Asianet News MalayalamAsianet News Malayalam

കൊവിഡ്19: ഒൻപതുമാസം കൊണ്ട് ഇന്ത്യയില്‍ പിറക്കാന്‍ പോകുന്നത് രണ്ടു കോടിയിലധികം കുഞ്ഞുങ്ങളെന്ന് യൂണിസെഫ്

കൊവിഡ് ഒരു മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ട മാർച്ച് കഴിഞ്ഞുള്ള ഒൻപതു മാസം ഇന്ത്യയിൽ ഏറ്റവുമധികം ജനനങ്ങൾ നടക്കുന്ന മാസം കൂടി ആയിരിക്കും എന്നാണ് പ്രവചനം. മാർച്ച് മുതൽ ഡിസംബർ വരെയുള്ള ആ ഒൻപതുമാസം കൊണ്ട് രണ്ടു കോടിയിലധികം കുഞ്ഞുങ്ങൾ രാജ്യത്ത് പിറന്നുവീഴുമെന്ന് യൂണിസെഫ്

highest numbers of births in the nine months since the pandemic was declared are expected to occur in India says UNICEF
Author
United Nations Headquarters, First Published May 7, 2020, 5:59 PM IST

കൊവിഡ് 19 ന് പിന്നാലെ രാജ്യം നേരിടാന്‍ പോകുന്നത് ക്രമാതീതമായ നിരക്കിലുള്ള ജനനമെന്ന മുന്നറിയിപ്പുമായി യൂണിസെഫ്. കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൌണിന് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം രണ്ട് കോടി കുട്ടികള്‍ പിറക്കുന്ന സാഹചര്യമാണ് ഇന്ത്യയിലുണ്ടാവാന്‍ പോകുന്നതെന്നാണ് യൂണിസെഫ് മുന്നറിയിപ്പ്. കൊവിഡ് ഒരു മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ട മാർച്ച് കഴിഞ്ഞുള്ള ഒൻപതു മാസം ഇന്ത്യയിൽ ഏറ്റവുമധികം ജനനങ്ങൾ നടക്കുന്ന മാസം കൂടി ആയിരിക്കും എന്നാണ് പ്രവചനം.

മാർച്ച് മുതൽ ഡിസംബർ വരെയുള്ള ആ ഒൻപതുമാസം കൊണ്ട് രണ്ടു കോടിയിലധികം കുഞ്ഞുങ്ങൾ രാജ്യത്ത് പിറന്നുവീഴുമെന്നാണ് യുഎൻ ഏജൻസി പറയുന്നത്. ഈ കാലയളവില്‍ ഗര്‍ഭിണിയായ സ്ത്രീകള്‍ക്കും നവജാത ശിശുക്കള്‍ക്കും ആരോഗ്യ പരിരക്ഷ സംവിധാനങ്ങളില്‍ കുറവുണ്ടാകുന്നുണ്ടെന്നുമാണ് യൂണിസെഫ് വിശദമാക്കുന്നത്. മെയ് 10 ന് ആചരിക്കുന്ന മാതൃദിനത്തിന് മുന്നോടിയായാണ് യൂണിസെഫിന്‍റെ മുന്നറിയിപ്പ്.  ഇത്തരത്തില്‍ ഏറ്റവുമധികം കുഞ്ഞുങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ഇന്ത്യയിലാണെന്നും യൂണിസെഫ് വിശദമാക്കിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യക്ക് തൊട്ട് പിന്നാലെ ചൈന, നൈജീരിയ, പാകിസ്ഥാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും വലിയ രീതിയില്‍ ജനനം ഉണ്ടാവുമെന്നും യൂണിസെഫ് കണക്കുകള്‍ പറയുന്നു. യുഎസ് പോലുള്ള വികസിത രാജ്യങ്ങളും നേരിടാന്‍ പോകുന്നത് സമാന സാഹചര്യമാണ്. ഈ കുഞ്ഞുങ്ങളും അമ്മമാരും നിരന്തര വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തുന്നതെന്നും യൂണിസെഫ് വിശദമാക്കുന്നു. നവജാത ശിശുക്കളുടെ മരണ നിരക്കും ഉയരാനാണ് സാധ്യതയെന്നും യൂണിസെഫ് മുന്നറിയിപ്പ് നല്‍കുന്നു. ഗര്‍ഭിണികള്‍ക്കും കൊവിഡ് ബാധിക്കാനുള്ള സാധ്യത മറ്റുള്ളവരുടേത് പോലെ തന്നെയാണെന്നും അതിനാല്‍ തന്നെ പ്രസവ സംബന്ധിയായ പരിശോധനകളില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും യൂണിസെഫ് പറയുന്നു. 

Follow Us:
Download App:
  • android
  • ios