അടുത്ത കാലത്തായി സ്ത്രീകളുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചര്‍ച്ച ചെയ്ത ഒരു വിഷയമാണ് ആര്‍ത്തവം. ആര്‍ത്തവത്തിനെതിരെ ഇന്നും നിലനില്‍ക്കുന്ന അയിത്തം ആണ് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. ഇതിനോട് ചേര്‍ത്തുവായിക്കാവുന്ന ഒരു സംഭവമാണ് ജപ്പാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

സ്ത്രീകളുടെ ലൈംഗികാരോഗ്യവും ആര്‍ത്തവവും ഒക്കെയായിട്ട് ബന്ധപ്പെട്ട് ആവശ്യമായി വരുന്ന ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് വില്‍പന നടത്തുന്ന ഒരു കമ്പനി, തങ്ങളുടെ വനിതാജീവനക്കാരോട് ആര്‍ത്തവസമയത്ത് അതിനെ സൂചിപ്പിക്കുന്ന ബാഡ്ജ് ധരിക്കണമെന്നാവശ്യപ്പെട്ടു. 

ആര്‍ത്തവദിവസങ്ങളില്‍ ജോലിസമയത്ത് അവര്‍ നേരിടുന്ന വൈകാരികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ ഉപകരിക്കുമെന്ന വാദം ഉയര്‍ത്തിക്കൊണ്ടാണ് കമ്പനി ഈ തീരുമാനത്തിലെത്തിയത്. എന്നാല്‍ സംഗതി വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. 

സ്ത്രീവിരുദ്ധമായ തീരുമാനമാണെന്നും ഇത് അംഗീകരിക്കാവുന്നതല്ലെന്നും വാദിച്ചുകൊണ്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി എത്തിയിരിക്കുന്നുവെന്നാണ് 'WWD Japan' എന്ന ജാപ്പനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ സ്ത്രീകളെ അപമാനിക്കാനോ അവര്‍ക്കെതിരെ തൊഴിലിടത്തില്‍ ഒരു നയം രൂപപ്പെടുത്താനോ തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്നാണ് കമ്പനി വിശദീകരിക്കുന്നത്. ഏതായാലും 'ബാഡ്ജ്' ഉപയോഗിക്കാന്‍ വനിതാജീവനക്കാരെ കമ്പനി ഇതുവരെ നിര്‍ബന്ധിച്ചിട്ടില്ലെന്നാണ് അറിവ്.