പരിക്കുകൾ മറികടക്കാൻ ജിമ്മിൽ പോയിത്തുടങ്ങി, ഇന്ന് പവർ ലിഫ്റ്റിങ് ചാമ്പ്യൻ ആണ് ഈ പ്രിൻസിപ്പൽ. ജയശ്രീയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.
ഏഴ് വർഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2018ല്‍ ഉണ്ടായ വാഹനാപകടത്തിന്റെ പരിക്കുകളെ മറികടക്കാൻ വേണ്ടിയാണ് മകന്റെ നിർദേശപ്രകാരം പാലക്കാട് പുതുപ്പരിയാരം സ്വദേശിയും കുമരപുരം ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ ഇൻചാർജുമായ എ. ജയശ്രീ ജിമ്മില്‍ പോയിത്തുടങ്ങിയത്. വാഹനാപകടത്തില്‍ തലയ്ക്കും കാലിനും തോളിനും കയ്യിനുമൊക്കെ പരിക്കുകള്‍ ഉണ്ടായിരുന്നു. ചികിത്സ അവസാനിച്ചെങ്കിലും ടീച്ചര്‍ നടക്കുന്നതിലെ രീതി മാറിയതായി മകനാണ് ആദ്യം ശ്രദ്ധിക്കുന്നത്. അങ്ങനെ മകന്റെ നിർദേശപ്രകാരം ജിമ്മില്‍ പോയിത്തുടങ്ങിയതാണ് ടീച്ചർ. ഭർത്താവ് സി. ഉണ്ണിക്കൃഷ്ണൻ (റിട്ട. വ്യോമസേന) കൂടി കൂടെനിന്നപ്പോൾ 55-ാം വയസ്സിലും ആവേശം ഇരട്ടിയായി.
മകൻ സി. അശ്വിന്റെ സഹപാഠിയായിരുന്ന പി. സി. സത്യനും സഹോദരൻ പി.സി. ശരത്കുമാറും ചേർന്നു നടത്തുന്ന ജിംനേഷ്യത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പുതുപ്പരിയാരം ‘അക്ഷയ’യിൽ ജയശ്രീ ഈ വർഷം മേയ് മുതൽ പോയിത്തുടങ്ങിയത്. ശരീരവേദനകൾ ഭേദപ്പെടുകയും ശരീരഭാരം കുറയ്ക്കുകയുമായിരുന്നു ലക്ഷ്യം. ഇതിനായി സ്‌ക്വാട്ട് , ബെഞ്ച് പ്രസ്, ഡെഡ് ലിഫ്റ്റ് തുടങ്ങിയ വ്യായാമ മുറകള്‍ ചെയ്തിരുന്നത്. കൂടാതെ ഭക്ഷണക്രമവും ശ്രദ്ധിച്ചു. പ്രോട്ടീന്‍ അടങ്ങിയ ചിക്കന്‍, മുട്ട എന്നിവ ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തി. അങ്ങനെ ലക്ഷ്യം ഫലം കണ്ടുത്തുടങ്ങി.
ഇതിനിടയ്ക്കാണ് ജില്ലാ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. പരിശീലകൻ കൂടിയായ സത്യൻ മത്സരത്തിന്റെ കാര്യം പറഞ്ഞെങ്കിലും ജയശ്രീ ആദ്യം കൂട്ടാക്കിയില്ലെങ്കിലും രണ്ടും കൽപ്പിച്ച് സത്യൻ പേരുകൊടുത്തു. ഭര്‍ത്താവും കൂടി ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ടീച്ചറും ഒരുകൈ നോക്കാമെന്ന് സമ്മതിച്ചു. മത്സരത്തിനിറങ്ങിയ ജയശ്രീ ഒന്നാം സമ്മാനം തന്നെ കരസ്ഥമാക്കി.
മാസ്‌റ്റേഴ്‌സ് - 2 ഇനത്തിൽ 69 കിലോഗ്രാം വിഭാഗത്തിലായിരുന്നു മത്സരം. സ്‌ക്വാട്ട് വിഭാഗത്തിൽ 57 കിലോഗ്രാം, ബെഞ്ച് പ്രസിൽ 30 കിലോഗ്രാം, ഡെഡ് ലിഫ്റ്റിൽ 57 കിലോഗ്രാം എന്നിങ്ങനെ ഭാരം ഉയർത്തിയാണ് ജയശ്രീ ഒന്നാമതെത്തിയത്. ദിവസേന വൈകീട്ട് ഏഴ് മണി മുതൽ ഒരു മണിക്കൂറാണ് ഭർത്താവിനൊപ്പം ജയശ്രീ വ്യായാമം ചെയ്യുന്നത്. 21 വർഷമായി രസതന്ത്രം അധ്യാപികയാണ് ജയശ്രീ. സ്കൂളിലെ തിരക്കുകള്‍ക്കിടയിലും ഇനിയും ജിമ്മില്‍ പോകുന്നത് തുടരുമെന്നാണ് ജയശ്രീ പറയുന്നത്.
