നിങ്ങളുടെ കുട്ടി ഒറ്റപ്പെടുന്നുവോ, കുട്ടിയുടെ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങൾ, ഏതൊക്കെ ഭക്ഷണങ്ങൾ കൊടുക്കാം, കൊടുക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഇതിനെ കുറിച്ചൊക്കെ അമ്മമാർ അറിഞ്ഞിരിക്കണം

കുട്ടികളെ വളർത്തുമ്പോൾ അമ്മമാർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾ വഴിതെറ്റുന്നുണ്ടോ, നിങ്ങളുടെ കുട്ടിയുടെ സുഹൃത്തുക്കൾ ആരൊക്കെയാണ്, നിങ്ങളുടെ കുട്ടി ഒറ്റപ്പെടുന്നുവോ, കുട്ടിയുടെ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങൾ, ഏതൊക്കെ ഭക്ഷണങ്ങൾ കൊടുക്കാം, കൊടുക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഇതിനെ കുറിച്ചൊക്കെ അമ്മമാർ അറിഞ്ഞിരിക്കണം. പ്രധാനമായി നാല് കാര്യങ്ങളാണ് അമ്മമാർ ശ്രദ്ധിക്കേണ്ടത്.

പോഷക​ഗുണമുള്ള ഭക്ഷണം നൽകുക, ഭക്ഷണം എപ്പോഴും മാറ്റി കൊടുക്കുക...

കുട്ടികൾക്ക് പോഷക​ഗുണമുള്ള ഭക്ഷണങ്ങള്‍ നല്‍കുക. ഇതു ശരീരത്തില്‍ കൂടുതല്‍ ഊര്‍ജം ഉത്പാദിപ്പിക്കും. അതോടൊപ്പം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുകയും ഗുരുതര രോഗങ്ങളെ അകറ്റുകയും ചെയ്യും. കുട്ടികൾക്ക് ഭക്ഷണം എപ്പോഴും മാറ്റി കൊടുക്കാൻ ശ്രമിക്കണം.

പല നിറങ്ങളിലുള്ള ഭക്ഷണങ്ങൾ നൽകുക...

കുട്ടികൾ എപ്പോഴും പുതുമയാണ് ആ​ഗ്രഹിക്കുന്നത്. അത് കൊണ്ട് തന്നെ പല നിറത്തിലുള്ള ഭക്ഷണങ്ങൾ നൽകുക. ഉദാഹരണം, പ്ലേറ്റിൽ ബീറ്റ് റൂട്ട്, ക്യാരറ്റ് എന്നീ പച്ചക്കറികൾ ഉപയോ​ഗിച്ച് അലങ്കരിക്കുക. അതെന്താണെന്ന് പറഞ്ഞ് മനസിലാക്കിയ ശേഷം ഭക്ഷണം നൽകുക. വ്യത്യസ്ത രുചിയിലുള്ള ഭക്ഷണങ്ങളാണ് കുട്ടികൾ ആ​ഗ്രഹിക്കുന്നത്. കുട്ടികള്‍ക്ക് കൃത്യസമയത്ത് തന്നെ ഭക്ഷണം നല്‍കുക. വലുതാകുമ്പോഴും ഈ ശീലം കുട്ടികള്‍ പിന്തുടരും. 

കായികവിനോദങ്ങളില്‍ വിടുക, അവരെ പ്രോത്സാഹിപ്പിക്കുക...

ഒാരോ കുട്ടികൾക്കും ഒാരോ താൽപര്യമുണ്ട്. ചില കുട്ടികൾക്ക് സം​ഗീതം, ചില കുട്ടികൾക്ക് കായികം. അവർക്ക് താൽപര്യമുള്ള ഏത് മേഖല ആയാലും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ് പ്രധാനമായി വേണ്ടത്. കുട്ടികൾക്ക് താൽപര്യമുള്ള മേഖലയിലേക്ക് വിടാനാണ് രക്ഷിതാക്കാൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. കുട്ടികളെ ഏതെങ്കിലും കായിക വിനോദത്തിന് വിടാൻ രക്ഷിതാക്കാൾ പ്രത്യേകം ശ്രദ്ധിക്കണം. കായികം കുട്ടികൾക്ക് കൂടുതൽ ഉന്മേഷം കിട്ടാനും ആരോഗ്യവാന്മാരാക്കാനും സഹായിക്കും. 

ടിവി, മൊബൈൽ ഫോണ്‍ എന്നിവയുടെ ഉപയോ​ഗം കുറയ്ക്കുക...

കുട്ടികളിൽ ടിവി, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയാണ് വേണ്ടത്. ഇവയുടെ അമിത ഉപയോഗം നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അമിതവണ്ണം, പൊണ്ണത്തടി, ഉറക്കപ്രശ്‌നങ്ങള്‍, ഉറക്കമില്ലായ്മ എന്നിവയ്ക്ക് കാരണമാകും. ടിവി, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്ക് പകരം വായനാശീലം കുട്ടികളില്‍ വളര്‍ത്തിയെടുക്കുക.