്നാല്‍ ആരോഗ്യത്തോടെ ശരീരത്തെ കാത്തുസൂക്ഷിക്കാനും പ്രത്യേകയിടങ്ങളിലെ പേശികള്‍ക്ക് ബലം പകരാനുമെല്ലാം ഇത് സഹായിച്ചേക്കാം. 

മൂന്ന്...

പേശികളെ ബലപ്പെടുത്തുന്ന തരം വ്യായാമമാണ് ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്ന സ്ത്രീകള്‍ ചെയ്യേണ്ട മറ്റൊരു വ്യായാമമുറ. ചെറിയ തോതില്‍ 'വെയ്റ്റ് ലിഫിറ്റിംഗ്' ആകാം ഇതിന്. വയറിന്റെ മുകള്‍ഭാഗം, ഇടുപ്പിന്റെ ഭാഗങ്ങള്‍, കാലുകള്‍ എന്നിവയെ ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കും. ഗര്‍ഭകാലവും പ്രസവവും സുഗമമാക്കാന്‍ ഇവ ഉപകരിച്ചേക്കും. പ്രസവശേഷം അമിതമായി വണ്ണം വയ്ക്കുന്നത് തടയാനും ഇത് നല്ലത് തന്നെ. 

നാല്...

ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു വ്യായാമമുറയെ കുറിച്ചാണ് നാലാമതായി പറയാനുള്ളത്. മറ്റൊന്നുമല്ല, കുറഞ്ഞത് ഇരുപത് മിനുറ്റ് നേരത്തെ നടത്തമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. 

 

 

ഗര്‍ഭധാരണം വൈകുന്ന സ്ത്രീകള്‍, അമിതവണ്ണമുള്ള- ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്ന സ്ത്രീകള്‍ എന്നിവര്‍ക്കെല്ലാം വളരെ ഫലപ്രദമായ ഒന്നാണ് നടത്തം. ശരീരം ആകെയും ആരോഗ്യത്തോടെ സൂക്ഷിക്കാനാണ് നടത്തം ഉപകരിക്കുക. ഏതാണ്ട് 80 ശതമാനം വരെ നടത്തം ഗര്‍ഭധാരണത്തിനുള്ള സാധ്യതകളെ വര്‍ധിപ്പിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്.