യുട്യൂബ് താരവും വ്യവസായ സംരംഭകയുമായ ജാക്ലിൻ ഹില്ലിനെ തടി കൂടിയതിനെ തുടർന്ന് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും കളിയാക്കി മുന്നോട്ട് വന്നത്. പലതരത്തിലുള്ള മോശം കമന്റുകളാണ് ജാക്ലിന് കേൾക്കേണ്ടി വന്നത്. അവസാനം സോഷ്യൽ മീഡിയയിലെ പലരുടെയും കളിയാക്കലുകൾ സഹിക്കാനാവാതെ ജാക്ലിൻ അക്കൗണ്ട് മുഴുവനും ഡിലീറ്റ് ചെയ്യുകയായിരുന്നു. 

തന്നെ കളിയാക്കിയവരോട് ശരീരഭാരം കൂടിയതിനെ കുറിച്ച് തുറന്ന് പറഞ്ഞാണ് ജാക്ലിൻ മറുപടി നൽകിയത്.'നിങ്ങളുടെ മുഖത്തിന് എന്തുപറ്റിയെന്നു ചോദിച്ചുകൊണ്ട് ഒരാൾ പരിഹാസ കമന്റ് ഇട്ടപ്പോൾ കുറിക്കു കൊള്ളുന്ന, എന്നാൽ സത്യസന്ധമായ മറുപടി കൊണ്ട് വിമർശകരുടെ വായടപ്പിക്കുകയാണ് ജാക്ലിൻ ചെയ്തത്. 

എന്റെ ശരീരഭാരം കൂടി.‌ നിങ്ങൾ ദയവ് ചെയ്ത് ഈ ബോഡിഷെയിമിങ് കുറിച്ച് പറയുന്നത് നിർത്താമോ. അടുത്തിടെയായി സമൂഹമാധ്യമങ്ങൾ നോക്കാൻ തന്നെ എനിക്ക് താൽപര്യമില്ല. എല്ലാവർക്കും പറയാനുള്ളത് ശരീര ഭാരം കൂടിയതിനെ കുറിച്ചാണ്. ഭാരം കൂടുന്നതിന് എന്നെ കുറ്റപ്പെടുത്തുന്ന കമന്റ് ആണ് ഞാൻ കാണുന്നതിലധികവും. ഇതിനെയൊക്കെ അതിജീവിക്കാൻ നല്ല പിന്തുണയും ആത്മവിശ്വാസവും നൽകിയ ദൈവത്തിനു നന്ദി''.- ജാക്ലിൻ കുറിച്ചു. 

ജാക്ലിന് 250,000 ൽ അധികം ഫോളോവേഴ്സാണുള്ളത്. ഇത് ആദ്യമായല്ല ജാക്ലിൻ ബോഡിഷെയിമിങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുന്നത്. തനിക്ക് ഒൻപത് കിലോ കൂടിയെന്നും പെട്ടന്നുണ്ടായ ഈ മാറ്റം തന്നിൽ അരക്ഷിതത്വം സൃഷ്ടിക്കുന്നുവെന്നുമാണ് കഴിഞ്ഞ ആഗസ്റ്റിൽ ഇൻസ്റ്റഗ്രാമിലൂടെ ജാക്ലിൻ തന്റെ ഫോളോവേഴ്സിനോട് പറഞ്ഞത്. 

കഴിഞ്ഞ ഏഴ് ആഴ്ച കൊണ്ട് ശരീരഭാരം ഒൻപത് കിലോയാണ് കൂടിയത്. ഞാൻ നിങ്ങളോട് വളരെ സുതാര്യമായാണ് പെരുമാറുന്നത്. കാരണം എന്റെ ശരീരഭാരത്തെക്കുറിച്ചുള്ള നിരവധി കമന്റുകളാണ് എനിക്ക് ദിവസേനെ വന്ന് കൊണ്ടിരിക്കുന്നത്. എന്റെ ജീവിതത്തിൽ ഇന്നു വരെ ശാരീരിക മാറ്റങ്ങളുടെ പേരിൽ ‍ഞാൻ അരക്ഷിതത്വം അനുഭവിച്ചിട്ടില്ലെന്ന് ജാക്ലിൻ പറഞ്ഞു.