പുതിയ വസ്ത്രങ്ങളാകട്ടെ, ഫാന്‍സി ആഭരണങ്ങളോ ചെരിപ്പോ ആകട്ടെ, അല്ലെങ്കില്‍ വീട്ടുസാധനങ്ങളാകട്ടെ ഇഷ്ടപ്പെട്ട എന്തും വാങ്ങിക്കൂട്ടുന്നതില്‍ പുരുഷന്മാരേക്കാള്‍ ഏറെ സന്തോഷം കണ്ടെത്തുന്നവരാണ് പൊതുവേ സ്ത്രീകള്‍. തനിക്കുവേണ്ടി മാത്രമല്ല, വീട്ടുകാര്‍ ഓരോരുത്തര്‍ക്കും വേണ്ടിയും മിക്കവാറും ഷോപ്പിംഗ് നടത്തുന്നത് സ്ത്രീകള്‍ തന്നെയായിരിക്കും. കിട്ടുന്ന വരുമാനത്തില്‍ നിന്ന് അപകടമില്ലാത്തവിധം ഒരു പങ്ക് ഇത്തരം സന്തോഷങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നത് വളരെ നല്ലത് തന്നെയാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സ്ത്രീകളുടെ 'ഷോപ്പിംഗ് ക്രേസ്' ആണ് പലപ്പോഴും വീട്ടാവശ്യങ്ങള്‍ക്കുള്ള പല ഉപകരണങ്ങളും കയ്യെത്തും ദൂരത്തില്‍ എത്തിക്കുന്നത്. 

എന്നാല്‍ ഇതിനൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന വിഷയമുണ്ട്. മിക്കപ്പോഴും ആരും ഓര്‍മ്മിക്കാത്തതും, അല്ലെങ്കില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാത്തതുമായ ഒരു വിഷയമാണ്. എന്നാല്‍ അത്ര തന്നെ പ്രധാനപ്പെട്ട ഒന്നുമാണ്. അതെന്തെന്ന് വിശദീകരിക്കാം. 

ഓരോ മാസവും പുതിയ പുതിയ സാധനങ്ങള്‍ വാങ്ങിക്കൂട്ടുമ്പോള്‍ വീട്ടില്‍ അവയെല്ലാം വയ്ക്കാനുള്ള സ്ഥലമുണ്ടോയെന്ന് കൂടി തീര്‍ച്ചപ്പെടുത്തണം. കേള്‍ക്കുമ്പോള്‍ തമാശയോ പരിഹാസമോ ആണെന്ന് തോന്നിയോ? ഇത് നിങ്ങളുടെ ഭര്‍ത്താവോ അച്ഛനോ നിങ്ങളുടെ ഷോപ്പിംഗ് ഭ്രാന്തിനെ കളിയാക്കുന്നത് പോലെ ചോദിക്കുന്നതല്ല. നിങ്ങളോര്‍മ്മിക്കാനിടയില്ലാത്ത ഗൗരവമുള്ള ചിലത് ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയുള്ള ചോദ്യമാണ്.

അലമാരയില്‍ ഒരിഞ്ച് സ്ഥലമില്ലെങ്കിലും വീണ്ടും പുതിയ വസ്ത്രങ്ങളും ഫാന്‍സി ആഭരണങ്ങളും വാങ്ങിക്കൂട്ടും. ചുവരില്‍ ഒരിത്തിരി സ്ഥലം പോലെ ഒഴിഞ്ഞുകിടപ്പില്ലെങ്കിലും പുതിയ പെയിന്റിങുകളോ അലങ്കാരവസ്തുക്കളോ വിലക്കുറവില്‍ കണ്ടാല്‍ വാങ്ങിക്കും. അടുക്കളയില്‍ ഒരൊറ്റ ഷെല്‍ഫ് പോലും ഫ്രീയല്ലെങ്കിലും പുതിയ പാത്രങ്ങളോ ഗൃഹോപകരണങ്ങളോ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യും. 

എന്നിട്ട് ഇവയെല്ലാം വയ്ക്കാന്‍ പുതിയ സ്ഥലങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കും. അങ്ങനെ വീടിന്റെ പല, പലയിടങ്ങളിലായി സാധനങ്ങള്‍ കുന്നുകൂടാന്‍ തുടങ്ങും. രണ്ട് മുറിയും ഒരു ഹാളും അടുക്കളയും ബാത്ത്‌റൂമും അടങ്ങുന്ന കൊച്ചു ഫ്‌ളാറ്റിലായിരിക്കും ഒരുപക്ഷേ താമസം, എന്നാല്‍ ആ വീടിന് താങ്ങാവുന്നതിലും അധികം സാധനങ്ങളായിരിക്കും വാങ്ങിക്കൂട്ടിയിട്ടുണ്ടാവുക. 

എന്താണ് ഇതുണ്ടാക്കുന്ന പ്രശ്‌നം?

ഇനി, ഈ വിഷയമുണ്ടാക്കുന്ന പ്രശ്‌നമെന്തെന്ന് പറയാം. മുറിയും വീടും അടുക്കും ചിട്ടയോടും ഇരിക്കണമെന്ന് എല്ലാവര്‍ക്കും ഒരുപോലെ നിര്‍ബന്ധമുണ്ടായിരിക്കില്ല, അല്ലേ? എന്നാല്‍ വീട്ടില്‍ അടുക്കും ചിട്ടയും ഇല്ലാതായാല്‍ അത് പരോക്ഷമായെങ്കിലും നമ്മുടെ മാനസികാവസ്ഥയെ ബാധിക്കുമെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. 

