ടെഹ്റാന്‍: ആഞ്ചലീന ജോളിയെ പോലെ മുഖം മാറ്റാന്‍ ശ്രമിച്ച ഇന്‍സ്റ്റഗ്രാം താരത്തെ ഇറാന്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ടെഹാറാനിലെ  കോടതിയുടെ നിര്‍ദേശ പ്രകാരമാണ് സഹാര്‍ തബാര്‍ എന്ന അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ താരത്തെ കസ്റ്റഡിയിലെടുത്തത്. സാംസ്കാരിക കുറ്റ കൃത്യങ്ങളും സാമൂഹികവും ധാര്‍മ്മികവുമായ അഴിമതികളും, മതനിന്ദയും പരിഗണിക്കുന്ന കോടതിയാണ് ഇത്. 

മതനിന്ദ, അക്രമത്തിനു പ്രേരിപ്പിക്കുക, അനുചിതമായ മാര്‍ഗങ്ങളിലൂടെ വരുമാനം നേടുക, അഴിമതി നടത്താന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് അവര്‍ക്കുമേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്.  സെഹാറിന്‍റെ ഇന്‍സ്റ്റഗ്രാം നിറയെ ആഞ്ചലീനയെ അനുകരിച്ച് അവര്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ്.

സഹാര്‍ ഷെയര്‍ ചെയ്ത മിക്ക ഫോട്ടോകളും വിഡിയോകളും ആഞ്ചലീന ജോളിയുമായി സാമ്യമുള്ളതാകാന്‍ വേണ്ടി എഡിറ്റ് ചെയ്തതാണ്. നേരത്തെ ഇവര്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്താണ് മുഖം മാറ്റിയിരുന്നത് എന്ന് വ്യാപകമായി വാര്‍ത്ത വന്നിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ തന്നെ അത് നിഷേധിച്ചു.

ഓരോ തവണയും മുഖം കൂടുതല്‍ കൗതുകകരമാക്കി സ്വയം ആവിഷ്‌കരിക്കുകയെന്ന കലയാണ് താന്‍ ചെയ്തതെന്ന് അന്ന് അവര്‍ അവകാശപ്പെട്ടു. 'മറ്റൊരാളെ പോലെ ആകുക എന്നതല്ല ജീവിതത്തിലെ എന്‍റെ ലക്ഷ്യമല്ല. അതെല്ലാം ഫോട്ടോഷോപ്പും മെയ്ക്കപ്പുമായിരുന്നു. ഓരോ തവണ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോഴും ഞാനെന്റെ മുഖം കൂടുതല്‍ കൗതുകകരമാക്കി കൊണ്ടിരുന്നു. സെല്‍ഫ് എക്‌സ്പ്രഷനുള്ള എന്റെ രീതിയായിരുന്നു ഇത്, ഒരു തരത്തിലുള്ള കലയാണിത്. എന്റെ മുഖം, ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളിലേത് പോലെയല്ലെന്ന് തന്നെ അറിയുന്നവര്‍ക്ക് അറിയാം.'വിദേശ മാധ്യമങ്ങളും ചാനലുകളുമാണ് എന്റെ ഫോട്ടോയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയതെന്നും പെണ്‍കുട്ടി പറയുന്നു.

അവരുടെ രൂപം ആകെ വികൃതമാക്കിയതും ഈ പരീക്ഷണങ്ങള്‍ നടത്തിയതിനാലാണ്. അതേസമയം ഇറാനില്‍ അനുവദനീയമായ ഒരേ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആണ് ഇന്‍സ്റ്റഗ്രാം. ഫേയ്‌സ്ബുക്ക്, ട്വിറ്റര്‍, ടെലഗ്രാം തുടങ്ങിയ മാധ്യമങ്ങളെല്ലാം അവിടെ ഔദ്യോഗികമായി നിരോധിച്ചിരിക്കുകയാണ്.