കൊറോണ വൈറസ് എന്ന‌ മഹാമാരി ലോകത്തെ ഭീതിയിലാക്കിയിരിക്കുകയാണ്. മനുഷ്യന്‍ ഇന്നലെ വരെ ജീവിച്ച പോലെയല്ല ഇന്ന് ജീവിക്കുന്നത്. മാസ്കും സാനിറ്റെെസറും ഒക്കെ ഇന്ന് മനുഷ്യരുടെ ഒഴിച്ച് കൂടാനാകാത്ത നിത്യോപയോഗ സാധനങ്ങളാണ്. മാസ്കും സനിറ്റെെസറും ഒക്കെ പൊതു ജീവിതത്തിന്‍റെ ഭാഗമാവുകയും ചെയ്തു. 

പുതിയ ജീവിത രീതിയുമായി മനുഷ്യന്‍ പൊരുത്തപ്പെട്ട് കഴിഞ്ഞു എന്ന് വേണം പറയാൻ. കൊവിഡ് പ്രതിരോധത്തില്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നായി ലോകാരോഗ്യ സംഘടന വരെ കണ്ടെത്തിയ മാര്‍ഗ്ഗങ്ങളില്‍ ഒന്ന് മാസ്‌ക് ധരിക്കുക എന്നതാണ്. മാസ്‌ക് ധരിക്കുമ്പോള്‍ ധാരാളം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. 

എന്നാല്‍ പ്രസവ സമയത്ത് ഗര്‍ഭിണികൾ മാസ്‌ക് ധരിക്കണമെന്ന നിയമം വന്നാലോ, ഫ്രാന്‍സിലാണ് പ്രസവസമയത്ത്‌ സ്ത്രീകള്‍ മാസ്‌ക് ധരിക്കണമെന്ന നിയമം കൊണ്ടുവന്നത്. എന്നാൽ വലിയ പ്രതിഷേധത്തെ തുടർന്ന് ഇത് പിൻവലിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അധികൃതർ.

 വളരെയധികം വേദന നിറഞ്ഞ ഒന്നാണ് പ്രസവം. ഈ സമയത്ത് മുഖത്ത് മാസ്‌കില്ലെങ്കിലും ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടനുഭവപ്പെടുന്ന അവസ്ഥയില്‍ മാസ്‌ക് മുഖത്ത് ധരിക്കണമെന്ന് ആവശ്യപ്പെടുന്നത് ലിംഗനീതിയല്ലെന്നാണ് ഇതിനെതിരേ ഉയരുന്ന പ്രതിഷേധം. പ്രതിഷേധം കടുത്തതോടെയാണ് നിര്‍ദേശം പിന്‍വലിക്കാൻ ഒരുങ്ങുന്നത്. 

താല്‍പര്യമുള്ള ഗര്‍ഭിണികള്‍ മാത്രം പ്രസവസമയത്ത് മാസ്‌ക് ധരിച്ചാല്‍ മതിയെന്ന് ഫ്രാന്‍സിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ സെക്രട്ടറിയായ അഡ്രിയന്‍ ടാക്വെറ്റ് അഭിപ്രായപ്പെട്ടു.

 പ്രസവ സമയത്ത് സ്ത്രീകള്‍ ഫേസ് മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം നാഷണല്‍ കോളേജ് ഓഫ് ഫ്രെഞ്ച് ഗൈനക്കോളജിസ്റ്റ്സ് ആന്‍ഡ് ഒബ്സ്റ്റട്രീഷ്യന്‍സാണ് മുന്നോട്ട് വച്ചത്. പ്രസവസമയത്ത് മാസ്ക് ധരിച്ചപ്പോൾ ശ്വാസംമുട്ടലുണ്ടായതായി ഒരു യുവതി പറയുന്നു. 

മാസ്‌ക് ധരിക്കുന്നതിനെ ചിലര്‍ എതിര്‍ക്കുന്നത് എന്തുകൊണ്ട്!