ലോക്ക്ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി  വിവിധ രാജ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെയും സ്ഥിതി സമാനമാണ്. ദേശീയ വനിതാ കമ്മീഷനും ഇക്കാലയളവില്‍ വര്‍ധിച്ചുവന്ന ഗാര്‍ഹിക പീഡന പരാതികളുടെ കണക്കുകള്‍ പുറത്തുവിട്ടിരുന്നു. ദേശീയ വനിതാ കമ്മീഷന്റെ കണക്കുകള്‍ പ്രകാരം മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 16 വരെയുള്ള കാലയളവില്‍ ഗാര്‍ഹിക പീഡനം സംബന്ധിച്ച 239 പരാതികളാണ് ലഭിച്ചിട്ടുള്ളത്. പുറത്തു വരുന്ന പരാതികളേക്കാള്‍ ഇരട്ടി വീടുകളിലുണ്ടാകുമെന്നും പീഡിപ്പിക്കുന്നയാള്‍ വീട്ടില്‍ത്തന്നെയുള്ളതിനാല്‍ പരാതിപ്പെടാന്‍ സ്ത്രീകള്‍ ഭയക്കുന്നുവെന്നും വനിതാകമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞിരുന്നു.

 ഇപ്പോഴിതാ ബോളിവുഡ്, ക്രിക്കറ്റ് ലോകത്തെ താരങ്ങളും ഗാര്‍ഹിക പീഡനത്തിനെതിരെ ബോധവല്‍ക്കരണ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഗാര്‍ഹിക പീഡനത്തിന് ലോക്ക്ഡൗണിടാം എന്നു പറഞ്ഞാണ് താരങ്ങള്‍ വീഡിയോ പങ്കുവെക്കുന്നത്. വിരാട് കോലി, അനുഷ്‌കാ ശര്‍മ, വിദ്യാ ബാലന്‍, മാധുരി ദീക്ഷിത്, കരണ്‍ ജോഹര്‍, ഫര്‍ഹാന്‍ അക്തര്‍, രോഹിത് ശര്‍മ തുടങ്ങിയ താരങ്ങളാണ് വീഡിയോയിലുള്ളത്. 

നിങ്ങള്‍ ഗാര്‍ഹിക പീഡനത്തിന്റെ ഇരയോ സാക്ഷിയോ അതിതീവിച്ചവരോ ആണെങ്കില്‍ ദയവുചെയ്ത് അതു റിപ്പോര്‍ട്ട് ചെയ്യൂ എന്ന ക്യാപ്ഷന്‍ സഹിതമാണ് വിരാട് വീഡിയോ പങ്കുവച്ചത്. ലോക്ക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനക്കേസുകളില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. നിശബ്ദത കൈവെടിഞ്ഞ്‌ സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാരും ഈ അക്രമത്തിനെതിരെ ശബ്ദമുയര്‍ത്തണം. നിങ്ങളുടെ വീട്ടിലോ അയല്‍വീടുകളിലോ ഇത്തരം അനുഭവങ്ങള്‍ ഉള്ളവരുണ്ടെങ്കില്‍ ദയവു ചെയ്ത് റിപ്പോര്‍ട്ട് ചെയ്യൂ എന്നാണ് താരങ്ങള്‍ വീഡിയോയിലൂടെ പറയുന്നത്.