Asianet News MalayalamAsianet News Malayalam

അവിഹിതബന്ധമെന്ന് സംശയം; ഭാര്യയുടെ ജനനേന്ദ്രിയം തുന്നിക്കൂട്ടി ഭര്‍ത്താവ്

കുടുംബാംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അതിക്രമങ്ങള്‍ പലപ്പോഴും തുറന്നുപറയാന്‍ സ്ത്രീകള്‍ തയ്യാറാകാറില്ല. എന്നാല്‍ ഇത് തങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന് സ്ത്രീകള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. അടുത്തിടെ കേരളത്തിലടക്കം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ത്രീധനവുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളും ഇക്കാര്യം തന്നെ ഓര്‍മ്മിപ്പിക്കുന്നു

husband stitched wifes genitals in madhya pradesh
Author
Delhi, First Published Aug 28, 2021, 12:41 PM IST

ലൈംഗികതയുമായി ബന്ധപ്പെട്ട് അനുചിതവും ആവശ്യമില്ലാത്തതുമായ പല സദാചാരബോധങ്ങളും കാത്തുസൂക്ഷിക്കുന്ന പ്രവണത ഇപ്പോഴും നമ്മുടെ രാജ്യത്ത് കണ്ടുവരുന്നുണ്ട്. എത്ര പുരോഗമിച്ചുവെന്ന് അവകാശപ്പെട്ടാല്‍ പോലും പ്രാകൃതമായ പല നടപടികളും, ശിക്ഷാരീതികളുമെല്ലാം നിശബ്ദമായും രഹസ്യമായും ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴും ഇവിടെ നടന്നുകൊണ്ടിരിക്കുന്നുണ്ട്. 

ഇതിന് തെളിവാകുകയാണ് ഇന്ന് മദ്ധ്യപ്രദേശിലെ സിന്‍ഗ്രൗളിയില്‍ നിന്ന് പുറത്തുവന്നിരിക്കുന്നൊരു വാര്‍ത്ത. അവിഹിതബന്ധം സംശയിച്ച് ഭാര്യയുടെ ജനനേന്ദ്രിയം ഭര്‍ത്താവ് തുന്നിക്കൂട്ടിയെന്നതാണ് ഞെട്ടിക്കുന്ന വാര്‍ത്ത. ഒരു സ്ത്രീയോടെന്ന് മാത്രമല്ല, ഒരു മനുഷ്യനോട് തന്നെ ഒരിക്കലും ചെയ്തുകൂടാത്ത അത്രയും ക്രൂരമായ പ്രവര്‍ത്തിയാണ് ഈ കേസില്‍ പ്രതി ചെയ്തിരിക്കുന്നത്. 

സിന്‍ഗ്രൗളിയിലെ റയ്‌ല എന്ന ഗ്രാമത്തിലാണ് സംഭവം നടന്നിരിക്കുന്നത്. അതിക്രമത്തിനിരയായ സ്ത്രീ തന്നെയാണ് ഇക്കാര്യം പൊലീസിലറിയിച്ചത്. എന്നാല്‍ ഒളിവിലായ ഭര്‍ത്താവിനെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യരുതെന്നും താക്കീത് ചെയ്ത് വിട്ടാല്‍ മതിയെന്നും പൊലീസിനോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണിവര്‍. ഇക്കാര്യവും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നുണ്ട്. 

തങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ വേണ്ടത്ര ഗരവത്തോടെ മനസിലാക്കാനോ, അതിനെതിരെ കാര്യക്ഷമമായി പ്രതികരിക്കാനോ സ്ത്രീകള്‍ക്ക് പലപ്പോഴും കഴിയാതെ പോകുന്നുവെന്ന വാദത്തെ ശരിവയ്ക്കുന്നതാണ് ഈ കേസില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യരുതെന്ന ഇവരുടെ അപേക്ഷ. 

