കൊവിഡിനെ പ്രതിരോധിക്കാനായി​ സാമൂഹിക അകലം പാലിച്ചുള്ളൊരു ജീവിതം നയിക്കുകയാണ് ​ ലോകം. ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാതെ വീടിനുള്ളില്‍ തന്നെ അടച്ചുള്ള ജീവിതം.

ചില്ലുജാലകത്തിനപ്പുറത്ത് നിന്ന് മകളെ കണ്ട ഡോക്ടറുടെയും ചില്ലുവാതിലിനപ്പുറത്ത് വിവാഹവസ്ത്രത്തില്‍ നില്‍ക്കുന്ന കൊച്ചുമകളെ കണ്ട മുത്തശ്ശിയുടെയും പ്ലാസ്റ്റിക് കര്‍ട്ടന് പിന്നില്‍ നിന്ന് മുത്തശ്ശിയെ ആലിംഗനം ചെയ്ത കുട്ടിയുടെയും നഴ്‌സിങ് സെന്‍ററിലെ അന്തേവാസിയായ അമ്മയെ കാണാന്‍ രൂപം മാറിയെത്തിയ മകളുടെയുമൊക്കെ വാര്‍ത്തകള്‍ നാം കണ്ടതാണ്. അക്കൂട്ടത്തില്‍ ഇതാ മറ്റൊരു വീഡിയോ കൂടി എത്തിയിരിക്കുകയാണ്. 

രണ്ട് മാസത്തിന് ശേഷം മക്കളെ കാണുന്ന ആരോഗ്യപ്രവര്‍ത്തകയായ അമ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇംഗ്ലണ്ടിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയിലെ ജീവനക്കാരിയായ സൂസിയുടെയും മക്കളുടെയും വീഡിയോ ആണിത്. മക്കളായ ഒമ്പതു വയസ്സുകാരി ബെല്ലയെയും ഏഴുവയസ്സുകാരി ഹെറ്റിയെയും രണ്ട് മാസത്തിന് ശേഷം കാണുന്ന നിമിഷമാണ് ഈ വീഡിയോയിലുള്ളത്. കൊവിഡ് ഡ്യൂട്ടി കാരണം അവധിയില്ലാതെ ജോലിയില്‍ കഴിയുകയായിരുന്നു സൂസി.

രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് മക്കളെ കാണുന്നത്. അതുകൊണ്ട് അവര്‍ക്ക് 'സര്‍പ്രൈസ്' കൊടുത്തുകൊണ്ട് മുന്നിലെത്താം എന്ന് സൂസി കരുതി. സോഫയില്‍ ഇരിക്കുന്ന മക്കളില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അവരറിയാതെ പിന്‍ഭാഗത്തുകൂടെ വന്ന് അത്ഭുതപ്പെടുത്തുകയായിരുന്നു സൂസി. മക്കളറിയാതെ ഏതാനും സെക്കന്‍ഡുകള്‍ അവര്‍ക്ക് പിന്നിലിരിക്കുമ്പോഴാണ് മക്കളിലൊരാള്‍ അമ്മയെ കാണുന്നത്. പിന്നീട് സന്തോഷക്കണ്ണീരോടെ മൂന്നുപേരും ആലിംഗനം ചെയ്യുന്നതും വീഡിയോയില്‍ കാണാം. 

 

 

ജൂൺ 2ന് ആണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ഇതിനകം 4.6 മില്യണിലധികം പേരാണ് വീഡിയോ കണ്ടത്. ഈ ലോകത്തിലെ ഏറ്റവും ഉദാത്തമായ സ്‌നേഹം അമ്മയും മക്കളും തമ്മിലുള്ളതാണെന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുന്ന വീഡിയോ ആണിതെന്നും
ഈ വീഡിയോ കണ്ണുകളെ ഈറനണിയിച്ചുവെന്നും കൊറോണക്കാലം കഴിഞ്ഞാലുടന്‍ ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കണമെന്നുമൊക്കെ നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. 

സൂസിയെ കണ്ട് സന്തോഷം പ്രകടിപ്പിക്കുന്ന നായ്ക്കുട്ടികളെയും വീഡിയോയിൽ കാണാം. അവയും ഒരു കെട്ടിപ്പിടിത്തം അർഹിക്കുന്നുണ്ടെന്ന് പലരും കമന്‍റ് ചെയ്തു. 

Also Read : അവളെ വാരിപ്പുണര്‍ന്ന് ചേര്‍ത്ത് ഉറക്കണം; മകളുടെ കരച്ചില്‍ കേട്ടിട്ടും ഓടിച്ചെല്ലാനാകാതെ കൊവിഡ് ബാധിത...