നാലാം മാസം ഭർത്താവ് ഒരു ആക്സിഡന്റിൽ മരിച്ചു. നവവധുവിന്റെ വേഷഭൂഷാതികളിൽ നിന്നും അവളിൽ വൈധവ്യത്തിന്റെ വിഷാദഛായകൾ പടർന്നു.
കാക്കപ്പൂവിന്റെ നിറമുള്ള സാരിയുടുത്ത, മുല്ല പൂവിന്റെ മണം പേറുന്നൊരു പെണ്ണ്. കൈകാലുകളിൽ സ്വർണ്ണത്തിന്റെ മഞ്ഞ തിളക്കം.
നാലാദിനം, ഭർത്താവിന്റെ പിന്നാലെ
സ്വഗ്രഹത്തിലേയ്ക്ക് വിരുന്നിനു പോവാനിറങ്ങിയ അവൾ കേൾക്കാതെ ഭർത്താവിന്റെ സഹോദരി പിറുപിറുത്തു.
" വെളുത്ത പെണ്ണിനെ കെട്ട്യാ മതീന്ന് അവനോടു പറഞ്ഞതാ. അല്ലേലും അവനെന്നാ ഒരു കുഴപ്പം. എന്തോരം പെൺപിള്ളേര് പുറകെ നടന്നതാണ്. ഒടുവില് കെട്ടി കൊണ്ട് വന്ന മൊതല് കൊള്ളാം."
കുറ്റി ചൂല് വിതർത്തി, മുറ്റം നീട്ടിയടിച്ചു കൊണ്ട് ഭർത്താവിന്റെ അമ്മ പറഞ്ഞു.
"സ്വർണ്ണം ഇല്ലേ...ഇവടെ കൊറെ വെളുമ്പീകളെ കെട്ടിയെഴുന്നെള്ളിച്ചു കൊണ്ട് വന്നിട്ട് വല്ലോം കിട്ടിയോ. അവരേ നല്ല തറവാട്ടുകാരാ. ഇഷ്ടം പോലെ സ്ഥലംണ്ട്. അതിലൊരു ഓഹരി ഇവൾക്കുള്ളതാ..."
വേലിചീരയുടെ മറവിലേയ്ക്ക് നടകന്നു പോയവൾ ഇതൊന്നും കേട്ടിരുന്നില്ല. അവളെ സംബന്ധിച്ചിടത്തോളം ഇന്നലെ വിവാഹം ചെയ്തു വന്നൊരു പെൺകുട്ടി മാത്രമാണ്. ഭർത്താവിന്റെ പ്രേമപൂർണ്ണമായ നോട്ടത്തിൽ മാത്രം ഒതുങ്ങി പോയവൾ. അടുക്കളയും ഉമ്മറത്തും അരങ്ങേറുന്ന നാടകങ്ങളെ കുറിച്ച് അറിയാത്തവൾ.
നാലാം മാസം ഭർത്താവ് ഒരു ആക്സിഡന്റിൽ മരിച്ചു. നവവധുവിന്റെ വേഷഭൂഷാതികളിൽ നിന്നും അവളിൽ വൈധവ്യത്തിന്റെ വിഷാദഛായകൾ പടർന്നു. രണ്ടു മാസം ഗർഭിണിയായിരുന്നുവെന്ന്, ആരോടും മിണ്ടാൻ അനുവദിക്കാത്ത തടവറയിലായിരുന്നുവെന്ന്...വായിൽ വെയ്ക്കുന്ന ഒരുരുള ചോറിന് പോലും കണക്ക് കേൾക്കുമായിരുന്നുവെന്ന് പുറംലോകമറിഞ്ഞു. ഭർത്താവ് ഒരു സംശയരോഗിയായിരുന്നുവെന്നും....
പതിനാറാം ദിനം കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ വീട്ടിലേക്ക് മടങ്ങി. ഭർത്താവിന്റെ അപകടമരണത്തിന് ശേഷം അവൾക്ക് കിട്ടേണ്ടിയിരുന്ന നഷ്ടപരിഹാരതുക കൊടുക്കാൻ കഴിയില്ലെന്ന് അവന്റെ വീട്ടുകാർ അറിയിച്ചു.
" ആ കുഞ്ഞിനെ അവള് പ്രസവിക്കട്ടെ. അതിന്റെ പേരിൽ ആ പൈസ ഇട്ടു കൊടുക്കും. അല്ലാതെ അഞ്ചു പൈസ
അവക്ക് കൊടുക്കുവേല."
വീണ്ടുമൊരിക്കൽ കൂടി
ആ പട്ടുസാരിയുമുടുത്തവൾ വന്നില്ല.
ആ കുഞ്ഞിനെ പ്രസവിച്ചുമില്ല.
ആ വയലെറ്റ് പട്ടുസാരിയുടെ തിളക്കം
വീണ്ടും കൺമുന്നിൽ നിറഞ്ഞതു പോലെ....