ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെ മുലയൂട്ടല്‍ വാരം ആയി ആചരിക്കുകയാണ്‌. കുഞ്ഞിന്റെ ആരോഗ്യസംരക്ഷണത്തില്‍ മുലപ്പാലിന്റെ പങ്ക് നിര്‍ണായകമാണ്. നവജാത ശിശുവിന് ലഭിക്കുന്ന പ്രഥമ രോഗപ്രതിരോധ മരുന്നാണ് അമ്മയുടെ ആദ്യത്തെ മഞ്ഞപ്പാല്‍. കുഞ്ഞ് ജനിച്ച് ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ കുഞ്ഞിന് മുലപ്പാല്‍ നല്‍കണം.

ആദ്യ ആറ് മാസക്കാലം കുഞ്ഞിന് മുലപ്പാല്‍ അല്ലാതെ മറ്റൊരു ഭക്ഷണവും നല്‍കാന്‍ പാടില്ലെന്നാണ് 'ലോകാരോ​ഗ്യ സംഘടന' വ്യക്തമാക്കുന്നത്. കുഞ്ഞ് ജനിച്ച ഉടനെ അമ്മയുടെ ശരീരം മുലപ്പാല്‍ ഉത്പാദിപ്പിച്ചു തുടങ്ങും. കുഞ്ഞ് ജനിച്ച ഉടനെ അമ്മ ചുരത്തുന്ന മുലപ്പാല്‍ (കൊളസ്ട്രം) കുഞ്ഞിന് രോഗ പ്രതിരോധ ശക്തി നല്‍കുന്നു. അതില്‍ ധാതുക്കള്‍, ജീവകങ്ങള്‍, അമിനോ ആസിഡുകള്‍, ശ്വേത രക്താണുക്കള്‍, ആന്റി ബോഡികള്‍ ഇവ അടങ്ങിയിട്ടുണ്ട്. 

അതിന് ശേഷം ഉല്‍പാദിപ്പിക്കപ്പെടുന്ന മുലപ്പാലില്‍ കുഞ്ഞിന്റെ ബുദ്ധി വളര്‍ച്ചയ്ക്കും അലര്‍ജികളെ തടയാനും മറ്റ് രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാനും ആവശ്യമുള്ള പോഷകങ്ങള്‍ ഈ പാലില്‍ ഉണ്ട്. ദന്തരോഗവും പ്രമേഹവും വയറിളക്കവും മുലപ്പാല്‍ മാത്രം കുടിക്കുന്ന കുട്ടികളില്‍ വളരെ കുറവാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

മുലയൂട്ടല്‍ കുഞ്ഞിന് മാത്രമല്ല അമ്മയ്ക്കും ഗുണകരമാണ്. കുഞ്ഞിനെ മുലയൂട്ടുന്നത് അമ്മമാരില്‍ സ്തനാര്‍ബുദം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ പ്രസവാനന്തര വിഷാദം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കുന്നു എന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കൂടാതെ പ്രസവ ശേഷമുള്ള ശരീരഭാരം കുറയാനും മുലയൂട്ടുന്നത് ഏറെ ​ഗുണം ചെയ്യമെന്ന് 'ജേണൽ ഓഫ് ഹോളിസ്റ്റിക് നഴ്സിംഗ്' പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

ആര്‍ത്തവകാല വേദനയ്ക്ക് പരിഹാരം കാണാം, ഭക്ഷണത്തിലൂടെ...