വീടും കിടപ്പുമുറിയും, നമ്മള്‍ ഒന്ന് 'റിലാക്‌സ്ഡ്' ആകാന്‍ പോയിരിക്കുന്ന ഹാളും, ദിവസത്തിലെ മിക്കസമയവും ചിലവിടുന്ന അടുക്കളയും തിങ്ങിനിറഞ്ഞിരിക്കുമ്പോള്‍ അത് നമ്മളില്‍ മാനസികസമ്മര്‍ദ്ദമുണ്ടാക്കാന്‍ കാരണമാകുമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. ഇനി, വ്യക്തിയെന്ന നിലയില്‍ ഒരാളെ ഇത് ബാധിക്കുന്നില്ലയെന്ന് തീര്‍ച്ചയാക്കിയാല്‍പ്പോലും വീട്ടില്‍ താമസിക്കുന്ന മറ്റൊരാളെ ഇത് ബാധിച്ചാലോ? അപ്പോഴും പ്രശ്‌നമല്ലേ?

നമുക്കറിയാം, തീരെ നിസാരമെന്ന് തോന്നുന്ന കാര്യങ്ങള്‍ക്ക് വേണ്ടിയാണ് പലപ്പോഴും വീടുകളില്‍ പരസ്പരം വഴക്കുണ്ടാകുന്നത്. അത്തരത്തിലുള്ള ചെറിയ ചെറിയ വഴക്കുകള്‍ക്ക് 'ഷോപ്പിംഗ് ക്രേസ്' വഴിവയ്ക്കുമെങ്കിലോ? 

ഇനി വീട് ഇങ്ങനെ തിങ്ങിയിരിക്കുന്നതില്‍ വേറെയും പ്രശ്‌നമുണ്ട്. ആവശ്യത്തിന് വായുസഞ്ചാരം ഇല്ലാതാകുന്നതിനാല്‍, കൂടുതല്‍ പൊടി അടിഞ്ഞുകൂടുന്നതിനാലും, വൃത്തിയാക്കുന്നത് ശരിയാകാതിരിക്കുന്നതിനാലും കുട്ടികളിലും പ്രായമായവരിലുമെല്ലാം അലര്‍ജി, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ വരാനും സാധ്യതയുണ്ട്. ഇതും വളരെ പ്രധാനപ്പെട്ട വിഷയമല്ലേ?

വിഷമിക്കേണ്ട, പരിഹാരമുണ്ട്...

അപ്പോള്‍ നാളെ മുതല്‍ ഷോപ്പിംഗ് അവസാനിപ്പിക്കണോയെന്ന് ചിന്തിച്ച് വിഷമിക്കേണ്ട. ചില 'അഡ്ജസ്റ്റ്‌മെന്റുകള്‍' ചെയ്താല്‍ ഷോപ്പിംഗും നടക്കും വീടും സന്തുഷ്ടമായി കൊണ്ടുപോകാം. ഇതിന് ഒന്നാമതായി ചെയ്യേണ്ടത് ഷോപ്പിംഗ് നടത്തുന്ന ഇടവേളകള്‍ കൃത്യമായി ക്രമീകരിക്കുകയെന്നതാണ്. അതായത്, മാസങ്ങളുടെ ഇടവേള ഇതിന് അനുവദിക്കുക. രണ്ടാമതായി, അനാവശ്യമായ സാധനങ്ങളാണ് എന്ന് തോന്നുന്നവ അമിതമായി വാങ്ങിക്കൂട്ടാതിരിക്കുക. എന്നാല്‍ പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് മനസിന്റെ ഇഷ്ടങ്ങളെ ഇല്ലാതാക്കുകയും വേണ്ട. 

അതുപോലെ, ഏറ്റവും സുപ്രധാനമായി ചെയ്യേണ്ട ഒന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കേണ്ടവ, അതത് സമയങ്ങളില്‍ തന്നെ ഒഴിവാക്കുക. ഉപയോഗിക്കാത്ത വസ്ത്രങ്ങള്‍, ഫാന്‍സി ആഭരണങ്ങള്‍, ചെരിപ്പ്, പുതപ്പ് തലയിണ പോലുള്ളവ, പാത്രങ്ങള്‍, കേടായ വീട്ടുസാധനങ്ങള്‍, ഫര്‍ണീച്ചറുകള്‍, ഇലക്ട്രോണിക് വെയ്‌സ്റ്റ് എന്നിങ്ങനെ വേണ്ടാതായി കിടക്കുന്ന എല്ലാം 'ചീപ് സെന്റിമെന്റ്‌സ്' കളഞ്ഞ് കണ്ണുംപൂട്ടിയങ്ങ് ഉപേക്ഷിക്കുക. ഒരു ദിവസം ഇതിനായി മാറ്റിവച്ചുനോക്കൂ. വീട്ടിലെ എത്ര സ്ഥലം നിങ്ങള്‍ക്ക് ഒഴിഞ്ഞുകിട്ടുമെന്ന് അറിയാമോ? 

ഷോപ്പിംഗ് ഇഷ്ടങ്ങളും ഒപ്പം വീടും വീട്ടുകാരുടെ സന്തോഷവും ഒരുമിച്ച് കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും കഴിയേണ്ടതാണ്. ഇതിന് ഒരല്‍പം ബുദ്ധിപൂര്‍വ്വം ഷോപ്പിംഗിനെ ക്രമീകരിച്ചാല്‍ മാത്രം മതിയാകും.