 

husband stitched wifes genitals in madhya pradesh
(പ്രതീകാത്മക ചിത്രം)


സിന്‍ഗ്രൗളിയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള സ്ത്രീയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്, എന്നാല്‍ പ്രതി ഒളിവിലാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. 

മുമ്പും ഇത്തരത്തിലുള്ള ചില ഞെട്ടിക്കുന്ന വാര്‍ത്തകള്‍ രാജ്യത്തിന്റെ പലയിടങ്ങളില്‍ നിന്നായി പുറത്തുവന്നിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഉത്തര്‍പ്രദേശിലെ റാംപൂരില്‍ നിന്നാണ് ഏറ്റവും ഒടുവിലായി സമാനമായൊരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 22 വയസുകാരിയുടെ ജനനേന്ദ്രിയം ഭര്‍ത്താവ് ചെമ്പുകമ്പി ഉപയോഗിച്ച് തുന്നിവച്ചുവെന്നായിരുന്നു കേസ്. ഇതും ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തിനെ തുടര്‍ന്നാണ് പ്രതി ചെയ്തത്. 

വീട്ടിനകത്ത്, കുടുംബാംഗങ്ങളില്‍ നിന്ന് പീഡനമേല്‍ക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കുറവില്ലെന്നും അത് വര്‍ധിച്ചുവരികയാണെന്നും അടുത്തിടെ പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടിയിരുന്നു. ലോക്ഡൗണ്‍ കാലത്ത് രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ഗാര്‍ഹിക പീഡനം വര്‍ധിക്കുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 

കഴിഞ്ഞ 21 വര്‍ഷത്തിനിടെ ഏറ്റവുമധികം ഗാര്‍ഹിക പീഡനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വര്‍ഷമാണ് 2021. ദേശീയ വനിതാ കമ്മീഷനാണ് ഇക്കാര്യം അറിയിച്ചിരുന്നത്. ജനുവരി മാസം തൊട്ട് മെയ് മാസത്തിനകം 2,300 പരിതാകളാണേ്രത ഇത്തരത്തില്‍ കമ്മീഷന് മുമ്പാകെ എത്തിയത്. 2000 വര്‍ഷം മുതലുള്ള കണക്കുകളെടുത്ത് നോക്കിയാല്‍ ഇത്തരമൊരു വര്‍ധനവ് ഇക്കാലയളവിനുള്ളില്‍ ഉണ്ടായിട്ടില്ലെന്ന് വനിതാ കമ്മീഷന്‍ പറയുന്നു. 

 

husband stitched wifes genitals in madhya pradesh

 

മുന്‍കാലങ്ങളെ അപേക്ഷിച്ച് പല സംഭവങ്ങളും പരാതികളാവുകയും രേഖപ്പെടുത്തപ്പെടുകയും ചെയ്യുകയാണെന്നും അതിനാലാണ് ഗാര്ഹിക പീഡന കേസുകളില്‍ വര്‍ധനവ് കാണുന്നതെന്നും വാദിക്കുന്നവരുമുണ്ട്. ഏതായാലും സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് അധികൃതര്‍ വലിയ തോതില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ തന്നെയാണ് ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. വീട്ടിനകത്ത് പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന യാഥാര്‍ത്ഥ്യവും ഇതിനൊപ്പം തിരിച്ചറിയേണ്ടതാണ്. 

കുടുംബാംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അതിക്രമങ്ങള്‍ പലപ്പോഴും തുറന്നുപറയാന്‍ സ്ത്രീകള്‍ തയ്യാറാകാറില്ല. എന്നാല്‍ ഇത് തങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന് സ്ത്രീകള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. അടുത്തിടെ കേരളത്തിലടക്കം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ത്രീധനവുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളും ഇക്കാര്യം തന്നെ ഓര്‍മ്മിപ്പിക്കുന്നു. 

Also Read:- ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ നിങ്ങളെ 'നെഗറ്റീവ്' ആക്കുന്ന വ്യക്തിയെ തിരിച്ചറിയൂ...

Follow Us:
Download App:
  • android
  • ios